തിരുവാഭരണ പാത സംരക്ഷണ സമിതി' എന്ന പേരില്‍ രണ്ടുസംഘടനകള്‍; 'പോറ്റിയെ കേറ്റിയെ' പാരഡി ഗാന വിവാദത്തില്‍ പരാതിക്കാരന്റെ സംഘടനയെ കുറിച്ച് അന്വേഷണം; പാരഡി പാടിയവര്‍ക്ക് പിന്നാലെ സൈബര്‍ പോലീസ്; മുഖ്യമന്ത്രിയുടെ എഐ വീഡിയോകള്‍ അപ്രത്യക്ഷമായി

'പോറ്റിയെ കേറ്റിയെ' പാരഡി ഗാന വിവാദത്തില്‍ പരാതിക്കാരന്റെ സംഘടനയെ കുറിച്ച് അന്വേഷണം

Update: 2025-12-18 10:47 GMT

പത്തനംതിട്ട: പോറ്റിയെ കേറ്റിയെ 'പാരഡി ഗാന'ത്തെച്ചൊല്ലി ഉടലെടുത്ത വിവാദം പുതിയ തലങ്ങളിലേക്ക് നീങ്ങുന്നു. ഗാനത്തിനെതിരെ പരാതി നല്‍കിയ വ്യക്തിയുടെ സംഘടനയുടെ നിയമസാധുത പരിശോധിക്കാനും ഗാനത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ അന്വേഷണം ഊര്‍ജിതമാക്കാനും അധികൃതര്‍ തീരുമാനിച്ചു.

പാരഡി ഗാനത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയ പ്രസാദ് കുഴിക്കാല സെക്രട്ടറിയായ 'തിരുവാഭരണ പാത സംരക്ഷണ സമിതി' എന്ന സംഘടനയെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഇതേ പേരില്‍ മറ്റൊരു സംഘടന കൂടി രംഗത്തുവന്നതോടെയാണ് അന്വേഷണത്തിന് വഴിയൊരുങ്ങിയത്. അഭിഭാഷകനായ കുളത്തൂര്‍ ജയ്‌സിംഗ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി, തുടര്‍നടപടികള്‍ക്കായി രജിസ്‌ട്രേഷന്‍ വകുപ്പ് ഐജിക്ക് കൈമാറി.

തിരുവനന്തപുരം സൈബര്‍ പോലീസാണ് വിവാദ ഗാനവുമായി ബന്ധപ്പെട്ട് കേസെടുത്തിരിക്കുന്നത്. ഗാനരചയിതാവ് കുഞ്ഞബ്ദുള്ള, ഗായകന്‍ ഡാനിഷ്, നിര്‍മ്മാതാവ് സുബൈര്‍ പന്തല്ലൂര്‍, സിഎംഎസ് മീഡിയ എന്നിവരാണ് പ്രതികള്‍. മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചു, മതവിശ്വാസം വ്രണപ്പെടുത്തി, ശരണമന്ത്രത്തെ അപമാനിച്ചു തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

പ്രതികള്‍ക്ക് നോട്ടീസ് നല്‍കി വിളിച്ചുവരുത്താനാണ് പോലീസിന്റെ തീരുമാനം. ഉടന്‍ തന്നെ അറസ്റ്റ് പോലുള്ള കടുത്ത നടപടികള്‍ ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ നിന്ന് ഈ ഗാനം നീക്കം ചെയ്യാനുള്ള നടപടികളും ആരംഭിച്ചു.

വിഷയം രാഷ്ട്രീയമായി വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. വിവാദ ഗാനം പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കാണിച്ച് സിപിഎം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഈ വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യും.

പോറ്റിയെ കേറ്റിയേ പാട്ടിന്റെ ദൃശ്യങ്ങള്‍ പിന്‍ലിക്കുന്നു

മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചുള്ള എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പാട്ടിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പിന്‍വലിക്കപ്പെടുകയാണ്.ഗാനരചയിതാവ് ജി.പി. കുഞ്ഞബ്ദുള്ള, ഗായകന്‍ ഡാനിഷ് മലപ്പുറം, നിര്‍മ്മാതാവ് സുബൈര്‍ പന്തല്ലൂര്‍, ഇവരുടെ സ്ഥാപനമായ സി.എം.എസ് മീഡിയ എന്നിവര്‍ക്കെതിരെയാണ് തിരുവനന്തപുരം സൈബര്‍ പോലീസ് കേസെടുത്തത്.

ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 299 (മതവികാരങ്ങളെ ബോധപൂര്‍വ്വം പ്രകോപിപ്പിക്കുക), 353 (പൊതുജനമധ്യേ വിദ്വേഷമുണ്ടാക്കുന്ന പ്രസ്താവനകള്‍ നടത്തുക) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഇതില്‍ മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്നതാണ്. പാട്ടിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് പുറമെ, ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചവരുടെ വിവരങ്ങളും പോലീസ് ശേഖരിച്ചുവരികയാണ്.

പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ നിന്ന് ഈ പാരഡി ഗാനത്തിന്റെ വീഡിയോകള്‍ കൂട്ടത്തോടെ പിന്‍വലിക്കപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ഉപയോഗിച്ച് നിര്‍മ്മിച്ച എഐ (AI) വീഡിയോകളും ഇപ്പോള്‍ സൈബര്‍ ഇടങ്ങളില്‍ നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്. വിവരങ്ങള്‍ പങ്കുവെക്കാന്‍ പോലീസ് 'മെറ്റ' ഉള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകളോട് ആവശ്യപ്പെട്ടതായാണ് വിവരം.

ശരണമന്ത്രത്തെയും അയ്യപ്പ ഭക്തിഗാനത്തെയും രാഷ്ട്രീയ ലാഭത്തിനായി വികലമാക്കി ഉപയോഗിച്ചെന്ന് ആരോപിച്ച് 'തിരുവാഭരണ പാത സംരക്ഷണ സമിതി' ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പരാതി നല്‍കിയത്. പാട്ട് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് സിപിഎം വാദിക്കുമ്പോള്‍, സമാനമായ പാരഡി ഗാനങ്ങള്‍ മുന്‍പ് ഭരണപക്ഷവും ഉപയോഗിച്ചിട്ടുണ്ടെന്നും ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നുമാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം.

Tags:    

Similar News