യേശുക്രിസ്തു ജനിച്ചത് ബേത്ലഹേമില്‍ അല്ലേ? 175 കിലോമീറ്റര്‍ അകലെ നസ്രത്തിലെ ഒരു ചെറിയ ഗ്രാമത്തിലാണോ? ക്രിസ്ത്മസിന് തൊട്ടു മുന്‍പ് യേശുവിന്റെ ജന്മസ്ഥലത്തെ കുറിച്ചുള്ള തര്‍ക്കം മുറുകുമ്പോള്‍

Update: 2024-12-23 02:44 GMT



ധനുമാസത്തിലെ കുളിരുന്ന നാളുകള്‍ എത്തിയതോടെ ക്രിസ്ത്മസ് ലഹരി ലോകമെങ്ങും പടര്‍ന്നു കഴിഞ്ഞു. മര്‍ത്ത്യരുടെ പാപങ്ങള്‍ ഏറ്റെടുത്ത് മരക്കുരിശ്ശേറിയ ദൈവപുത്രന്റെ ജന്മദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയാണ് ജാതി മത വംശ ഭേദമന്യേ മാലോകര്‍. പ്രത്യാശയുടെ നക്ഷത്ര വിളക്കുകള്‍ കണ്ണു ചിമ്മുമ്പോള്‍ തന്നെ ഒട്ടേറെ തര്‍ക്കങ്ങളും ഉടലെടുക്കുകയാണ് ക്രിസ്ത്മസിനെ കുറിച്ചും യേശുക്രിസ്തുവിന്റെ ജന്മസ്ഥലത്തെ കുറിച്ചും.

ബേത്ലഹേമിലെ പുല്‍ത്തൊഴുത്തിനെ വാഴ്ത്തി പാടുകയാണെങ്കില്‍ നിങ്ങള്‍ക്ക് തെറ്റുപറ്റി എന്നാണ് ചില ചരിത്രകാരന്മാര്‍ പറയുന്നത്. യേശുക്രിസ്തു, ക്രിസ്ത്മസ് ദിനത്തില്‍ ബേത്ലഹേമിലെ പുല്‍ത്തൊഴുത്തില്‍ ജനിച്ചു എന്ന് പറയുന്നത് ചരിത്ര യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നില്ല എന്നാണ് ഇവര്‍ പറയുന്നത്. വാസ്തവത്തില്‍ യേശുക്രിസ്തു ജനിച്ചത് ബേത്ലഹേമിലാണെന്നത് ചരിത്രകാരന്മാരും പുരാവസ്തു ഗവേഷകരും പാടെ നിഷേധിക്കുന്ന ഒന്നാണ്.

യേശുക്രിസ്തു ഒരു ചരിത്ര പുരുഷനാണെന്നത് ആരും നിഷേധിക്കുന്നില്ലെങ്കിലും, സുവിശേഷങ്ങളിലും മറ്റും പ്രതിപാദിക്കുന്ന കഥകളില്‍ ചരിത്രപരമായ വൈരുദ്ധ്യങ്ങള്‍ ഉണ്ട് എന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. യേശുക്രിസ്തുവിന്റെ കഥ പഴയ ഒരു യഹൂദ പ്രവചനവുമായി കൂട്ടിക്കെട്ടാന്‍ ക്രിസ്ത്യാനികള്‍ തീരുമാനിച്ചതിന്റെ ഫലമാണ് ബേത്ലഹേമും, ആട്ടിടയന്മാരും, പണ്ഡിതന്മാരും ഒക്കെ എന്നാണവര്‍ പറയുന്നത്.

യഥാര്‍ത്ഥത്തില്‍ യേശുക്രിസ്തു ജനിച്ചിട്ടുണ്ടാവുക, ബേത്ലഹേമില്‍ നിന്നും 175 കിലോമീറ്റര്‍ ദൂരെയുള്ള നസറേത്ത് എന്ന ചെറു പട്ടണത്തിലാകാം എന്നാണ് അവര്‍ പറയൂന്നത്. മേരിയുടെയും, ഡേവിഡിന്റെയും ജന്മനാട്ടില്‍ നിന്നും 7 കിലോമീറ്റര്‍ ദൂരെയുള്ള മറ്റൊരു ബേത്ലഹേമിലാകാം യേശുക്രിസ്തു ജനിച്ചത് എന്ന് കരുതുന്ന പുരാവസ്തു ഗവേഷകരും ഉണ്ട്.

പരമ്പരാഗതമായി കൈമാറി വരുന്ന കഥകള്‍ അനൂസരിച്ച്, ജെറുസലേമില്‍ നിന്നും ആറ് മൈല്‍ തെക്ക് മാറി, ഇപ്പോള്‍ പാലസ്തീന്‍ വെസ്റ്റ് ബാങ്കിലുള്ള ബേത്ലഹേമിലാണ് യേശു ക്രിസ്തു ജനിച്ചത്. ഇത് ക്രിസ്തുമത വിശ്വാസികള്‍ക്ക് ഒരു തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ്. ബൈബിള്‍ അല്ലാതെ ഇതിന് പക്ഷെ മറ്റ് തെളിവുകള്‍ ഒന്നും ഇല്ലെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. എന്നാല്‍, അവിടെ നടത്തിയ പുരാവസ്തു പര്യവേഷണങ്ങളില്‍, യേശുവിന്റെ കാലത്തും ഇവിടെ ഇങ്ങനെയൊരു പട്ടണം നിലവില്‍ ഉണ്ടായിരുന്നു എന്ന് തെളിഞ്ഞിട്ടുണ്ട്. ആ കാലഘട്ടത്തിലെ മണ്‍പാത്രാവശിഷ്ടങ്ങള്‍ ഉള്‍പ്പടെ പലതും അവിടെ നിന്നും കണ്ടുകിട്ടിയിട്ടുണ്ട്.

എന്നാല്‍, പല ബൈബിള്‍ സ്രോതസ്സുകളിലും യേശുവിന്റെ ജന്മസ്ഥലം ബേത്ലഹേം ആണെന്ന് പ്രതിപാദിച്ചിട്ടില്ല എന്നതാണ് ഇതിനെ ഒരു തര്‍ക്ക വിഷയമാക്കുന്നത്. ആദ്യത്തെ സുവിശേഷമായ മാര്‍ക്കിന്റെ സുവിശേഷത്തില്‍ യേശുവിന്റെ ജനനത്തെ കുറിച്ച് ഒന്നും പ്രതിപാദിക്കുന്നില്ല എന്ന് യൂണിവേഴ്സിറ്റി ഓഫ് എഡിന്‍ബര്‍ഗിലെ ക്രിസ്ത്യന്‍ ചരിത്രവിഭാഗം അധ്യാപികയായ പ്രൊഫസര്‍ ഹെലെന്‍ ബോണ്ട് പറയുന്നു. അതുപോലെ, യേശുവിന്റെ സഹോദരന്മാരുമായി പരിചയമുണ്ടായിരുന്ന അപ്പോസ്തല്‍ പോളിന്റെ സുവിശേഷത്തിലും ബേത്ലഹേമിനെ കുറിച്ച് പരാമര്‍ശമില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

മാത്യുവിന്റെ സുവിശേഷത്തില്‍ പറയുന്നത്, യേശുവിന്റെ കുടുംബം ബേത്ലഹേമില്‍ ജീവിച്ചിരുന്നു എന്നാണെന്നും ഹെരോദിന്റെ ശിശുവേട്ടയില്‍ നിന്നും രക്ഷപ്പെടാന്‍ അവിടം വിട്ടു എന്നുമാണെന്നും അവര്‍ പറയുന്നു. ഇന്ന് ക്രിസ്ത്മസിന് ആധാരമായ ഐതിഹ്യം നല്‍കുന്നത് ലൂക്ക് ആണ്. റോമാ സാമ്രാജ്യം നടത്തുന്ന ഒരു സെന്‍സസില്‍ പേര്‍ നല്‍കുന്നതിനാണ് നസറേത്തില്‍ നിന്നും ബേത്ലഹേമിലേ കുടുംബ വീട്ടിലേക്ക് പോകാന്‍ മേരിയും ജോസഫും നിര്‍ബന്ധിനിര്‍ബന്ധിതരായി എന്നാണ്.അതില്‍ പറയുന്നത്.

എന്നാല്‍, അത്തരത്തില്‍ ഒരു സെന്‍സസ് നടത്തിയതിന് ചരിത്രപരമായ തെളിവുകള്‍ ഒന്നുമില്ലെന്ന് പ്രൊഫസര്‍ ബോണ്ട് പറയുന്നു. മാത്രമല്ല, പുരാതന കാലത്തെ റോമാ സാമ്രാജ്യ സെന്‍സസില്‍ ആളുകള്‍ക്ക് അടുത്തുള്ള സെന്‍സസ് കേന്ദ്രത്തില്‍ പോയി പേര് നല്‍കാമായിരുന്നു എന്നും അതിനായി കുടുംബ വീട്ടിലേക്ക് പോകേണ്ടതായി ഇല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. അതുകൊണ്ടു തന്നെ ഈ കഥയ്ക്ക് വിശ്വസ്യത വേണ്ടത്രയില്ലെന്നും അവര്‍ പറഞ്ഞു. ചരിത്രത്തില്‍, റോമാ സാമ്രാജ്യത്തിന്റെ സിറിയന്‍ സാമന്തര്‍ നടത്തിയ ഒരു സെന്‍സസിനെ കുറിച്ച് പരാമര്‍ശമുണ്ട്. പക്ഷെ അത് നടന്നത് ക്രിസ്തു ജനിച്ച് പത്ത് വര്‍ഷത്തിന്‍- ശേഷമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ഒരു പുരാതന യഹൂദ പ്രവചനത്തില്‍ ദാവൂദ് രാജാവിന്റെ നഗരം എന്നറിയപ്പെടുന്ന ബേത്ലഹേമില്‍ മിശിഹ ജന്മം കൊള്ളുമെന്ന് പറയുന്നുണ്ട്. പഴയ നിയമത്തില്‍ പ്രവാചകനായ മൈകയാണ് ഇത്തരത്തിലൊരു പ്രവചനം നടത്തിയിരിക്കുന്നത്. യേശുക്രിസ്തു, യഹൂദരുടെ മിശിഹ ആകണമെങ്കില്‍, ഈ പ്രവചനം അനുസരിച്ച് യഹൂദിയായിലെ ബേത്ലഹേമില്‍ ജനിച്ചിരിക്കണം. ഇതാകാം, പിന്നീടുള്ള സുവിശേഷകര്‍ ബേത്ലഹേമിലാണ് യേശുക്രിസ്തു ജനിച്ചത് എന്ന് പറയാന്‍ ഉണ്ടായ കാരണമെന്നും പ്രൊഫസര്‍ ബോണ്ട് പറയുന്നു.

ഇസ്രയേലി പുരാവസ്തു വകുപ്പിലെ പുരാവസ്തു ഗവേഷകനായ അവിരാം ഓശ്രിയുടെ അഭിപ്രായ പ്രകാരം, യഹൂദിയായിലെ ബേത്ലഹേമില്‍ നിന്നും 100 കി മീ ദൂരെയുള്ള ഗലീലിയായിലെ ബേത്ലഹേം എന്ന മറ്റൊരു ഗ്രാമത്തില്‍ ആയിരിക്കണം യേശുക്രിസ്തു ജനിച്ചത്. ഇവിടെ വര്‍ഷങ്ങള്‍ നീണ്ട പര്യവേഷണത്തിന് ശേഷം ഓശ്രീ ഇപ്പോള്‍ ഉറപ്പിച്ചു പറയുന്നു നസ്രേത്ത് പട്ടണത്തിന് സമീപമുള്ള ഈ ചെറു ഗ്രാമത്തിലാണ് യേശു ജനിച്ചതെന്ന്. ഇതിനുള്ള ഏറ്റവും വലിയ തെളിവായി ഓശ്രി ചൂണ്ടിക്കാട്ടുന്നത്, യഹൂദിയായിലെ ബേത്ലഹേമില്‍ നിന്നും പൂര്‍ണ്ണ ഗര്‍ഭിണിയായ മേരി ഒരു കാരണവശാലും മൈലുകള്‍ക്കപ്പുറമുള്ള നസ്രേത്തിലെ അവരുടെ കുടുംബ വീട്ടിലേക്ക് സഞ്ചരിക്കില്ല എന്ന വസ്തുതയാണ്.

ഗലീലിയായിലെ നസ്രേത്ത് എന്ന കൊച്ചു ഗ്രാമത്തിലാണ് ജോസഫും മേരിയും താമസിച്ചിരുന്നത് എന്ന് സുവിശേഷങ്ങളില്‍ നിന്നും മനസ്സിലാക്കാം. മാത്രമല്ല, നസ്രായേനായ യേശു എന്നാണ് ക്രിസ്തു അറിയപ്പെടുന്നതും. മാത്രമല്ല, ആദ്യകാല ബിബ്ലിക്കല്‍ സ്രോതസ്സുകളില്‍ ഒന്നും തന്നെ ബേത്ലഹേമിനെ കുറിച്ച് പരാമര്‍ശവുമില്ല. അതുകൊണ്ടു തന്നെ യേശുക്രിസ്തു ജനിച്ചത് ബേത്ലഹേമിലാണെന്നത് വിശ്വാസയോഗ്യമല്ലെന്ന് പ്രൊഫസര്‍ ബോണ്ട് പറയുന്നു. ഡേവിഡിന്റെ പാരമ്പര്യം ചാര്‍ത്തിക്കൊടുക്കുവാനായി പിന്നീട് കൂട്ടിച്ചേര്‍ത്തതായിരിക്കാം ബേത്ലഹേമിലെ ജനന കഥയെന്നും അവര്‍ പറയുന്നു.

Similar News