ഉള്‍ഭാഗം പഞ്ഞിപോലെ; കേക്ക് ഉണ്ടാക്കുന്നത ദിവസങ്ങള്‍ നീണ്ട് നില്‍ക്കുന്ന വിവിധ തരം പ്രക്രിയയിലൂടെ; ഓറഞ്ച്, സിട്രോണ്‍, നാരക തൊലി ചോക്ലേറ്റ് എന്നിവ പ്രധാന ചേരുവകള്‍; ചൂടുള്ള മധുര പാനീയങ്ങള്‍ക്കൊപ്പമോ വീഞ്ഞിനൊപ്പമോ വിളമ്പാം; ഇറ്റലിക്കാരുടെ സ്വന്തം പാനിറ്റോണി

Update: 2024-12-16 08:11 GMT

ക്രിസ്മസ് കാലം കടന്നുവരുമ്പോഴേ മധുരമുള്ള വിവിധ തരം കേക്ക് ഓര്‍മകളില്‍ നിറയാന്‍ തുടങ്ങും. കേക്ക് മാത്രമല്ല പല തരം രുചികളുടെ കാലം കൂടിയാണ് ലോകത്തെങ്ങും ക്രിസ്മസ് എന്നത്. പ്ലം കേക്ക്, മാര്‍ബിള്‍ കേക്ക്, എഗ്ഗ് നോഗ്, ജിഞ്ചര്‍ ബ്രഡ്, പുഡ്ഡിംഗ്, ടര്‍ക്കി അങ്ങനെ നീണ്ട ഒരു നിര തന്നെയാണ് ലോകത്തിലെ ക്രസ്മസ് വിഭവങ്ങള്‍. അങ്ങനെ ഒരു വിഭവമാണ് പാനിറ്റോണി. ഇറ്റലിയിലെ പ്രധാനപ്പെട്ട ക്രിസ്മസ് വിഭവത്തില്‍ പെടുന്ന ഒന്ന്. ഈ ബ്രഡ് ഉണ്ടാക്കുന്നത് പ്രത്യേക രീതിയിലാണ്.

ഈസ്റ്റ് കേക്കില്‍ പെടുന്ന ഈ കേക്ക് ഇറ്റലിയിലെ മിലനില്‍ നിന്നും എത്തിയതെന്നാണ് കരുതപ്പെടുന്നത്. യൂറോപ്പ്, എറിത്രിയ, ഓസ്ട്രേലിയ, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, കാനഡ എന്നിവിടങ്ങളില്‍ ക്രിസ്മസിനും പുതുവര്‍ഷത്തിനുമെല്ലാം ഈ കേക്ക് ധാരാളമായി ഉണ്ടാക്കാറുണ്ട്. കൂടാതെ, തെക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ ഇവയുടെ അനേക ഇനം വെറൈറ്റികള്‍ ഉണ്ടാക്കി വില്‍ക്കുന്നു.

സിലിണ്ടര്‍ രീതിയില്‍ വളരെ സമയമെടുത്ത് ഉണ്ടാക്കുന്ന കേക്കാണ് പാനിറ്റോണി. ഈ ബ്രഡിന്റെ ഉള്‍ഭാഗം പഞ്ഞിപോലെയാണ് ഇരിക്കുന്നത്. ഇതിന് മാവ് പ്രൂഫിംഗ് എന്ന പ്രക്രിയയിലൂടെ കടന്നു പോകണം. ഈ ഒരു പ്രക്രിയ്ക്ക് തന്നെ നിരവധി ദിവസങ്ങള്‍ എടുക്കും. ഓറഞ്ച്, സിട്രോണ്‍ , നാരക തൊലി എന്നിവയും ഉണക്കമുന്തിരിയും ചിലപ്പോള്‍ ചോക്ലേറ്റും ചേര്‍ക്കുന്നു. വെഡ്ജ് ആകൃതിയില്‍, ലംബമായി മുറിച്ച്, ചൂടുള്ള മധുര പാനീയങ്ങള്‍ക്കൊപ്പമോ, അസ്തി അല്ലെങ്കില്‍ മോസ്‌കാറ്റോ ഡി അസ്തി പോലുള്ള മധുരമുള്ള വീഞ്ഞിനൊപ്പമോ ഇത് വിളമ്പുന്നു.

ഇറ്റലിയിലെ ചില പ്രദേശങ്ങളില്‍, മുട്ട, മാസ്‌കാര്‍പോണ്‍ ചീസ്, മധുരമുള്ള മദ്യം എന്നിവ ചേര്‍ത്ത് ഉണ്ടാക്കുന്ന ക്രീം അല്‍ മാസ്‌കാര്‍പോണ്‍ ചേര്‍ത്താണ് ഇത് വിളമ്പുന്നത്. ചാള്‍സ് അഞ്ചാമന്റെ കാലത്ത് പോപ്പുകളുടെയും ചക്രവര്‍ത്തിമാരുടെയും സ്വകാര്യ ഷെഫ് ആയിരുന്ന ബാര്‍ട്ടലോമിയോ സ്‌കാപ്പിയുടെ പുസ്തകത്തില്‍ പാനിറ്റോണിയുടെ പാചകക്കുറിപ്പിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ക്രിസ്മസുമായുള്ള പാനിറ്റോണിയുടെ ആദ്യത്തെ രേഖപ്പെടുത്തപ്പെട്ട ബന്ധം, പതിനെട്ടാം നൂറ്റാണ്ടിലെ ഇല്യൂമിനിസ്റ്റ് പിയട്രോ വെറിയുടെ ഇറ്റാലിയന്‍ രചനകളില്‍ കാണാം . അദ്ദേഹം അതിനെ 'പാന്‍ ഡി ടണ്‍' (ലക്ഷ്വറി ബ്രെഡ്) എന്നാണ് വിശേഷിപ്പിക്കുന്നത്.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇറ്റലിയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി പാനിറ്റോണി ഉത്പാദിപ്പിക്കാന്‍ തുടങ്ങി. ഇന്നും ആ പാരമ്പര്യം തുടരുന്നു. ഇറ്റാലിയന്‍ ഭക്ഷ്യനിര്‍മ്മാണ കമ്പനികള്‍ എല്ലാ ക്രിസ്മസിനും ഏകദേശം 579 ദശലക്ഷം യൂറോ വിലമതിക്കുന്ന പാനിറ്റോണി ഉണ്ടാക്കി വില്‍ക്കുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പാനിറ്റോണി കഴിക്കുന്ന രാജ്യമാണ് പെറു, ഇവിടെ ഒരാള്‍ ഒരു വര്‍ഷം 1.3 കിലോ പാനിറ്റോണി കഴിക്കുന്നു എന്നാണ് കണക്ക്.

Tags:    

Similar News