പത്തനംതിട്ട: ഓണാശംസകൾ നേരുന്ന ഇസ്ലാം മതത്തിൽപ്പെട്ടവർക്ക് താക്കീതുമായി ദേശവിരുദ്ധ ശക്തികളുടെ വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റുകൾ പ്രചരിക്കുന്നു. കേരളത്തിന്റെ ദേശീയോത്സവമായ ഓണത്തിന് ആശംസകൾ നേരുന്നവർ കുഫ്റാകുന്നുവെന്ന പോസ്റ്റാണ് പ്രചരിപ്പിക്കുന്നത്. സർക്കാർ ജീവനക്കാർ അടക്കമുള്ളവരാണ് ഇത്തരം പോസ്റ്റുകളുടെ പ്രചാരണത്തിന് പിന്നിലുള്ളത്. എല്ലാ മതവിഭാഗക്കാരുമുള്ള ചില ഗ്രൂപ്പുകളിലും ഇത്തരം പോസ്റ്റുകൾ വ്യാപിച്ചതോടെ പൊലിസ് രഹസ്യാന്വേഷണ വിഭാഗവും ഐബിയും അന്വേഷണം തുടങ്ങി.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ:

ആശംസകൾ നേരുന്നത് കുഫ്റാകുന്നു! കുഫാറുകളുടെ ആഘോഷങ്ങൾക്ക് ആശംസകൾ നേരുന്നത് കുഫ്റാകുന്നു. നബി അരുളി: ആരെങ്കിലും ഒരു സമുദായത്തോട് ചേർന്നാൽ അവൻ അവരിൽപ്പെട്ടവനായി. ഇസ്ലാമല്ലാത്ത ഒന്നും അല്ലാഹു സ്വീകരിക്കുകയില്ല. ...മതമായി ഇസ്ലാമിനെ ഞാൻ നിങ്ങൾക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു. അവർ നരകത്തിലേക്ക് പോകുന്ന കാര്യത്തിനാണോ നിങ്ങൾ ആശംസ നേരുന്നത്? ഒരു മുനാഫിഖിനല്ലാതെ കുഫറിന് ആശംസ നേരാനാവില്ല.

കിതാബ് ഉത് തവീന് എന്ന ഫേസ് ബുക്ക് പേജിന്റെ പേരിലാണ് ഈ പോസ്റ്റ് നിർമ്മിച്ചിരിക്കുന്നത്. സർക്കാർ ജീവനക്കാർ അടക്കം ഗ്രൂപ്പുകളിൽ വ്യാപകമായി ഈ പോസ്റ്റ് ഷെയർ ചെയ്തിരുന്നു. ഗ്രൂപ്പുകളിൽ മറ്റുള്ളവർ അത്തപ്പൂക്കളം സഹിതം ആശംസാ സന്ദേശം ഇട്ടപ്പോഴാണ് അതിനെതിരേ ഇത്തരം പോസ്റ്റുകളും ചോദ്യ ചിഹ്നങ്ങളും ഉയർന്നിട്ടുള്ളത്. തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ വാട്സാപ്പ് ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ട ഇത്തരം പോസ്റ്റ് മറ്റ് ഗ്രൂപ്പുകളിലേക്കും വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. മുസ്ലിം സമുദായത്തിൽപ്പെട്ടവർ മാത്രം ഉൾപ്പെട്ട പത്തനംതിട്ടയിലെ മദീനാ ടൗൺ ക്ലബ്ബ് എന്ന വാട്സാപ്പ് ഗ്രൂപ്പിലാണ് ഇത് പ്രകടമായിരിക്കുന്നത്.

പഞ്ചായത്ത് വകുപ്പിൽ ജോലി ചെയ്തുവരുന്ന ഷമീർ ഖാനും സിവിൽ സപ്ലൈ വകുപ്പിൽ ജോലി ചെയ്തു വരുന്ന അബ്ദുൾ റൗഫുമാണ് ഓണത്തിനെതിരെ ഗ്രൂപ്പിൽ പ്രത്യക്ഷപ്പെടുന്നത്. മുനീർ എന്നയാൾ ഗ്രൂപ്പിൽ ഓണാശംസകൾ നേർന്നപ്പോൾ റൗഫ് ചോദ്യ ചിഹ്നം ഇട്ടു. തൊട്ടു താഴെയായിട്ടാണ് ആശംസകൾ നേരുന്നവർ കുഫാറുകൾ ആണെന്ന പോസ്റ്റ് ഷെമീർഖാൻ ഇട്ടിരിക്കുന്നത്. വിവരം ശ്രദ്ധയിൽപ്പെട്ടതോടെയാണ് അന്വേഷണ ഏജൻസികൾ അന്വേഷണം തുടങ്ങിയിട്ടുള്ളത്. മറ്റ് ഗ്രൂപ്പുകളിലേക്കും ഈ പോസ്റ്റ് ചെയ്തവർ നിരീക്ഷണത്തിലാണ്.