കണ്ണൂർ.അനാദി കടയിൽ കയറി മേശവലിപ്പിൽ നിന്ന് പണവും രേഖകളും കവർന്ന നിരവധി മോഷണ കേസിലെ പ്രതി പിടിയിൽ. കൂടാളിയിലെ സി.എച്ച്. ഇസുദ്ദീനെ (45) യാണ് ടൗൺ സ്റ്റേഷൻ പൊലീസ് ഇൻസ്‌പെക്ടർ ശ്രീജിതുകൊടേരിയും സംഘവും അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ 4 ന് ശനിയാഴ്ച രാത്രി 7.45 ഓടെയായിരുന്നു മോഷണം. താഴെ ചൊവ്വയിൽ പ്രവർത്തിക്കുന്ന ദിനേശന്റെ ഉടമസ്ഥതയിലുള്ള ചൊവ്വ സ്റ്റോറിലാണ് മോഷണം നടന്നത്.

കടപൂട്ടാൻ നേരത്ത് തൊട്ടടുത്ത കടയിൽ സാധനം ഏല്പിക്കാൻ പോയ ഘട്ടത്തിലായിരുന്നു മോഷണം. തിരിച്ചു വന്ന് നോക്കിയപ്പോൾമേശവലിപ്പിൽ നിന്ന് 30,000 രൂപയും രേഖകളുമടങ്ങിയ ബേഗ് കാണാതായതോടെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല തുടർന്ന് ഉടമടൗൺ സ്റ്റേഷനിൽ പരാതി നൽകി. കേസെടുത്ത പൊലീസ് സമീപത്തെ കെട്ടിടങ്ങളിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറയിൽ നിന്ന് ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ചുകന്ന ഷർട്ട് ധരിച്ച മോഷ്ടാവ് കടക്ക് സമീപം വെച്ച് ഓട്ടോയിൽ കയറി പോകുന്ന ദൃശ്യം ലഭിച്ചത്.

തുടർന്ന് എഎസ്ഐ. രഞ്ജിത്, ഗ്രേഡ് എസ് ഐ. അനീഷ്, പൊലീസ് ഉദ്യോഗസ്ഥരായ ബാബുപ്രസാദ്, സജിത് എന്നിവരടങ്ങിയ സംഘം നടത്തിയ ഊർജിത അന്വേഷണത്തിലാണ് മോഷ്ടാവിനെ കുടുക്കിയത്. തുടർന്ന് കൂടാളിയിലെ വീട്ടിൽ നിന്നും പ്രതിയെ പൊലീസ് പിടികൂടി. പ്രതിയിൽ നിന്നും പണവും രേഖകളും പൊലീസ് പിടിച്ചെടുത്തു. അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു.

2019 ൽ പയ്യന്നൂർ ടൗണിൽ നിന്നും പോക്കറ്റടി കേസിൽ ഇയാളെ അന്നത്തെ പയ്യന്നൂർ എസ്‌ഐ. ആയിരുന്ന ശ്രീജിതുകൊടേരി കൈയോടെ പിടികൂടി അറസ്റ്റു ചെയ്തിരുന്നു. അതേസമയം പെരിങ്ങോം ടൗണിലെ കടയിൽ നിന്നും പട്ടാപകൽ സമാനമായ രീതിയിൽ മേശവലി പ്പിൽ നിന്ന് വ്യാപാരിയുടെ പണം കവർന്ന സംഭവം ഉണ്ടായിരുന്നു ഈ കേസിൽ ഇനിയും മോഷ്ടാവ് പിടിയിലായില്ല.