- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിർണായക തെളിവു നശിപ്പിച്ച് നമ്പർ 18 ഹോട്ടൽ ഉടമ റോയി ജോസഫ് എവിടെ മറഞ്ഞു? ഡിജെ പാർട്ടികൾ പതിവായ ഹോട്ടൽ ഉന്നത പൊലീസുകാരുടെയും പതിവുകേന്ദ്രം; കൊച്ചിയിലെ ഉദ്യോഗസ്ഥർക്ക് ഇവിടെ സൗജന്യ മുറിയും; പതിനെട്ടോളം ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് വിരുന്നൊരുക്കിയതു അടുത്തിടെ; മോഡലുകളുടെ മരണത്തിൽ ഹോട്ടൽ ഉടമയ്ക്ക് പോറൽ ഏൽക്കില്ല?
കൊച്ചി: മിസ്‌കേരളയടക്കം മൂന്ന് പേർ മരിച്ച കാറപകടത്തിൽ നിർണ്ണായക തെളിവ് നശിപ്പിച്ച നമ്പർ 18 ഹോട്ടലുടമ റോയ് ജോസഫ് വയലാട്ട് കേസിൽ നിന്നും രക്ഷപെടും. ഇതിന് കാരണം ഉന്നത പൊലീസുദ്യോഗസ്ഥരുമായുള്ള ബന്ധമാണ്. ഇയാളുടെ ഹോട്ടലിലെ സ്ഥിരം സന്ദർശകരാണ് ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥർ. കൂടാതെ പൊലീസ് ഉദ്യോഗസ്ഥർക്ക് ഇവിടെ സ്ഥിരം മുറി പോലും നൽകിയിരുന്നു. മട്ടാഞ്ചേരിയിലെ മുൻ എ.സി.പി, ഫോർട്ട് കൊച്ചിയിലെ മുൻ സിഐ, എസ്‌ഐ എന്നിവർക്ക് ഇവിടെ സ്ഥിരം മുറി സൗജന്യമായി നൽകിയിരുന്നു എന്നാണ് വിവരം. അതിനാൽ തന്നെ ഈ ഹോട്ടലിൽ എന്തു നടന്നാലും പുറം ലോകം അറിയാതെ ഒതുക്കി തീർക്കും. എന്നാൽ ഡി.ജെ പാർട്ടിയുടെ ദൃശ്യങ്ങളും മറ്റും അടങ്ങിയ ഡി.വി.ആർ നശിപ്പിച്ചു എന്ന് റോയിയുടെ ജീവനക്കാർ തന്നെ മൊഴി നൽകിയത് മാധ്യമങ്ങളിൽ വാർത്തയായതോടെയാണ് പൊലീസിന് ഇയാളെ ചോദ്യം ചെയ്യാൻ വിളിച്ചു വരുത്താൻ തന്നെ നിർബന്ധിതരായത്. അല്ലെങ്കിൽ ഇത് ആരും അറിയാതെ പോകുമായിരുന്നു.
അത്യാഡംബര ഹോട്ടലായ നമ്പർ 18 ൽ മുൻപ് പതിനെട്ടോളം ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് വിരുന്ന് നൽകിയിരുന്നു. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ കൊച്ചിയിലെത്തിയാൽ താമസം ഇവിടെ സൗജന്യമാണ്. എല്ലാതരത്തിലും പൊലീസിന് വേണ്ട സഹായങ്ങളും ഇവർ ഒരുക്കി നൽകുന്നുണ്ട്. ഇതൊക്കെ മൂലം ഇവിടെ നടക്കുന്ന പല നിയമ ലംഘനങ്ങളും കണ്ടില്ലെന്ന് നടക്കുകയാണ് പൊലീസ്. ഫോർട്ട് കൊച്ചി പൊലീസ് സ്റ്റേഷനുമായി 50 മീറ്റർ പോലും ദൂരമില്ല ഈ ഹോട്ടലിന്. ഇവിടെ നിന്നും വിളിച്ചാൽ കേൾക്കാവുന്ന ദൂരം. അങ്ങനെയുള്ള ഈ ഹോട്ടലിൽ ലഹരിപാർട്ടികൾ നടക്കുമ്പോൾ പൊലീസ് അറിയുന്നില്ല എന്നും പറയുന്നത് മറ്റുള്ളവരുടെ കണ്ണിൽ പൊടിയിടുന്ന മുട്ടാപ്പോക്ക് ന്യായമാണ്. തൊട്ടരികെ നടക്കുന്ന കാര്യങ്ങൾ പോലും അറിയുന്നില്ലെങ്കിൽ പൊലീസിന്റെ കഴിവുകേടാണെന്നാണ് നാട്ടുകാർ പറയുന്നത്.
പൊലീസുമായുള്ള അവിശുദ്ധകൂട്ടുകെട്ടും ഉന്നത സ്വാധീനവും ഉപയോഗിച്ച് റോയ് ജോസഫ് വയലാട്ട് രക്ഷപെടും എന്നു തന്നെയാണ് പൊലീസ് സേനയിൽ നിന്നുള്ള അടക്കം പറച്ചിൽ. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെല്ലാം ഇയാളുടെ സുഹൃത്തുക്കളായതിനാൽ കേസിൽ ഒന്നും സംഭവിക്കില്ല. എക്സൈസ് സംഘം ഡി.ജെ പാർട്ടികഴിഞ്ഞ് മടങ്ങിയ മുന്മിസ്‌കേരളയും സംഘവും മടങ്ങിയപ്പോഴുണ്ടായ അപകടത്തിന് ശേഷം ബാർ അടച്ചു പൂട്ടിയതിലും ദുരൂഹതയുണ്ട്. ഒക്ടോബർ 28 ന് സമയം കഴിഞ്ഞും മദ്യം വിളമ്പി എന്ന് കാട്ടിയാണ് ബാർ അടച്ചു പൂട്ടിച്ചത്. എന്നാൽ ഇത് തെളിവുകൾ നശിപ്പിക്കാൻ വേണ്ടിയാണോ എന്ന സംശയം ഉയരുന്നുണ്ട്. എല്ലാ തരത്തിലും ഉന്നത പിടിപാടുള്ള റോയ് കേസിൽ നിന്നും നിസാരമായി ഊരിപോരും എന്നു തന്നെയാണ് അടക്കംപറച്ചിൽ.
കൊച്ചി നഗരത്തിലെ ആളൊഴിഞ്ഞ ദ്വീപുകളിലേയും വൻകിട ഹോട്ടലുകളിലെയും ഡിജെ പാർട്ടികളുടെ മറവിൽ നടക്കുന്ന ലഹരി മരുന്ന് വ്യാപാരത്തെക്കുറിച്ച് നേരത്തെ സിറ്റി പൊലീസടക്കം പരിശോധിച്ചിരുന്നതാണ്. എന്നാൽ കൊവിഡിനെത്തുടർന്ന് കഴിഞ്ഞ കുറേ മാസങ്ങളായി ഇത് നിലച്ചു. അടുത്തയിടെയാണ് നഗരത്തിലെ വൻകിട ഹോട്ടലുകളിൽ ഡിജെ പാർട്ടികൾ തുടങ്ങിയത്. എന്നാൽ റെയ്ഡ് നടത്തി ടൂറിസം വ്യവസായത്തെ തകർക്കേണ്ടെന്ന പേരിൽ പൊലീസും കണ്ണടച്ചിരിക്കുകയാണ്. ഇതിനിടയിലാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്. മാധ്യമങ്ങൾ വഴി വിവരങ്ങൾ പുറത്ത് വരുന്നതിനാൽ പൊലീസിന് കൃത്യമായ അന്വേഷണം നടത്താതിരിക്കാനും കഴിയുന്നില്ല. അതിനാൽ തന്നെ അന്വേഷമം ഊർജ്ജിതമാക്കി മുന്നോട്ട് കൊണ്ടു പോകുകയാണ്.
കാറപകടത്തിന് ശേഷം കാറിൽ മദ്യക്കുപ്പി ഉണ്ടായിരുന്നു എന്നതിന്റെ തെളിവ് മറുനാടനാണ് ആദ്യം പുറത്ത് വിട്ടത്. അപകടത്തിൽ പൂർണ്ണമായും തകർന്ന കാറിനുള്ളിലാണ് വീര്യം കൂടിയ വൈനായ ബ്രോക്കോഡിന്റെ കുപ്പിയുണ്ടായിരുന്നത്. പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ കാർ എത്തിക്കുമ്പോൾ ഒരാൾ പകർത്തിയ ദൃശ്യത്തിൽ നിന്നാണ് മറുനാടന് കുപ്പിയുടെ ചിത്രം ലഭിച്ചത്. കാറിലുണ്ടായിരുന്നവർ മദ്യ ലഹരിയിലായിരുന്നു എന്നും വാഹനം ഡ്രൈവ് ചെയ്യുന്നതിനിടെ മദ്യപിച്ചിരുന്നു എന്നതിന്റെയും തെളിവാണ് മദ്യക്കുപ്പിയുടെ ദൃശ്യത്തിൽ നിന്നും മനസ്സിലായത്. വാർത്ത പുറത്ത് വന്ന് തൊട്ടടുത്ത ദിവസം തന്നെ ഡ്രൈവർ മദ്യപിച്ചാണ് കാർ ഡ്രൈവ് ചെയ്തതെന്ന് പൊലീസ് റിപ്പോർട്ട് പുറത്തു വന്നു. യുവതികൾ മദ്യപിച്ചിരുന്നോ എന്നതിൽ യാതൊരു വ്യക്തതയും വന്നിട്ടില്ല.
നമ്പർ 18 ഹോട്ടലിൽ നടന്ന ഡി.ജെ പാർട്ടിയിൽ പങ്കെടുത്തു മടങ്ങുമ്പോഴാണ് മുൻ മിസ് കേരളാ അൻസി കബീർ (25), മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജൻ (26) എന്നിവർ മരണപ്പെടുന്നത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന മുഹമ്മദ് ആഷിക്ക് പിന്നീട് ആശുപത്രിയിൽ വച്ച് മരിച്ചു. ഡ്രൈവർ അബ്ദുൾ റഹ്മാൻ എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ ചികിത്സയിലായരുന്നു. പിന്നീട് ഇയാളെ അറസ്റ്റ് ചെയ്തു. ഓരോ ദിവസം കഴിയുംതോറും വെറുമൊരു അപകടമണമായി മാറേണ്ട സംഭവത്തിൽ നിർണ്ണായക വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. സിറ്റി പൊലീസ് ഇൻസ്പെക്ടർ അനന്തലാലാണ് അന്വേഷണ ഉദ്യോഗസ്ഥൻ.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.