- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആയുർവേദത്തിനും ഹോമിയോപ്പതിക്കും കൂടുതൽ പ്രധാന്യം വന്നതോടെ വ്യാജന്മാരും പെരുകി; അത്ഭുത സിദ്ധിയുള്ള മരുന്നുകളെന്ന പേരിൽ പലയിടത്തും വ്യജന്മാരുടെ വിളയാട്ടം; ആയുഷ് വകുപ്പ് വടിയെടുത്തതോടെ മൂന്നു വർഷത്തിനിടെ റിപ്പോർട്ടു ചെയ്തത് 14,876 സംഭവങ്ങൾ; വ്യാജ പരസ്യങ്ങളും വിലക്കും
കോട്ടയം: കോവിഡ് കാലത്ത് ഹോമിയോപ്പതി കൂടുതൽ ജനകീയമായിരുന്നു. ആയുർവേദ മരുന്നുകളും കടുതൽ വിശ്വാസ്യത നേടി. ഇതോടെ വ്യാജന്മാരും പെരുകി. അത്ഭുത മരുന്നുകളെന്ന പേരിൽ കൂടുതൽ മരുന്നുകൾ ഇന്ന് വിപണിയിൽ നിലനിൽക്കുന്നു. ഇത്തരം വ്യാജന്മാർക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഇ്കാര്യത്തിൽ നടപടികളുമായി മുന്നോട്ടു പോകുകയാണ് ആയുഷ് വകുപ്പ്.
മരുന്നുകൾക്ക് ഇല്ലാത്ത ഗുണഗണങ്ങൾ അവതരിപ്പിച്ച് വ്യാപാരനേട്ടത്തിനായി ശ്രമിക്കുന്നവർക്കെതിരേ കർശന നടപടിയുമായാണ് ആയുഷ് വകുപ്പ് രംഗത്തുവരുന്നത്. ആയുഷ് ചികിത്സാവിഭാഗങ്ങൾക്ക് പ്രാധാന്യവും വിശ്വാസ്യതയും വർധിച്ചതോടെയാണ് ചില സ്വകാര്യ ഔഷധ നിർമ്മാതാക്കൾ തങ്ങളുടെ മരുന്നുകളെക്കുറിച്ച് തെറ്റായ അവകാശവാദങ്ങളുമായി എത്തിയിട്ടുള്ളത്.
ഉപഭോക്താക്കളെ കബളിപ്പിക്കാനുള്ള ശ്രമങ്ങൾക്കെതിരേ സംസ്ഥാനസർക്കാരുകൾ നടപടി സ്വീകരിക്കണമെന്ന് ആയുഷ് മന്ത്രാലയം നിർദ്ദേശം നൽകി. ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് 1940, റൂൾസ് 1945, ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് (തെറ്റിദ്ധാരണാപരമായ പരസ്യങ്ങൾ) ആക്ട്-1954 എന്നിവപ്രകാരം നിയമനടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്ന് ആയുഷ് മന്ത്രാലയം ഓർമിപ്പിച്ചു.
ആയുർവേദം, സിദ്ധ, യുനാനി, ഹോമിയോപ്പതി തുടങ്ങിയവയ്ക്ക് പ്രാധാന്യം കൈവന്നതോടെയാണ് ആശാസ്യമല്ലാത്ത പ്രവണതകളും തുടങ്ങിയത്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ സംപ്രേഷണം ചെയ്യുന്നത് വിലക്കാൻ പ്രക്ഷേപണ മന്ത്രാലയത്തിനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങൾ അഡ്വർടൈസിങ് സ്റ്റാൻഡേർഡ്‌സ് കൗൺസിൽ ഓഫ് ഇന്ത്യയും നിരീക്ഷിക്കും.
മരുന്നുകമ്പനികളുടെ അനാവശ്യ അവകാശവാദങ്ങൾ സംബന്ധിച്ച് 2018 മുതൽ 2021 വരെ 14,876 സംഭവങ്ങൾ ഫാർമക്കോ വിജിലൻസ് വിഭാഗം റിപ്പോർട്ടുചെയ്തു. ഇവയിൽ നടപടിയെടുക്കാൻ അതത് വിഭാഗങ്ങളെ ചുമതലപ്പെടുത്തി. 'ഗാമാ' പോർട്ടൽ വഴിയും പരാതികൾ സ്വീകരിക്കുന്നുണ്ട്. ഗ്രീവൻസ് എഗെൻസ്റ്റ് മിസ്ലീഡിങ് അഡ്വർടൈസ്മെന്റ് പോർട്ടൽ (ഗാമാ പോർട്ടൽ), കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയമാണ് നിയന്ത്രിക്കുന്നത്. 2020-21-ൽ വ്യാജ അവകാശവാദങ്ങളെക്കുറിച്ച് 339 പരാതികളാണ് പോർട്ടലിൽ രജിസ്റ്റർചെയ്തത്. ഇവിടെ ലഭിക്കുന്ന പരാതികൾ ബന്ധപ്പെട്ട വിഭാഗത്തിലേക്ക് കൈമാറും.
ഗൂഗിളിൽ GAMA PORTAL എന്ന് ടൈപ്പ് ചെയ്താൽ പോർട്ടൽ തുറക്കും. ഇരുവശത്തും രജിസ്റ്റർ കംപ്ലയിന്റ് എന്ന ഭാഗമുണ്ട്. ഇതിൽ എവിടെയെങ്കിലും ക്ലിക്കുചെയ്താൽ അടുത്തഘട്ടത്തിലേക്കെത്തി ഇ-മെയിൽ വിലാസവും പാസ്വേർഡും നൽകി, വ്യാജ പരസ്യങ്ങൾ, അനാവശ്യ അവകാശവാദങ്ങൾ എന്നിവയിലുള്ള പരാതികൾ രജിസ്റ്റർചെയ്യാം.
മറുനാടന് മലയാളി ബ്യൂറോ