- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
കൊല്ലം: എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോൾ നടന്നത് നാടകീയ രംഗങ്ങൾ. പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് ആത്മഹത്യ ചെയ്ത റംസിയുടെ സഹോദരി അൻസിയെയും കാമുകൻ നെടുമങ്ങാട് അരുവിക്കര മുണ്ടേല സ്വദേശി സഞ്ചുവിനെയും(അഖിൽ) ഇരവിപുരം പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോഴാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
അൻസിയുടെ ഭർത്താവ് കുഞ്ഞുമായെത്തിയപ്പോൾ കാണാൻ കൂട്ടാക്കിയില്ല. കുഞ്ഞിനെ കാണണ്ട എന്ന് പൊലീസിനോട് ആവശ്യപ്പെട്ടു. ഇതോടെ ഭർത്താവ് ഇവരുമായി ഏഴു തവണ സംസാരിച്ചെങ്കിലും കാമുകനെ ഉപേക്ഷിച്ച് ഭർത്താവിനൊപ്പം പോകാൻ കൂട്ടാക്കിയില്ല. ഒടുവിൽ കാലു വരെ പിടിച്ചെങ്കിലും അമ്പിനും വില്ലിനും അടുത്തില്ല. കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട് എന്ന് പറഞ്ഞതോടെയാണ് ഭർത്താവ് അൻസിയെ കൂടെക്കൊണ്ടു വരാനുള്ള ഉദ്യമത്തിൽ നിന്നും ഒടുവിൽ പിന്മാറിയത്. സ്റ്റേഷനിൽ നടന്ന കണ്ണു നനയിക്കുന്ന രംഗങ്ങൾ കണ്ട് പൊലീസുകാർ പോലും അമ്പരന്നു പോയി.
കഴിഞ്ഞ 18 നാണ് അൻസിയെ കാണാതാകുന്നത്. അൻസിയുടെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടർന്ന് ഇരവിപുരം പൊലീസിൽ ഭർത്താവ് പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ അൻസി അവസാനം വിളിച്ച ഫോൺ കോളുകളിൽ നിന്നും നെടുമങ്ങാട് സ്വദേശി സഞ്ചുവിന്റെ നമ്പർ കണ്ടെത്തി. തുടർന്നാണ് യുവതി ഇയാൾക്കൊപ്പമുണ്ടെന്ന് മനസ്സിലായത്. പൊലീസ് നെടുമങ്ങാട്ടെ വീട്ടിലെത്തിയെങ്കിലും ഇവരെ കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് മൂവാറ്റുപുഴയിൽ ഒളിവിൽ കഴിയുന്നതായി വിവരം ലഭിക്കുകയും ഇരവിപുരം പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ഇരുവരും കൊല്ലത്തു നിന്നും ഇരുവരും ടൂവീലറിൽ കോട്ടയത്താണ് എത്തിയത്. കോട്ടയത്ത് ഹോട്ടലിൽ റൂമെടുത്ത് തങ്ങിയ ശേഷം മൂവാറ്റുപുഴയിലേക്ക് കടന്നു . ഇവിടെ 10 ദിവസത്തേക്ക് മുറി വാടകയ്ക്കെടുത്ത് താമസിക്കുകയായിരുന്നു. പൊലീസ് തിരഞ്ഞെത്തുന്നു എന്ന് മനസ്സിലായതോടെ ഇവിടെ നിന്നും കടന്നു കളയാൻ ശ്രമിക്കുന്നതിനിടെയാണ് മൂവാറ്റുപുഴ പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുന്നത്. കസ്റ്റഡിയിലെടുത്ത ശേഷം ഇരവിപുരം പൊലീസിന് കൈമാറുകയായിരുന്നു. രാത്രിയിൽ സ്റ്റേഷിനെലിത്തിച്ച് പ്രാഥമിക നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കൊല്ലം വനിതാ സ്റ്റേഷനിലെ ലോക്കപ്പിലേക്ക് അൻസിയെ മാറ്റി. ഇന്ന് രാവിലെ സ്റ്റേഷനിലെത്തിച്ച് വീണ്ടും ചോദ്യം ചെയ്യുകയായിരുന്നു. ഭർത്താവിനൊപ്പം പോകാൻ താൽപ്പര്യമില്ലെന്നും കാമുകനൊപ്പം പോയാൽ മതിയെന്നുമായിരുന്നു നിലപാട്. തന്റെ സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ വേണ്ടിയാണ് ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയതെന്നാണ് പൊലീസിന് നൽകിയ മൊഴി. ഭർത്താവിനൊപ്പം നിന്നാൽ പഠിക്കാൻ കഴിയില്ലെന്നും കാമുകനായ സഞ്ചു പഠിപ്പിക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നുവെന്നും ഇവർ പൊലീസിനോട് പറഞ്ഞു.
രണ്ടു മാസം മുൻപാണ് അൻസിയും സഞ്ചുവും പ്രണയത്തിലാകുന്നത്. അൻസിയുടെ സഹോദരിയുടെ മരണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച വാട്ട്സാപ്പ് ഗ്രൂപ്പിലെ അംഗമാണ്. പല പ്രതിഷേധ പരിപാടികൾക്കും ഇയാൾ പങ്കെടുത്തിട്ടുണ്ട്. കൂടാതെ അൻസിയുടെ വീട്ടിൽ സ്ഥിര സന്ദർശകനുമായിരുന്നു. ഇതിനിടെയാണ് ഇരുവരും ഒളിച്ചോടാൻ തീരുമാനിച്ചത്.
സഞ്ചു നെടുമങ്ങാട് പി.എസ്.സി കോച്ചിങ് സെന്ററിൽ പഠിക്കുകയാണ്. സഞ്ചുവിനും അൻസിയെ തന്നെ മതി എന്ന നിലപാടിലാണ്. അൻസിക്കെതിരെ ജെ.ജെ ആക്ട് 75, 12 വയസ്സിൽ താഴെയുള്ള കുട്ടികളെ ഉപേക്ഷിച്ച് പോയതിന് 317 എന്നീ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. സഞ്ചുവിനെതിരെ കുട്ടിയെ ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചതിന് ഐ.പി.സി 109 പ്രകാരവും കേസെടുത്തു. ഇരുവരെയും കൊല്ലം കോടയതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
കഴിഞ്ഞ സെപ്റ്റംബർ 3നാണ് പ്രതിശ്രുത വരൻ വിവാഹത്തിൽനിന്നു പിന്മാറിയതിനെ തുടർന്നു അൻസിയുടെ സഹോദരി ആത്മഹത്യ ചെയ്തത്. മരണത്തിൽ ദുരൂഹതയുണ്ടൈന്നും നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കുടുംബം രംഗത്ത് വരികയും തുടർന്ന് ഒരു വാട്ട്സാപ്പ് കൂട്ടായ്മ രൂപീകരിക്കുകയുമായിരുന്നു. കുടുംബത്തിന് നീതി ലഭ്യമാക്കാനായി നിരവധി പേർ പണം അയച്ച് സഹായിച്ചിരുന്നു. ഈ പണവുമായാണ് ഇവർ പോയതെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.
റംസിയുടെ മരണവുമായി ബന്ധപ്പെട്ട് സഹോദരി അൻസിയുടെ അഭിമുഖങ്ങൾക്കു സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം ലഭിച്ചിരുന്നു. ഇരയ്ക്കു നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങളും അരങ്ങേറി. ഇതോടെ വലിയ തോതിൽ ജനശ്രദ്ധ ആകർഷിച്ച റംസിയുടെ മരണം ലോക്കൽ പൊലീസിൽ നിന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും ചെയ്തു. റംസി ആത്മഹത്യ ചെയ്ത കേസിൽ സീരിയൽ നടി ഉൾപ്പെടെ മുൻകൂർ ജാമ്യം നേടുകയും ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടെയാണ് സഹോദരിയായ അൻസിയെ കാണാതായതായി ബന്ധുക്കൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
വർഷങ്ങളായി പ്രണയത്തിലായിരുന്ന യുവാവുമായി വിവാഹനിശ്ചയം കഴിഞ്ഞതിനു ശേഷം സാമ്പത്തികമായി മെച്ചപ്പെട്ട മറ്റൊരു വിവാഹ ആലോചന വന്നപ്പോൾ യുവാവ് റംസിയെ ഒഴിവാക്കിയെന്നും ഇതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തുവെന്നുമായിരുന്നു പരാതി. റംസി മൂന്നു മാസം ഗർഭിണിയായിരിക്കെ നിർബന്ധിത ഗർഭച്ഛിദ്രം നടത്താനായി വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ചമച്ച കേസിലാണ് സീരിയൽ നടിക്കെതിരെ പരാതി ഉണ്ടായിരുന്നത്.