ഫുട്ബോൾ ലോകകപ്പിൽ നിന്നും ഇറാൻ പിന്മാറുന്നു; അമേരിക്കയിൽ പന്തുരുളാൻ മാസങ്ങൾ ബാക്കിനിൽക്കെ അനിശ്ചിതത്വം; പകരക്കാരായി എത്തുന്നത് ആ രാജ്യം

Update: 2026-03-01 11:05 GMT

ടെഹ്റാൻ: ലോകം കാത്തിരിക്കുന്ന ഫുട്ബോൾ മാമാങ്കത്തിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ കായികലോകത്തെ ഞെട്ടിച്ച് ഇറാന്റെ പിന്മാറ്റ സൂചന. അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനുനേരെ സൈനിക നീക്കം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് ലോകകപ്പിൽ നിന്ന് വിട്ടുനിൽക്കാൻ ഇറാൻ ഫുട്ബോൾ ഫെഡറേഷൻ ആലോചിക്കുന്നത്. ഇറാൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് മെഹ്ദി താജ് തന്നെയാണ് രാജ്യം ടൂർണമെന്റിൽ നിന്ന് പിന്മാറിയേക്കുമെന്ന സൂചന നൽകിയത്.

അമേരിക്കയുടെ ആക്രമണത്തെത്തുടർന്ന് രാജ്യത്തെ ആഭ്യന്തര ലീഗുകൾ ഇതിനകം നിർത്തിവെച്ചിരിക്കുകയാണ്. "രാജ്യം നേരിടുന്ന നിലവിലെ സാഹചര്യത്തിൽ ലോകകപ്പിനെക്കുറിച്ച് ചിന്തിക്കുക അസാധ്യമാണ്. കായിക മേധാവികളാണ് അന്തിമ തീരുമാനമെടുക്കേണ്ടതെങ്കിലും പിന്മാറ്റമല്ലാതെ മറ്റു വഴികളില്ല," മെഹ്ദി താജ് ഇറാനിയൻ ടെലിവിഷനോട് പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ യാത്രാവിലക്ക് നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇറാൻ ഉൾപ്പെട്ടതും വിസാ പ്രശ്നങ്ങളും നേരത്തെ തന്നെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

ജൂണിൽ അമേരിക്കയിൽ നടക്കേണ്ട ഇറാന്റെ മത്സരങ്ങളാണ് ഇതോടെ അനിശ്ചിതത്വത്തിലായത്. ഗ്രൂപ്പ് ജി-യിൽ ന്യൂസിലൻഡ്, ബെൽജിയം, ഈജിപ്ത് എന്നിവർക്കെതിരെ ലോസ് ഏഞ്ചൽസിലും സിയാറ്റിലിലുമായിരുന്നു ഇറാന്റെ മത്സരങ്ങൾ നിശ്ചയിച്ചിരുന്നത്. ജൂൺ 15-ന് ന്യൂസിലൻഡുമായായിരുന്നു ആദ്യ പോരാട്ടം.

ഫിഫ നിയമപ്രകാരം ഒരു രാജ്യം പിന്മാറിയാൽ പകരം ആ കോൺഫെഡറേഷനിലെ ഏറ്റവും ഉയർന്ന റാങ്കുള്ള, യോഗ്യത നേടാത്ത ടീമിന് അവസരം നൽകാം. അങ്ങനെ വന്നാൽ ഇറാന് പകരം യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) ലോകകപ്പിലേക്ക് എത്തിയേക്കും. നിലവിൽ ഇറാഖിനോട് പരാജയപ്പെട്ട് പുറത്തായ യുഎഇക്ക് ഇത് അപ്രതീക്ഷിത ലോട്ടറിയാകും. മറ്റൊരു സാധ്യത പ്രകാരം ഇറാഖിനെ ഇറാന്റെ സ്ഥാനത്തേക്ക് മാറ്റുകയും പ്ലേ-ഓഫിലൂടെ യുഎഇക്ക് വഴിതുറക്കുകയും ചെയ്യുക എന്നതാണ്.

Tags:    

Similar News