തിരുപ്പിറവിയുടെ ഈരടികള്‍ മുഴങ്ങി; ക്രിസ്തുമസ് രാവ് ഇങ്ങെത്തി; ക്രിസ്തുമസ് ആഘോഷങ്ങള്‍ തുടക്കമായതോടെ വിപണികളും ഉത്സവ സജ്ജം: നൂതന രൂപകല്‍പനകളോടുള്ള എല്‍.ഇ.ഡി നക്ഷത്രങ്ങള്‍ മുതല്‍ വ്യത്യസ്ത കേക്കുളും അലങ്കാര ബലൂണുകളും; ക്രിസ്തുമസ് ആഘോഷമാക്കാന്‍ നാടെങ്ങും ഒരുങ്ങി
തൊടുപുഴ: ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് എല്ലായിടത്തും തുടക്കം കുറിച്ചിരിക്കുകയാണ്. വീടുകളില്‍ നക്ഷത്രങ്ങള്‍ തൂക്കിയും, പുല്‍ക്കൂടും, ക്രിസ്തുമസ് ട്രീ വച്ചും ആഘോഷത്തിന്റെ നിറപ്പകിട്ട് ഏറ്റെടുത്തിരിക്കുകയാണ് ലോകം. കേരളത്തിലും തിരുപ്പിറവിയുടെ ഈരടികള്‍ മുഴങ്ങിയിരിക്കുകയാണ്. ക്രിസ്തുമസ് ആഘോഷങ്ങള്‍ തുടക്കമായതോടെ വിപണികളും ഉത്സവ സജ്ജമായിരിക്കുകയാണ്. ഇത്തവണ നൂതന രൂപകല്‍പനകളോടുള്ള എല്‍.ഇ.ഡി നക്ഷത്രങ്ങള്‍ ആണ് വിപണിയിലെ പ്രധാന ആകര്‍ഷണം. ഖാദി, വെല്‍വറ്റ് തുടങ്ങിയ തുണിത്തരങ്ങളിലെ നക്ഷത്രങ്ങള്‍ മുതല്‍ റെഡിമെയ്ഡ് പുല്‍ക്കൂടുകളും, അലങ്കാര ബലൂണുകളും, വര്‍ണക്കടലാസുകളും വിപണി നിറക്കുന്നു. എല്ലാം കൂടി ഇത്തവണയും ക്രിസ്തുമസ് വിപണി ഉത്സവത്തിന്റെ ഒരുകവിതയായി മാറിയിരിക്കുകയാണ്.
നക്ഷത്രങ്ങള്‍
ക്രിസ്തുമസ് എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവരുടെയും മനസ്സിലേക്ക് ആദ്യം എത്തുന്നത് നക്ഷത്രങ്ങളാണ്. പണ്ട് കാലത്ത് കടലാസ് കൊണ്ട് ഉണ്ടാക്കിയ നക്ഷത്രങ്ങളായിരുന്നു കൂടുതല്‍ എങ്കില്‍, പിന്നീട് കാലം കടന്ന് പോകുമ്പോള്‍ വിവിധ വ്യത്യസ്ഥമായ നക്ഷത്രങ്ങള്‍ ഇപ്പോള്‍ വിപണിയില്‍ സജീവമാണ്. അതില്‍ ഈ വര്‍ഷത്തെ പ്രധാനപ്പെ ഒന്നാണ് എല്‍ ഇ ഡി ലൈറ്റുകള്‍ കൊണ്ടുള്ള നക്ഷത്രങ്ങള്‍. ഈ നക്ഷത്രങ്ങള്‍ക്കും വിപണിയില്‍ വന്‍ ഡിമാന്‍ഡാണ്. 200 രൂപ മുതല്‍ 500 രൂപ വരെയുള്ളവയ്ക്കാണ് ആവശ്യക്കാരേറെ. 200 രൂപ മുതല്‍ 1000 രൂപവരെയുള്ള എല്‍.ഇ.ഡി നക്ഷത്രങ്ങളുമുണ്ട്. കടലാസ് നക്ഷത്രങ്ങള്‍ക്ക് 10 മുതല്‍ 280 രൂപ വരെയാണ് വില. ചൈനീസ് നിര്‍മ്മിത നക്ഷത്രങ്ങളും വിപണിയിലുണ്ടെങ്കിലും വെളിച്ചം കൂടുതലുള്ള നക്ഷത്രങ്ങള്‍ക്കാണ് ഡിമാന്‍ഡ്.
ക്രിസ്തുമസ് ട്രീ റെഡി
നക്ഷത്രങ്ങള്‍ക്കൊപ്പം ക്രിസ്തുമസ് ട്രീ, സാന്താക്ലോസിന്റെ മുഖംമൂടി, ട്രീയിലെ അലങ്കാരം, പുല്‍ക്കൂട്, പുല്‍ക്കൂട് സെറ്റ്, വേഷവിധാനങ്ങള്‍, എല്‍.ഇ.ഡി ലൈറ്റ് പിടിപ്പിച്ച ക്രിസ്മസ് തൊപ്പി എന്നിവയും വിപണിയിലുണ്ട്. ഇവയില്‍ കൂടുതലും ചൈനീസ് ഉത്പന്നങ്ങളാണുള്ളത്. ഒരടി മുതല്‍ 10 അടി വരെ നീളമുള്ള ക്രിസ്മസ് ട്രീ വരെ വിപണിയില്‍ ലഭ്യമാണ്.
കേക്കില്ലാതെ എന്ത് ക്രിസ്തുമസ്
ക്രിസ്തുമസിന് ദിവസങ്ങള്‍ മുന്നേ വിവിധയിനം കേക്കുകള്‍ ഇത്തവണ ബേക്കറികളുടെ അകത്തളങ്ങളില്‍ ഇടം നേടി. വിവിധ പ്രദേശങ്ങളിലെ ബേക്കറികളില്‍ കേക്കുകളുടെ വന്‍ ശേഖരം ഒരുക്കിട്ടുണ്ട്. വിപണിയില്‍ അമ്പതോളം ഇനം കേക്കുകള്‍ ലഭ്യമാണ്. പ്ലം കേക്കുകള്‍ക്കാണ് ആവശ്യക്കരേറെയും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി 20 രൂപ മുതല്‍ 50 രൂപ വരെ വിലവര്‍ദ്ധിച്ചിട്ടുണ്ട്. ക്രിസ്തുമസും പുതുവത്സരവും അടുക്കുന്നതോടെ വിപണി ഉഷാറാകുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍.