- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഎംഎസ് ആശുപത്രിക്ക് 12 കോടി നൽകാൻ മറക്കാത്തവർ പാവം ഗർഭിണികൾക്ക് പോഷകാഹാരത്തിനുള്ള സഹായധനം കൊടുക്കുന്നില്ല; അട്ടപ്പാടിയിലെ ശിശു മരണത്തിന് കാരണക്കാർ ആദിവാസി ഫണ്ട് കൊള്ളയടിക്കുന്ന ഭരണകൂടം തന്നെ; ഈ പാവങ്ങളോട് സർക്കാർ ചെയ്യുന്നത് ക്രൂരത; ഞെട്ടിപ്പിക്കുന്ന അട്ടപ്പാടി ചതി പുറത്ത്
പാലക്കാട്: മനസാക്ഷിയുള്ളവരുടെയെല്ലാം ഹൃദയം നുറുങ്ങുന്ന വാർത്തകളാണ് അട്ടപ്പാടിയിൽ നിന്നും ഇടയ്ക്കിടെ പുറത്തുവരുന്ന ശിശുമരണവാർത്തകൾ. എന്നാൽ നമ്മുടെ ഭരണാധികാരികൾക്ക് ആ മനസാക്ഷി ഇല്ലെന്ന് ഒരിക്കൽ കൂടി വ്യക്തമാകുകയാണ്. ഗർഭിണിമാരായ അമ്മമാരുടെ പോഷകാഹാരക്കുറവ് അടക്കമുള്ള പ്രശ്നങ്ങൾക്കടിപ്പെട്ടാണ് കുട്ടികൾ മരണപ്പെടുന്നതെന്ന് നിരവധി ആരോഗ്യപഠനങ്ങളിൽ തെളിഞ്ഞിട്ടുള്ളതാണ്. സർക്കാർ അടിക്കടി അനവധി സഹായങ്ങൾ പ്രഖ്യാപിക്കുമെങ്കിലും അതൊന്നും അട്ടപ്പാടി ഊരുകളിൽ പലപ്പോഴും എത്താറില്ല.
അട്ടപ്പാടി സഹായത്തിന്റെ മറവിൽ സിപിഎം നിയന്ത്രിത സൊസൈറ്റികൾക്കാണ് സഹായം ലഭിക്കുന്നതെന്ന ആരോപണം വ്യാപകമാണ്. എന്നാൽ എല്ലാവർക്കും സഹായം കിട്ടിയെന്നായിരുന്നു കഴിഞ്ഞ ദിവസം മന്ത്രി രാധാകൃഷ്ണൻ പ്രതികരിച്ചത്. മന്ത്രിയുടെ വാദം തെറ്റാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. അട്ടപ്പാടിയിലെ ഗർഭിണികൾക്കുള്ള സഹായം മുടങ്ങിയിട്ട് എട്ട് മാസമായി. ജനനി ജന്മരക്ഷാ പദ്ധതിയിൽ ഗർഭിണികൾക്കായി അവസാനം ഫണ്ട് അനുവദിച്ചത് മാർച്ച് മാസത്തിലാണ്. കുട്ടികൾക്ക് ഒരു വയസായിട്ടും ഇതുവരെയും സഹായം കിട്ടിയിട്ടില്ലെന്ന് ആദിവാസികൾ പറയുന്നു.
ജനനി ജന്മരക്ഷാ പദ്ധതി പ്രകാരം ഗർഭിണിയായി മൂന്നാം മാസം മുതൽ കുട്ടി പ്രസവിച്ച് ഒരു വയസാകുന്നതുവരെ 18 മാസത്തേക്കാണ് മാസം 2000 രൂപ അനുവദിക്കുന്നത്. പോഷകാഹാരക്കുറവ് മൂലം ആദിവാസി മേഖലകളിൽ ശിശു മരണവും മാതൃ മരണവും തുടർക്കഥയായതിനെ തുടർന്നാണ് 2011 ൽ പദ്ധതി പ്രഖ്യാപിച്ചത്. പക്ഷേ ഇതൊന്നും വേണ്ട രീതിയിൽ നടപ്പാക്കിയില്ല. നേരത്തെ മരിച്ച യുവതിക്ക് ലഭിക്കേണ്ടിയിരുന്ന പോഷകാഹാരക്കുറവിനുള്ള ധനസഹായം ജൂൺ മാസം മുതൽ ലഭിച്ചില്ലെന്ന് ഐടിഡിപി അഗളി പ്രൊജക്ട് ഓഫിസർ സ്ഥിരീകരിച്ചിരുന്നു.
നിലവിൽ വയനാട്, പാലക്കാട് ജില്ലകളിൽ ചിലയിടങ്ങളിൽ മാത്രമാണ് മൂന്നോ നാലോ മാസം കൂടുമ്പോൾ പണം കിട്ടുന്നത്. സംസ്ഥാനത്തെ പലയിടങ്ങളിലും ഒന്നര വർഷത്തിലേറയായി ഗുണഭോക്താക്കൾക്ക് പണം ലഭിച്ചിട്ടില്ലെന്ന പരാതിയും നേരത്തെ ഉയർന്നിട്ടുണ്ട്. ഇപ്പോൾ ഗർഭിണികളാകുന്നവരെ പദ്ധതിയിൽ ഉൾപെടുത്താനുള്ള രജിസ്ട്രേഷൻ നടക്കുന്നില്ല. പദ്ധതിയുടെ പ്രാരംഭഘട്ടത്തിൽ പ്രതിമാസ ധനസഹായം1,000 രൂപയാണ് നിശ്ചയിച്ചത്. അഞ്ചു വർഷത്തിന് ശേഷം തുക 2,000 രൂപയായി വർധിപ്പിച്ച് പട്ടികവർഗ വികസനവകുപ്പ് 2018 ജൂലൈ 23ന് ഉത്തരവിറക്കി.
തുടർച്ചയായ ശിശുമരണങ്ങളെ തുടർന്ന് അട്ടപ്പാടിയിലെത്തിയ മന്ത്രി, കൃത്യമായി കാര്യങ്ങളൊക്കെ നടക്കുന്നുണ്ടെന്നാണ് അവകാശപ്പെട്ടത്. കുടിശ്ശികയെല്ലാം തീർത്തതായി അട്ടപ്പാടിയിലെത്തിയ മന്ത്രി അവകാശപ്പെട്ടു. എന്നാൽ മന്ത്രിയുടെ വാദങ്ങൾ നുണയാണെന്ന് തെളിയിക്കുന്ന രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. എട്ട് മാസത്തോളമായി ഗർഭിണികൾക്കുള്ള ധനസഹായം മുടങ്ങിയതായാണ് രേഖകൾ സൂചിപ്പിക്കുന്നത്.
നാല് ദിവസത്തിനിടെ വ്യത്യസ്ത പ്രായക്കാരായ നാല് കുട്ടികളാണ് അട്ടപ്പാടിയിൽ മരിച്ചത്. അട്ടപ്പാടി ഊരുകളിൽ ശിശുമരണം ഒരു തുടർക്കഥയാവുമ്പോഴും സംസ്ഥാന- കേന്ദ്ര സർക്കാരുകൾ നോക്കുത്തിയായിരിക്കുകയാണെന്ന ആരോപണം ശക്തമാണ്. അട്ടപ്പാടിയിലെ കുഞ്ഞുങ്ങളുടെ തുടർച്ചയായുള്ള മരണത്തിൽ സർക്കാരുകൾ നിഷ്ക്രിയ നിലപാടുകൾ തുടരുകയാണെന്നാണ് ആക്ഷേപം. ഈ വർഷം ഇതുവരെ 10 കുട്ടികൾ മരിച്ചുവെന്നാണ് കണക്ക്. അട്ടപ്പാടിയിലെ ആദിവാസികൾക്ക് ആശ്രയിക്കാവുന്ന ആശുപത്രി അഗളി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള കോട്ടത്തറയിലെ സർക്കാർ ആശുപത്രിയാണ്. കോടിക്കണക്കിന് രൂപയുടെ സഹായം ഒഴുകിയെത്തിയിട്ടും അതൊന്നും കോട്ടത്തറ ആശുപത്രിയിലെ പടിവാതിൽക്കൽ എത്തിയില്ലെന്നു വേണം മനസിലാക്കാൻ.
അട്ടപ്പാടിയിലെ ആരോഗ്യപരിരക്ഷ എന്ന പേരിൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സഹകരണ വകുപ്പ് 12 കോടിയോളം രൂപയുടെ ഫണ്ട് നൽകിയത് സിപിഎം ഉടമസ്ഥതയിലുള്ള പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിക്കാണ്. അട്ടപ്പാടിയിൽ നിന്നും എഴുപതോളം കിലോമീറ്ററുണ്ട് പെരിന്തൽമണ്ണയ്ക്ക്. കോട്ടത്തറ ആശുപത്രിയിൽ എത്തുന്നവരെ റഫർ ചെയ്യുന്നത് പെരിന്തൽമണ്ണ ആശുപത്രിയിലേക്കാണ്. അത്യാസന്ന നിലയിലുള്ള ഒരു രോഗി എങ്ങിനെ ഈ രണ്ടരമണിക്കൂറോളം ദൂരം താണ്ടും എന്നതാണ് ഉയരുന്ന ചോദ്യം.
കോട്ടത്തറ ആശുപത്രിയിൽ നിന്ന് ഇഎംഎസ് ആശുപത്രിയിലേക്ക് ആംബുലൻസ് പോയാൽ അതിന്റെ കാശ് ഇഎംഎസ് ആശുപത്രി നൽകും. കൂടെ നിൽക്കുന്നവർക്കുള്ള പണവും നൽകും. പക്ഷെ ഒരു രോഗി ജീവനോടെ പെരിന്തൽമണ്ണ എത്തുക എന്ന കാര്യം ഇതിന്നിടയിൽ മുഴച്ചു നിൽക്കുകയും ചെയ്യുന്നു. ഈ സമയത്തിന്നിടയിൽ മരണവും നടക്കാറുണ്ട്. സഹകരണ വകുപ്പ് ഫണ്ടിന്റെ പകുതിയെങ്കിലും കോട്ടത്തറ ആശുപത്രിയിലേക്ക് വന്നിരുന്നെങ്കിൽ അത് അട്ടപ്പാടിയിലെ ആദിവാസികളെ സംബന്ധിച്ച് സഹായകരമാകുമായിരുന്നു.
കോട്ടത്തറ ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങളൊരുക്കുമെന്ന പ്രഖ്യാപനം എല്ലാ വർഷവും അതാത് ആരോഗ്യമന്ത്രിമാർ ഒരു ചടങ്ങ് പോലെ നടത്താറുണ്ട്. എന്നാൽ ഒന്നും സംഭവിക്കാറില്ല. ഇത്തവണയും അത്തരം പ്രഖ്യാപനം ഉണ്ടായിട്ടുണ്ട്. എന്നാൽ അത്ഭുതങ്ങളൊന്നും അട്ടപ്പാടി ജനത പ്രതീക്ഷിക്കുന്നില്ല. അട്ടപ്പാടിയുടെ പേരിൽ കൊഴുക്കുന്നത് പെരിന്തൽമ്മണ്ണ ഇഎംഎസ് ആശുപത്രിയാണ്.
ആദിവാസി വിഭാഗത്തിനുള്ള ക്ഷേമപദ്ധതികളെങ്കിലും മുടങ്ങാതെ നൽകിയിരുന്നുവെങ്കിൽ അവർക്ക് നേരിയതോതിലെങ്കിലും കൈത്താങ്ങാകുമായിരുന്നു. എന്നാൽ ബജറ്റിൽ തുക നീക്കി വയ്ക്കാത്തതിനാൽ പദ്ധതികളെല്ലാം നിന്നുപോയിരിക്കുകയാണ്. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടായാൽ ആദ്യം കൈവയ്ക്കുന്നത് ആദിവാസി ക്ഷേമപദ്ധതികളിലാണെന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്. ജനനി ജന്മരക്ഷ കൂടുതൽ ഫലപ്രദമായും കാര്യക്ഷമമായും നടപ്പാക്കാനുള്ള വ്യവസ്ഥകളാണ് ഇടത് സർക്കാർ പുതുതായി ആവിഷ്കരിച്ചതെന്നാണ് അന്നത്തെ വകുപ്പ് മന്ത്രിയായിരുന്ന എ കെ ബാലൻ അവകാശപ്പെട്ടിരുന്നത്. അട്ടപ്പാടിയിൽ മാത്രം ഓരോ വർഷവും കുറഞ്ഞത് 50 ലക്ഷത്തോളം രൂപ ഈ പദ്ധതിയിനത്തിൽ ചെലവഴിക്കേണ്ടി വരുന്നുണ്ട്. 2019-20 ൽ ഇത് മുപ്പത് ലക്ഷമായിരുന്നു. എന്നാൽ 2021 ജൂൺ മാസത്തോടെ ധനസഹായം നിർത്തലാക്കി. വിളർച്ചയും വളർച്ചക്കുറവും മൂലം ആദിവാസികുട്ടികൾ മരിക്കുന്ന സംഭവം നിരവധിയാണ്. പലതും റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നതുകൊണ്ട് കൃത്യമായ കണക്കുകൾ പുറത്ത് വരുന്നില്ലെന്നു മാത്രം.
അതിനിടെ അട്ടപ്പാടിയിലുണ്ടായ ശിശുമരണങ്ങൾ സംബന്ധിച്ച് അന്വേഷണം നടത്താൻ ആരോഗ്യമന്ത്രി വീണാ ജോർജും പട്ടികവിഭാഗ ക്ഷേമ മന്ത്രി കെ.രാധാകൃഷ്ണനും ഉത്തരവിട്ടിട്ടുണ്ട്, പട്ടികവർഗ ഡയറക്ടർ ടി.വി.അനുപമയ്ക്ക് ഇതിനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്.