- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐസിയുവിൽ കയറി ബാലുവിനെ സ്റ്റീഫൻ ദേവസ്യ കണ്ടിരുന്നു; എന്താണ് ബാലുവിനോട് സ്റ്റീഫൻ ദേവസ്യ പറഞ്ഞത് എന്ന് അറിയില്ല; എന്തിനാണ് കയറിക്കണ്ടത് എന്നും അറിയില്ല; ബാലുവിനെ സ്റ്റീഫൻ കാണുമ്പോൾ കഴുത്തിൽ ഹോൾസ് ഉണ്ടാക്കി ഓക്‌സിജൻ നേരിട്ട് ഘടിപ്പിച്ച അവസ്ഥയിൽ; സ്റ്റീഫൻ ദേവസ്യയുടെ മൊഴിയെടുക്കുന്നത് വയലിനിസ്റ്റിന്റെ മരണത്തിലെ ദുരൂഹത നീക്കാൻ; ക്വാറന്റീനിലെന്ന കാരണത്തിൽ സമയം ചോദിച്ച് സംഗീതജ്ഞൻ; ബാലഭാസ്‌കറിന്റെ അപകട മരണത്തിൽ കരുതലോടെ സിബിഐ
തിരുവനന്തപുരം : ബാലഭാസ്‌കറിന്റെ മരണത്തിൽ സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സിയുടെ മൊഴിയെടുക്കും. ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് സ്റ്റീഫൻ ദേവസ്സിയോട് സിബിഐ ആവശ്യപ്പെട്ടു. ക്വാറന്റീനിലായതിനാൽ സ്റ്റീഫൻ ദേവസ്സി സാവകാശം ചോദിച്ചിരിക്കുകയാണ്.
ഏറ്റവും അടുത്ത ദിവസങ്ങളിൽ അദ്ദേഹത്തോട് തിരുവനന്തപുരം ഓഫീസിലെത്താനാണ് പറഞ്ഞത്. ക്വാറന്റീനിലായതിനാൽ സാവകാശം വേണമെന്നാണ് സ്റ്റീഫൻ ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്തയാഴ്ച ഹാജരാവാനാണ് ഉദ്ദേശമെന്നാണ് സൂചന. അപകടത്തിനു ശേഷം സ്വകാര്യ ആശുപത്രിയിൽ ബാലഭാസ്‌കറിനെ പ്രവേശിപ്പിച്ച സമയത്ത് സ്റ്റീഫൻ ദേവസ്സി കാണാൻ എത്തിയിരുന്നു. അന്ന് ഇവർ സംസാരിച്ച കാര്യങ്ങളെന്തൊക്കെ എന്നറിയാനാണ് വിളിപ്പിച്ചത്. സ്റ്റീഫൻ ദേവസ്സിക്കെതിരേ ബന്ധുക്കളിൽ ചിലർ മൊഴിയും നൽകിയിട്ടുണ്ട്. ആ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് വിളിപ്പിക്കുന്നത്.
ആശുപത്രി ഐസിയുവിൽ കയറി സ്റ്റീഫൻ ദേവസ്യ ബാലുവിനെ കണ്ടിരുന്നു. ബാലു മരിച്ച ദിവസം രാവിലെയാണ് ഐസിയുവിൽ കയറി സ്റ്റീഫൻ ദേവസ്യ കണ്ടത്. എന്താണ് സ്റ്റീഫൻ ദേവസ്യ ബാലുവിനോട് പറഞ്ഞത് എന്ന് അറിയില്ല. എന്തിനാണ് കയറിക്കണ്ടത് എന്നും അറിയില്ല-ബാലുവിന്റെ പിതാവ് സി.കെ.ഉണ്ണി മറുനാടനോട് പറഞ്ഞു. സ്റ്റീഫൻ ദേവസ്യ ബാലുവിനെ കാണുമ്പോൾ കഴുത്തിൽ ഹോൾസ് ഉണ്ടാക്കി ഓക്‌സിജൻ നേരിട്ട് ഘടിപ്പിച്ച അവസ്ഥയിലായിരുന്നു ബാലു. ബാലുവിന് സംസാരിക്കാൻ കഴിയുമായിരുന്നില്ല. നട്ടെല്ലിനു ഏറ്റ ഗുരുതര പരുക്ക് കാരണം അനങ്ങാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ബാലു. പക്ഷെ ശബ്ദം ഇല്ലാതെ തന്നെ സംസാരിക്കാൻ ബാലു ശ്രമിച്ചിരുന്നു. അങ്ങനെ സംസാരിക്കുകയും ചെയ്യുമായിരുന്നു. ബാലുവും സ്റ്റീഫനും ഒരുമിച്ച് പ്രോഗ്രാമുകൾ ചെയ്യുന്നവരാണ്. ബാലുവിന്റെ മരണത്തെക്കുറിച്ച് ഞങ്ങൾ സിബിഐയ്ക്ക് മൊഴി നൽകിയിട്ടുണ്ട്. ബാലുവിന്റെ മരണത്തിൽ ഒരു പാട് ദുരൂഹതകളും സംശയങ്ങളും നിലനിൽക്കുന്നു എന്നാണ് സിബിഐയ്ക്ക് മൊഴി നൽകിയത്-ഉണ്ണി പറയുന്നു.
അപകടം സംബന്ധിച്ച് അന്വേഷണം പൂർത്തീകരിച്ചാൽ അടുത്ത ഘട്ടത്തിൽ ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച അന്വേഷണത്തിലേക്ക് സിബിഐ കടക്കും. സ്റ്റീഫൻ ദേവസ്സിയുമായി ബാലഭാസ്‌കറിന് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. ഒന്നിച്ച് സംഗീത നിശകളും ഇരുവരും സംഘടിപ്പിച്ചിട്ടുണ്ട്. കേസിൽ നുണപരിശോധന നടത്താൻ സിബിഐ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളായിരുന്ന പ്രകാശൻ തമ്പി, വിഷ്ണു സോമസുന്ദരം, ഡ്രൈവർ അർജുൻ, കലാഭവൻ സോബി എന്നിവർക്കാണ് നുണപരിശോധന നടത്തുന്നത്. 16 ന് ഇവരെ കോടതിയിൽ വിളിപ്പിച്ച് നുണപരിശോധനയ്ക്കു തയാറാണോ എന്ന് ആരായും. തയാറാകുന്നവർക്ക് കോടതിയുടെ നിർദ്ദേശപ്രകാരം തിരുവനന്തപുരത്തോ കൊച്ചിയിലോ നുണ പരിശോധന നടത്താനാണ് സിബിഐ ആലോചിക്കുന്നത്.
അതേസമയം നുണ പരിശോധനയ്ക്ക് തയാറാണെന്ന് താൻ നേരത്തെ അറിയിച്ചതാണെന്ന് കലാഭവൻ സോബി ജോർജ് പറഞ്ഞു. എത്രയും പെട്ടെന്ന് നുണപരിശോധന നടത്തണമെന്നാണ് തന്റെയും ആവശ്യം. എന്നാൽ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി ഉൾപ്പെടെ രണ്ട് പേരെ സിബിഐ ഈ പരിശോധനയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് അറിയുന്നത്. അതിൽ കടുത്ത അമർഷമുണ്ട്. അപകടസമയത്ത് ബാലഭാസ്‌കറിനൊപ്പം വാഹനത്തിലുണ്ടായിരുന്ന വ്യക്തിയാണ് ലക്ഷ്മി. അവരെയും കേസുമായി ബന്ധമുള്ള സ്റ്റീഫൻ ദേവസിയെയും നുണപരിശോധന നടത്തുന്നവരിൽ ഉൾപ്പെടുത്തേണ്ടതായിരുന്നുവെന്നും സോബി ജോർജ് പറഞ്ഞു.
ബാലഭാസ്‌കർ മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ചതിൽ ഒരാളാണ് സുഹൃത്ത് കൂടിയായ സംഗീതജ്ഞൻ സ്റ്റീഫൻ. ഒളിക്കാൻ ഒന്നും ഇല്ലെങ്കിൽ സ്റ്റീഫൻ ദേവസി സ്വയം നുണ പരിശോധനക്ക് തയാറാകണം എന്നും സോബി ജോർജ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റീഫൻ ദേവസിയെ ചോദ്യം ചെയ്യാൻ സിബിഐ വിളിച്ചുവെന്ന വാർത്തയും ചർച്ചയാകുന്നത്.