ഇരിട്ടി: ഇരിട്ടി ബസ് സ്റ്റാൻഡിലെ ജൂവലറിയിൽ നിന്ന് ഒന്നര പവന്റെ മാല കവർന്ന് മറ്റൊരു ജൂവലറിയിൽ വിൽക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. മാലൂർ തോലമ്പ്ര സ്വദേശി ഹരികൃഷ്ണനെയാണ് ഇരിട്ടി പ്രിൻസിപ്പൽ എസ്‌ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇരിട്ടിയിലെ അറ്റ്ലസ് ജൂവലറിയിൽ സ്വർണം വാങ്ങാനെന്ന വ്യാജേന എത്തിയ പ്രതി സ്വർണമാല കൈക്കലാക്കി കടന്നുകളയുകയായിരുന്നു.

മോഷണ മുതൽ പേരാവൂരിലെ കളത്തിൽ ജൂവലറിയിൽ വിൽക്കാൻ എത്തിയ പ്രതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ജൂവലറി ഉടമയുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ ഇയാൾ ഓടി രക്ഷപ്പെട്ടു.

പിന്നീട് സിസിടിവി കാമറയിൽ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പൊലീസ് മനസിലാക്കിയതും അറസ്റ്റ് ചെയ്തതും. പ്രതിയുമായി പൊലീസ് ഇരുജൂവലറികളിലുമെത്തി തെളിവെടുപ്പ് നടത്തി. സമാന രീയിൽ മറ്റു ചില ജൂവലറികളിൽ നിന്ന് സ്വർണം തട്ടിയ കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.