ബെംഗളൂരു: ദക്ഷിണേന്ത്യയിൽ ബിജെപി ആദ്യമായി അധികാരത്തിലെത്തുന്നത് കർണാടകയിലാണ്. അതിന് നേതൃത്വം നൽകിയതാകട്ടെ സമാനതകളില്ലാത്ത ജനകീയതയുമായി മുന്നിൽ നിന്നും നയിച്ച യെദ്യൂരിയപ്പയും. ലിംഗായത്ത് എന്ന കർണാടകയിലെ പ്രമുഖ സമുദായത്തിൽ യെദ്യൂരിയപ്പയ്ക്കുള്ള സ്വാധീനത്തിന്റെ ചിറകിലേറിയാണ് ബിജെപി ആ ചരിത്രനേട്ടത്തിലേയ്ക്ക് പറന്നിറങ്ങിയത്. തുടർച്ചയായി ബിജെപിയെ അധികാരത്തിലെത്താൻ സഹായിച്ചതും ആ സ്വാധീനം തന്നെ. കോൺഗ്രസ് ഭാരവാഹികളായ ലിംഗായത്ത് നേതാക്കൾ പോലും യെദ്യൂരിയപ്പയ്ക്ക് വേണ്ടി വാദിക്കുന്നത് കർണാടകയിലൊരു പുതിയ കാഴ്‌ച്ചയല്ല. എന്നാൽ ഇന്ന് അത് പശ്ചാത്തലം ബിജെപിക്ക് തലവേദനയാകുന്ന കാഴ്‌ച്ചയാണ് കർണാടകയിൽ കാണുന്നത്.

സ്ഥാനമാറ്റത്തിലെ രാഷ്ട്രീയം

അധികാരത്തിലെത്തിയ സംസ്ഥാനങ്ങളിലൊക്കെ പുതുമുഖങ്ങളെ മുഖ്യമന്ത്രിയാക്കിയാണ് ബിജെപി പ്രതിപക്ഷത്തേയും ജനങ്ങളെയും ഞെട്ടിച്ചുകൊണ്ടിരുന്നത്. ചെറുപ്പക്കാരെ നേതൃനിരയിലെത്തിക്കുക എന്നത് ബിജെപി ദേശീയ നേതൃത്വത്തിന്റെ പ്രഖ്യാപിതനയം കൂടിയാണ്. എന്നാൽ അത് നടപ്പാകാതെ പോയത് കർണാടകയിൽ മാത്രമാണ്. അവിടെ യെദ്യൂരിയപ്പ എന്ന വന്മരത്തിന് കീഴിൽ രണ്ടാംനിര നേതാക്കളൊക്കെ അപ്രസക്തരായിരുന്നു. ഇത് കേന്ദ്രനേതൃത്വത്തെയാകെ അസ്വസ്ഥരാക്കിയിട്ടുണ്ട്. ബിജെപി മുഖ്യമന്ത്രിമാരിൽ ഏറ്റവും പ്രായമായയാളാണ് 78 കാരനായ യെദ്യൂരിയപ്പ. ലിംഗായത്ത് സമുദായത്തെ മാത്രം ആശ്രയിച്ചിരുന്നാൽ അടുത്ത തെരഞ്ഞെടുപ്പിൽ പണി കിട്ടുമെന്ന ഭയവും കേന്ദ്രനേതൃത്വത്തിനുണ്ട്.

അടുത്ത തെരഞ്ഞെടുപ്പിൽ ഇത്രയും പ്രായമായ യെദ്യൂരിയപ്പയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി ഉയർത്തിക്കാണിക്കാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ ലിംഗായത്ത് സമുദായത്തിന്റെ വോട്ട് കിട്ടുമോ എന്നും ഉറപ്പില്ല. മറ്റൊരു സമുദായത്തിൽ നിന്നും മറ്റൊരു നേതാവിനെ മുഖ്യമന്ത്രിയാക്കി, യെദ്യൂരിയപ്പയെ ഗവർണറാക്കി അദ്ദേഹത്തിന് മകന് മന്ത്രിസ്ഥാനവും നൽകി ഇരുസമുദായങ്ങളുടെയും വോട്ട് നേടാനാണ് ബിജെപി ശ്രമിക്കുന്നത്. മുഴുവൻ ടേമും യെദ്യൂരിയപ്പ മുഖ്യമന്ത്രിയായിരുന്നാൽ അടുത്ത തെരഞ്ഞെടുപ്പിൽ ഉയർത്തിക്കാണിക്കാൻ ഒരു മുഖമുണ്ടാകില്ലെന്ന തിരിച്ചറിവ് കൂടിയാണ് യെദ്യൂരിയപ്പയെ മാറ്റണമെന്ന സാഹസത്തിലേയ്ക്ക് കേന്ദ്രനേതൃത്വത്തെ എത്തിച്ചത്.

കർണാടകയിലെ പാർട്ടിക്കുള്ളിൽ ഉടലെടുത്തിട്ടുള്ള അസ്വാരസ്യങ്ങളും യെദ്യൂരിയപ്പയെ മാറ്റുന്നതിന് ഒരു കാരണമായിത്തീർന്നിട്ടുണ്ട്. കർണാടകയിൽ എതിരില്ലാത്ത നേതാവായി യെദ്യൂരിയപ്പ വളർന്നതോടെ മറ്റ് നേതാക്കളൊക്കെ അപ്രസക്തരാകുകയായിരുന്നു. ജനങ്ങൾക്കിടയിലും ദേശീയതലത്തിലും യെദ്യൂരിയപ്പയ്ക്കുള്ള സ്വാധീനം മറ്റ് നേതാക്കളെ അസ്വസ്ഥരാക്കി. 2018 ൽ സർക്കാർ രൂപീകരിച്ചപ്പോൾ മന്ത്രിമാരെ തീരുമാനിക്കുന്നതിൽ പോലും മുഴച്ചുനിന്നത് യെദ്യൂരിയപ്പയുടെ തൻപൊരിമയായിരുന്നു.

അന്ന് ആരംഭിച്ച മൂപ്പിളമ തർക്കവും ഇന്നത്തെ രാജിക്ക് കാരണമായിട്ടുണ്ട്. 2018 ൽ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് തർക്കമുണ്ടായപ്പോൾ കേന്ദ്രനേതൃത്വം ഇടപെട്ട് ഒരുവർഷം കഴിയുമ്പോൾ മന്ത്രിസഭാ വികസനമുണ്ടാകുമെന്ന ഉറപ്പ് നൽകിയിരുന്നു. എന്നാൽ രണ്ട് വർഷമായിട്ടും മന്ത്രിസഭാ വികസിപ്പിക്കാൻ യെദ്യൂരിയപ്പ തയ്യാറാകാത്തത് വലിയ ഗ്രൂപ്പ് പോരിലേയ്ക്കാണ് ബിജെപിയെ എത്തിച്ചിരിക്കുന്നത്. എതിർപക്ഷത്തെ ഏഴോളം നേതാക്കളാണ് മന്ത്രിക്കുപ്പായവും തയ്ച്ച് മന്ത്രിയാകാൻ കാത്തിരിക്കുന്നത്.

രാജികളുടെ തോഴൻ

ഇത് ആദ്യമായല്ല പാതിവഴിയിൽ യെദ്യൂരപ്പയ്ക്ക് സ്ഥാനം ഒഴിയേണ്ടി വരുന്നത്. 2007ലായിരുന്ന ആദ്യത്തെ രാജി. ധരം സിങ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് അന്ന് ജെഡിഎസ്-ബിജെപി സഖ്യം കർണാടകയിൽ സർക്കാരുണ്ടാക്കി. പകുതിക്കാലം കുമാരസ്വാമി മുഖ്യമന്ത്രി എന്നതായിരുന്നു കരാർ. 20 മാസം മുഖ്യമന്ത്രിയായിരുന്ന ശേഷം കുമാരസ്വാമി കാല് മാറി. ഇതോടെ ഏഴ് ദിവസം മാത്രം മുഖ്യമന്ത്രിക്കസേരയിലിരുന്ന യെദ്യൂരപ്പയുടെ സർക്കാർ താഴെവീണു.

2008ൽ യെദ്യൂരപ്പയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നു. എന്നാൽ ഇത്തവണയും സർക്കാരിന് കാലാവധി പൂർത്തിയാക്കാൻ സാധിച്ചില്ല. ഖനി അഴിമതിയിൽ യെദ്യൂരപ്പയുടെ പങ്ക് ലോകായുക്ത റിപ്പോർട്ട് വഴി പുറത്ത് വന്നതോടെ യെദ്യൂരപ്പയ്ക്ക് രാജി വെയ്‌ക്കേണ്ടി വന്നു. 2011ലും ഇത് തന്നെ ആവർത്തിച്ചു. ഭൂമി കുംഭകോണവും ഖനി അഴിമതിയും ഇത്തവണ യെദ്യൂരപ്പയ്ക്ക് പണി കൊടുത്തു. 2011 ജൂലൈ 31 ന് യെദ്യൂരപ്പ രാജി വെച്ചു. 2018ൽ അവിശ്വാസപ്രമേയത്തിന് മുമ്പ് പ്രതിപക്ഷ എംഎൽഎമാരെ കടത്തിക്കൊണ്ടുപോയി കുപ്രസിദ്ധമായ നിയമസഭയിൽ കേവല ഭൂരിപക്ഷം നേടാനാകാതെ നാണം കെട്ട് രാജി വയ്ക്കേണ്ടി വന്നു യെദ്യൂരിയപ്പയ്ക്ക്.

അന്നൊക്കെ പിന്നിൽ ഉരുക്ക് പോലെ ഉറച്ചുനിന്ന സ്വന്തം പാർട്ടി തന്നെയാണ് ഇത്തവണ എതിർവശത്ത്. ഒരുപക്ഷെ യെദ്യൂരിയപ്പ ഇനി ആ കസേരയിലേയ്ക്ക് തിരിച്ചുവരാൻ സാധ്യതയില്ല. അത് തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണ് കർണാടകയിലെ ബിജെപിയുടെ ഏറ്റവും ജനകീയനായ നേതാവ് വിതുമ്പി പോയത്. ആ വിതുമ്പലിൽ പൊള്ളുന്നത് ലിംഗായത്ത് എന്ന ശക്തമായ സമുദായത്തിന് മുഴുവനാണ്. അഞ്ച് തവണ മുഖ്യമന്ത്രി. ആ അഞ്ച് തവണയും കാലാവധി പൂർത്തീകരിക്കാനാകാതെ രാജിയും. വിതുമ്പിക്കരഞ്ഞുകൊണ്ട് അദ്ദേഹം രാജി പ്രഖ്യാപിക്കുമ്പോൾ വരുംദിവസങ്ങളിൽ നമുക്ക് കാണാം ആ വിതുമ്പലിന്റെ രാഷ്ട്രീയമെന്താണെന്ന്.