- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറളത്ത് വയോധികയുടെ വെട്ടിപരുക്കൽപ്പിച്ച കേസിൽ സഹോദരി ഭർത്താവ് അറസ്റ്റിൽ; ആക്രമത്തിൽ കലാശിച്ചത് വീട്ടമ്മയോടുള്ള മുൻവൈരാഗ്യം; അന്വേഷണവുമാി സഹകരിക്കാതെ വീട്ടമ്മയും; താൻ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന മൊഴി നൽകി സജീവനെ പൊലീസ് പൊക്കിയത് തന്ത്രപരമായി
കണ്ണൂർ: ഇരിട്ടി ആറളത്ത് വയോധികയുടെ ചെവി അറുത്തു മാറ്റിയ സംഭവത്തിൽ സഹോദരി ഭർത്താവ് അറസ്റ്റിൽ. ആറളം ഏച്ചിലത്തെ കുന്നുമ്മൽ രാധ(58)യെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ രാധയുടെ സഹോദരി ഭർത്താവ് വിളക്കോട് ചാക്കാട് സ്വദേശി പാലക്കൽ പെരുടി സജീവനാ(50)ണ് അറസ്റ്റിലായത്. വീട്ടമ്മയോടുള്ള മുൻവൈരാഗ്യമാണ് അക്രമത്തിലേക്ക് നയിച്ചത്. ജൂലൈ 18ന് രാത്രി ഒൻപതോടെയാണ് സംഭവം.
അക്രമത്തിൽ ചെവിക്ക് വെട്ടേറ്റ് മുറിഞ്ഞ് തൂങ്ങിയ നിലയിലായിരുന്നു. താടിയെല്ലിന് ഇരുഭാഗത്തും ക്ഷതമേറ്റിരുന്നു. കാലിന് ആഴത്തിലുള്ള മുറിവേറ്റു. ഗുരുതര പരിക്കേറ്റ രാധയുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികളാണ് ആശുപത്രിയിലെത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആക്രമത്തിനിരയായ വീട്ടമ്മയുടെ മൊഴികളിലെ വൈരുധ്യം കേസിൽ ദുരൂഹത വർധിപ്പിച്ചതോടെ അന്വേഷണം കൂടുതൽ കാര്യക്ഷമമാക്കുകയായിരുന്നു.
താൻ വീണ് പരിക്കേറ്റതാണെന്നാണ് രാധ സമീപവാസികളോട് പറഞ്ഞത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആറളം പൊലീസിനോട് മോഷ്ടാവാണ് അക്രമിച്ചതെന്നും കഴുത്തിലും കാതിലുമുള്ള സ്വർണാഭരണങ്ങൾ കവരുന്നത് ചെറുക്കുമ്പോഴാണ് ആക്രമിച്ചതെന്നുമാണ് പിന്നീട് ഇവർ മൊഴി നൽകിയത്. മോഷണശ്രമം നടന്നതായി കണ്ടെത്താൻ സാധിക്കാത്തതും പൊലീസ് അന്വേഷണ സംഘത്തിന് പിടിവള്ളിയായി.
പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മയുടെ മൊഴിയെടുക്കാൻ പൊലീസ് പലവട്ടം ശ്രമിച്ചിട്ടും അന്വേഷണവുമായി സഹകരിക്കുന്നതിനോ വ്യക്തമായ മൊഴി നൽകുന്നതിനോ ഇവർ തയ്യാറായിരുന്നില്ല. സംഭവ ദിവസം സജീവൻ കൂട്ടക്കളത്തുണ്ടായതായ വിവരത്തെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ ഇയാളെ ആദ്യദിനം ചോദ്യം ചെയ്തെങ്കിലും താൻ കൂട്ടക്കളത്തുണ്ടായിരുന്നില്ലെന്ന മൊഴിയാണ് നൽകിയത്.
ഇതോടെ അന്വേഷണം ഇയാളെ കേന്ദ്രീകരിച്ച് നീങ്ങി. പിടിച്ചുപറിയുൾപ്പെടെ പതിനഞ്ചോളം ക്രിമിനൽ കേസുകളിലെ പ്രതിയാണ് പിടിയിലായ സജീവൻ. ഇരിട്ടി ഡിവൈ.എസ്പി പ്രിൻസ് ഏബ്രഹാമാന്റെ മേൽനോട്ടത്തിൽ ആറളം പൊലീസ് ഇൻസ്പെക്ടർ അരുൺദാസ്, പ്രിൻസിപ്പൽ എസ്ഐ ശ്രീജേഷ്, അഡി. എസ്ഐ പ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസന്വേഷിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.