ഫുട്ബോൾ ലോകകപ്പിനായുള്ള തെക്കൻ അമേരിക്കൻ യോഗ്യതാ റൗണ്ട് മത്സരങ്ങൾ പൂർത്തിയായി; യോഗ്യത നേടിയത് ആറ് ടീമുകൾ; അർജന്റീന ഒന്നാം സ്ഥാനക്കാർ; തുടർച്ചയായ മൂന്നാം തവണയും യോഗ്യത നേടാനാകാതെ ചിലി; കാനറികള്‍ ഫിനിഷ് ചെയ്തത് അഞ്ചാം സ്ഥാനത്ത്
ഡി ജനീറോ: 2026 ഫിഫ ലോകകപ്പിനായുള്ള തെക്കൻ അമേരിക്കൻ യോഗ്യതാ റൗണ്ട് മത്സരങ്ങൾ പൂർത്തിയായി. 48 ടീമുകൾ മത്സരിക്കുന്ന ഈ ലോകകപ്പിൽ തെക്കൻ അമേരിക്കൻ മേഖലയിൽ നിന്ന് ആറ് ടീമുകൾക്ക് നേരിട്ട് യോഗ്യത നേടാം. അർജന്റീന ഒന്നാം സ്ഥാനക്കാരായി. വെനിസ്വേല, പെറു, ചിലി എന്നീ ടീമുകൾക്ക് യോഗ്യത നേടാനായില്ല. തുടർച്ചയായ മൂന്നാം തവണയാണ് ചിലി യോഗ്യത നേടാനാകാതെ പുറത്താകുന്നത്. ഏഴാം സ്ഥാനത്തുള്ള ബൊളീവിയ ഇന്റർ-കോൺഫെഡറേഷൻ പ്ലേ-ഓഫിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.
രണ്ട് വർഷത്തോളം നീണ്ടുനിന്ന 18 മത്സരങ്ങളുള്ള യോഗ്യതാ റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ നിലവിലെ ലോക ചാമ്പ്യൻമാരും ഫിഫ റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരുമായ അർജന്റീന 12 വിജയങ്ങളോടെ 38 പോയിന്റ് നേടി ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ടീം അംഗത്തിന്റെ ജനന രേഖയിലെ ക്രമക്കേടിനെ തുടർന്ന് മൂന്ന് പോയിന്റ് കുറച്ചിട്ടും 29 പോയിന്റോടെ എട്ട് വിജയങ്ങളും എട്ട് സമനിലകളും നേടിയ എക്വഡോർ രണ്ടാം സ്ഥാനക്കാരായി. 28 പോയിന്റോടെ കൊളംബിയ മൂന്നാം സ്ഥാനത്തും, ഇതേ പോയിന്റുള്ള ഉറുഗ്വായ് നാലാം സ്ഥാനത്തും ഫിനിഷ് ചെയ്തു.
അർജന്റീന, എക്വഡോർ, കൊളംബിയ, ഉറുഗ്വായ് എന്നിവർക്ക് പുറമെ അഞ്ചാം സ്ഥാനത്തുള്ള ബ്രസീലും ആറാം സ്ഥാനത്തുള്ള പരാഗ്വേയും ലോകകപ്പിന് യോഗ്യത നേടി. 2010 ലോകകപ്പ് ക്വാർട്ടറിൽ എത്തിയ പരാഗ്വേക്ക് ഇത് മൂന്നാം ലോകകപ്പ് പ്രവേശനമാണ്. അതേസമയം, പത്ത് ടീമുകൾ മത്സരിച്ച റൗണ്ടിൽ തുടർച്ചയായി മൂന്നാം ലോകകപ്പ് യോഗ്യത നേടാനാവാതെ ചിലി നിരാശപ്പെടുത്തി. 18 മത്സരങ്ങളിൽ രണ്ട് വിജയങ്ങൾ മാത്രമാണ് ചിലിക്ക് നേടാനായത്. തെക്കൻ അമേരിക്കൻ മേഖലയിൽ നിന്ന് ആറ് ടീമുകൾക്ക് നേരിട്ട് യോഗ്യത നേടാമെന്നത് ടീമുകൾക്ക് വലിയ ആശ്വാസമായിട്ടുണ്ട്.