- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യഥാർത്ഥ കാരണം ഫോണിലുണ്ടെന്ന് അപ്പോൾ തന്നെ സംശയം ഉയർന്നിരുന്നു; ജോൺ ബ്രിട്ടാസ് പറഞ്ഞതുപോലെ അതേ ദിവസം രാത്രി യുഎഇ കോൺസുലേറ്റ് വഴിയുള്ള ദുരൂഹമായ കമ്മിഷൻ ഇടപാട് കൂടി ആ വഴിയിൽ നടന്നെങ്കിൽ ഫോൺ നഷ്ടമായ സംഭവത്തിൽ സംശയം ഏറെ; കേരളത്തിലെ അന്വേഷണ ഏജൻസികൾ തെളിയിക്കും എന്ന് തോന്നുന്നില്ല; മ്യൂസിയത്തെ ബഷീറിന്റെ മരണവും എൻഐഎ അന്വേഷിക്കണമെന്ന് കുടുംബം; വഫാ ഫിറോസിനൊപ്പം ശ്രീറാം വെങ്കിട്ടരാമൻ ഉണ്ടാക്കിയ അപകടം വീണ്ടും ചർച്ചകളിൽ
തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ ഭവനപദ്ധതിയിലെ കമ്മീഷൻ തുകയായ മൂന്നു കോടി രൂപ ഡോളർ രൂപത്തിൽ കൈമാറ്റം ചെയ്യപ്പെട്ടത് 2019 ഓഗസ്റ്റ് രണ്ടിന് രാത്രി കവടിയാറിലെ കഫേ കോഫി ഡേയ്ക്ക് സമീപത്ത് വച്ചാണ് എന്ന മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകൻ ജോൺ ബ്രിട്ടാസിന്റെ വെളിപ്പെടുത്തലോടെ സിറാജ് ബ്യൂറോ ചീഫ് കെ.എം.ബഷീറിന്റെ മരണവിവാദം വീണ്ടും ചൂടുപിടിക്കുന്നു. ഇതേ ദിവസം രാത്രിയാണ് വാഹനാപകടത്തെ തുടർന്നു ദുരൂഹമായ സാഹചര്യത്തിലുള്ള ബഷീറിന്റെ മരണവും നടക്കുന്നത്. സിവിൽ സർവീസ് ഉദ്യോഗസ്ഥനായ ശ്രീറാം സഞ്ചരിച്ച വാഹനമിടിച്ചാണ് ബഷീർ കൊല്ലപ്പെടുന്നത്. ഇതേ ദിവസം രാത്രിയാണ് കവടിയാറിൽ യുഎഇ കോൺസുലേറ്റിലെ ഖാലിദ് കോൺസുലേറ്റിന്റെ ഔദ്യോഗിക വാഹനത്തിൽ വന്നു കമ്മീഷൻ തുക കൈപ്പറ്റിയത് എന്ന് ബ്രിട്ടാസ് വെളിപ്പെടുത്തുന്നു.
യുഎഇ കോൺസുലേറ്റ് വഴി നടന്ന ഇടപാടുകൾ എല്ലാം സംശയാസ്പദമാണ്. സംസ്ഥാന സർക്കാരിനെ പിടിച്ചു കുലുക്കുന്ന ലൈഫ് മിഷൻ പദ്ധതിയിലെ ഈ കമ്മീഷൻ കൈമാറ്റം നടന്ന സ്ഥലത്ത് നിന്ന് കുറച്ച് മാറിയാണ് മ്യൂസിയം റോഡിൽ ബഷീറിന്റെ മരണത്തിനു കാരണമായ വാഹനാപകടവും നടക്കുന്നത്. പണമിടപാട് നടന്ന കോഫി ഷോപ്പിനു തൊട്ടടുത്താണ് ബഷീർ ജോലി ചെയ്ത സിറാജ് പത്രത്തിന്റെ ബ്യൂറോയുള്ളത്. രാത്രി ട്രെയിനിൽ വന്ന ശേഷം ബഷീർ ആദ്യം പോയത് കവടിയാറിലെ ബ്യൂറോയിലാണ്. അർദ്ധരാത്രിയോടെയാണ് ബ്യൂറോയിൽ നിന്നും ബഷീർ ബൈക്കിൽ ഈ പണമിടപാട് നടന്ന കോഫി ഷോപ്പിനു മുൻപിലൂടെ ബൈക്കിൽ യാത്ര തിരിക്കുന്നത്. ഈ കോഫി ഷോപ്പിനു സമീപത്ത് നിന്നാണ് വഫയും ശ്രീറാമും ഒത്തുള്ള ആഡംബര കാറിലെ രാത്രി യാത്ര ആരംഭിക്കുന്നതും. ഒരേ സമയത്ത് തുടങ്ങിയ ഈ യാത്ര മ്യൂസിയത്തിൽ എത്തുമ്പോഴാണ് ശ്രീരാം ഓടിച്ച കാർ ബഷീറിനെ ഇടിച്ച് തെറിപ്പിക്കുന്നതും ബഷീർ കൊല്ലപ്പെടുന്നതും.
ലൈഫ് മിഷൻ പദ്ധതിയിലെ കമ്മിഷൻ തുക യുഎഇ കോൺസുലേറ്റ് ജീവനക്കാരൻ ഈ ദിവസം രാത്രി തന്നെയാണ് കൈപ്പറ്റുന്നതെന്ന ബ്രിട്ടാസിന്റെ വെളിപ്പെടുത്തൽ വന്നതോടെയാണ് ദുരൂഹതയിൽ ഇടംപിടിച്ച ബഷീറിന്റെ മരണം കൂടുതൽ ദുരൂഹമായി മാറുന്നത്. വാഹനാപകടസമയത്ത് കൈവശമുണ്ടായിരുന്ന ബഷീറിന്റെ മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്തോ ദുരൂഹമായ കാര്യങ്ങൾ അപകടസമയത്തോ അതിനു മുൻപോ നടന്നു എന്ന സംശയമാണ് മൊബൈൽ ഫോൺ കാണാതെ പോയ സംഭവം അവശേഷിപ്പിച്ചത്. സംഭവം നടന്ന സമയം ശ്രീരാം വെങ്കിട്ടരാമനും വഫയും മ്യൂസിയം പൊലീസും ആ സമയത്ത് അവിടെയുണ്ട്. എന്നിട്ടും മൊബൈൽ ഫോൺ എന്തുകൊണ്ട് കണ്ടുകിട്ടിയില്ല എന്ന ചോദ്യത്തിനു ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല. ജോൺ ബ്രിട്ടാസിന്റെ വെളിപ്പെടുത്തലോടെ ബഷീറിന്റെ മരണത്തിലുള്ള ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ടു ബഷീറിന്റെ കുടുംബം വീണ്ടും രംഗത്ത് എത്തുകയാണ്. .
ദുരൂഹത അതു പോലെ നിലനിൽക്കുന്നു-ബഷീറിന്റെ സഹോദരൻ
ബഷീറിന്റെ മരണത്തിലുള്ള ദുരൂഹത അതേപോലെ നിലനിൽക്കുകയാണ്. മൊബൈൽ ഫോൺ എന്തുകൊണ്ട് നഷ്ടമായി എന്ന ചോദ്യത്തിനു ഞങ്ങൾക്ക് ഇതേവരെ ഉത്തരം ലഭിച്ചിട്ടില്ല- ബഷീറിന്റെ സഹോദരൻ കെ. അബ്ദുൾറഹ്മാൻ മറുനാടനോട് പറഞ്ഞു. വാഹനാപകടം ഉണ്ടാവാനുള്ള യഥാർത്ഥ കാരണം ഈ ഫോണിലുണ്ടെന്ന് അപ്പോൾ തന്നെ സംശയം ഞങ്ങൾക്ക് ഉയർന്നിരുന്നു. ജോൺ ബ്രിട്ടാസ് പറഞ്ഞതുപോലെ അതേ ദിവസം രാത്രി തന്നെ അവിടെ യുഎഇ കോൺസുലേറ്റ് വഴിയുള്ള ദുരൂഹമായ കമ്മിഷൻ ഇടപാട് കൂടി നടന്നെങ്കിൽ ഫോൺ നഷ്ടമായ സംഭവത്തിൽ ദുരൂഹത ഏറുകയാണ്. കേരളത്തിലെ അന്വേഷണ ഏജൻസികൾ ഇത് തെളിയിക്കും എന്ന് തോന്നുന്നില്ല. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട നടക്കുന്ന എൻഐഎ അന്വേഷണ പരിധിയിൽ ബഷീറിന്റെ മരണം കൂടി ഉൾപ്പെടുത്തിയാൽ അത് നന്നായിരിക്കുമെന്നാണ് തോന്നുന്നത്.
ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച കാര്യം മറച്ചു വയ്ക്കാൻ കേരള പൊലീസ് ശ്രീറാമിനെ സഹായിക്കുകയാണ് ചെയ്തത്. ബഷീർ മദ്യപിച്ചു എന്ന് തെളിയിക്കാൻ പരിശോധന റിപ്പോർട്ട് പ്രകാരം കഴിഞ്ഞിട്ടില്ല. മണിക്കൂറുകൾ കഴിഞ്ഞു നടത്തിയ മദ്യപരിശോധന റിപ്പോർട്ടിൽ നിന്ന് ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചു എന്ന് തെളിയിക്കാൻ കഴിയില്ല. സ്വർണ്ണക്കടത്ത് കേസും ലൈഫ് മിഷൻ തട്ടിപ്പും ഒക്കെ എൻഐഎ അന്വേഷണ പരിധിയിൽ ഉൾപ്പെട്ടിരിക്കെ ബഷീറിന്റെ വാഹനാപകടം കൂടി എൻഐഎ അന്വേഷിക്കുമെങ്കിൽ അത് നന്നായിരിക്കും. കേരള പൊലീസിന്റെ അന്വേഷണത്തിൽ ഞങ്ങൾക്ക് വിശ്വാസം നഷ്ടമായ അവസ്ഥയിലാണ്. അതുകൊണ്ട് തന്നെ ബ്രിട്ടാസിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഈ വാഹനാപകടത്തിന്റെ പിന്നിലെ കാരണം കൂടി എൻഐഎ അന്വേഷിക്കട്ടെ. ബഷീറിന്റെ ഫോൺ എന്തായാലും ലഭിക്കണം എന്നാണ് ഞങ്ങളുടെ ഏറ്റവും വലിയ ആവശ്യം. ഫോൺ എങ്ങനെ പോയി എന്ന് മനസിലാക്കാൻ കഴിഞ്ഞിട്ടില്ല. ഫോൺ ലഭിക്കാത്തിടത്തോളം കാലം സംശയം നിലനിൽക്കും. എന്തോ ദുരൂഹത നിലനിൽക്കുന്നുണ്ട്. അപകടം നടന്ന സമയം പൊലീസ് സ്ഥലത്ത് എത്തി.
എന്നിട്ടും ഫോൺ എങ്ങനെ പോയി. ബഷീറിനെ ആരൊക്കെയോ ആ സമയത്ത് വിളിച്ചിട്ടുണ്ട്. ശ്രീറാം ആരെയൊക്കെ വിളിച്ചു, ശ്രീറാമിനെ ആരൊക്കെ വിളിച്ചു, സ്ഥലത്ത് വന്ന മ്യൂസിയം എസ്ഐ ആരെയൊക്കെ വിളിച്ചു സിഐയെ ആരെയൊക്കെ വിളിച്ചു എന്നൊക്കെയുള്ള വിവരങ്ങളും രഹസ്യമായി നിലനിൽക്കുകയാണ്. അപകടമരണമാണോ കൊലപാതകമാണോ എന്ന് പൊലീസ് കണ്ടെത്തേണ്ടതാണ്. ശ്രീറാം മദ്യപിച്ച കാര്യം കണ്ടെത്താത്തത് പോലെ ഈ വിവരങ്ങളും ഇപ്പോഴും രഹസ്യമാണ്. ബഷീറിന്റെ വാഹനാപകടവുമായി ബന്ധപ്പെട്ട കുറ്റപത്രത്തിൽ ഈ വിവരങ്ങൾ ഒന്നുമില്ല. ഇത് എന്താണ് ഉൾപ്പെടുത്താതത് കേസ് ഒതുക്കാനുള്ള നീക്കം തന്നെയാണ് ഇത്. അതുപോലെ അപകടം നടന്ന സമയത്ത് മ്യൂസിയം വെള്ളയമ്പലം റോഡിലെ ക്യാമറകൾ കണ്ണടച്ചിരിക്കുകയാണ്. അതും ദുരൂഹമാണ്. പൊലീസ് എന്തുകൊണ്ട് ഈ കാര്യത്തിൽ അന്വേഷണം നടത്തുന്നില്ല? തെളിവ് നശിപ്പിക്കാനുള്ള ശ്രമങ്ങൾ ആണ് വാഹനാപകടം നടന്ന സമയം മുതൽ നടന്നിരിക്കുന്നത്. ഗവർണറുടെ രാജ്ഭവൻ സ്ഥിതി ചെയ്യുന്ന റോഡിലെ ക്യാമറ കണ്ണടച്ചു എന്ന് പറഞ്ഞാൽ ആര് വിശ്വസിക്കും. അതുകൊണ്ട് തന്നെയാണ് എൻഐഎ അന്വേഷണം നടത്തുന്നെങ്കിൽ ഈ മരണം കൂടി അന്വേഷണ പരിധിയിൽ ഉൾപ്പെടുത്താൻ ഞങ്ങൾ ആവശ്യപ്പെടുന്നത്-അബ്ദുൾറഹ്മാൻ പറയുന്നു.
ഐ.എ.എസ്. ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച വാഹനമിടിച്ച് ബഷീർ മരിച്ചിട്ട് ഓഗസ്റ്റ് മൂന്നിന് ഒരു വർഷം തികഞ്ഞു. ആറുമാസം മുമ്പ് കോടതിയിൽ കുറ്റപത്രം നൽകിയെങ്കിലും ഒന്നാംപ്രതിയായ ശ്രീറാമും രണ്ടാംപ്രതി വഫയും ഇതുവരെ നേരിട്ട് ഹാജരായിട്ടില്ല. അടുത്ത മാസം പതിനേഴിന് ഈ കേസ് വഞ്ചിയൂർ കോടതി പരിഗണിക്കും. അന്ന് കുടുംബം കോടതിയിൽ ഹാജരാകും. പ്രതിയായ ശ്രീറാം വെങ്കിട്ടരാമനും വഫാ ഫിറോസും അന്നേ ദിവസം കോടതിയിൽ ഹാജരാകും. ക്രൈംബ്രാഞ്ച് ഫെബ്രുവരി ഒന്നിന് നൽകിയ കുറ്റപത്രത്തിൽ നൂറു സാക്ഷിമൊഴികളുണ്ട്. 66 പേജുള്ള കുറ്റപത്രത്തിൽ 84 രേഖകളും 72 തൊണ്ടിമുതലുകളുമാണ് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304 (രണ്ട്), 201 വകുപ്പുകളും മോട്ടോർവാഹന നിയമത്തിലെ 184, 185, 188 വകുപ്പുകളുമാണ് ശ്രീറാമിനും വഫയ്ക്കുമെതിരേ ചുമത്തിയത്.പ്രതികൾ ഹാജരായ ശേഷം വിചാരണയ്ക്കായി കേസ് ജില്ലാ സെഷൻസ് കോടതിയിലേക്കു മാറ്റാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
ശ്രീറാം വെങ്കിട്ടരാമൻ അതിവേഗത്തിൽ ഓടിച്ച കാർ ഇടിച്ചാണ് 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ കെ.എം. ബഷീർ മരിക്കുന്നത്. ആ വാഹനാപകടം പിന്നീട് വലിയ വിവാദമായി മാറി. മരിച്ചത് മാധ്യമ പ്രവർത്തകനും കൊന്നതും ഐഎഎസ് ഉദ്യോഗസ്ഥനും ആയതുകൊണ്ടാണ് വാഹനാപകടം വിവാദമായത്. ഒപ്പം ശ്രീറാമിനെ രക്ഷിക്കാനുള്ള ശ്രമങ്ങളും നടന്നു. ഫൊറൻസിക് വിദഗ്ധരും പൊലീസ് ഫൊട്ടോഗ്രഫറും എത്തും മുൻപേ ഇടിച്ച കാർ റിക്കവറി വാഹനം ഉപയോഗിച്ചു പൊലീസ് മാറ്റി. ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർ യുവാവിന് മദ്യത്തിന്റെ മണമുണ്ടെന്നു പറഞ്ഞിട്ടും ശ്രീറാം വെങ്കിട്ടരാമനാണെന്നറിയാവുന്ന പൊലീസ് രക്തസാംപിളെടുക്കാതെ പോകാൻ അനുവദിച്ചു. എംബിബിഎസ് ബിരുദധാരികൂടിയായ ശ്രീറാമിന് തെളിവുനശിപ്പിക്കാൻ പൊലീസ് ധാരാളം സമയവും സൗകര്യവും ഒരുക്കി നൽകി. ഈ കേസിലെ ആദ്യ വീഴ്ചക്ക് അവിടെ തുടക്കം. തുടർന്ന് തെളിവ് നശിപ്പിക്കലിന്റെ കാഴ്ചകളാണ് ദൃശ്യമായത്. അത് വൻ വിവാദത്തിനും തിരികൊളുത്തി.
മണിക്കൂറുകൾ കഴിഞ്ഞുള്ള രക്ത പരിശോധനയിൽ മദ്യത്തിന്റെ അംശം കണ്ടെത്താൻ കഴിഞ്ഞില്ല. വാഹനം ആരോടിച്ചു എന്നതും വിവാദമായി. വാഹനമോടിച്ചത് വഫയാണെന്നും താനല്ലെന്നുമുള്ള വാദങ്ങൾക്കൊടുവിൽ ശ്രീറാമിനെതിരേ വഫയും രംഗത്തുവന്നു. കോടതിയിൽ വഫ നൽകിയ മൊഴിയിൽ ശ്രീറാം മദ്യപിച്ചിരുന്നുവെന്നും അപകട സമയത്ത് അദ്ദേഹമാണ് വാഹനമോടിച്ചിരുന്നതെന്നും പറയുന്നു. മ്യൂസിയം പൊലീസ് സ്റ്റേഷന് വിളിപ്പാടകലെ നടന്ന അപകടത്തിൽ പൊലീസ് ഒളിച്ചുകളി നടത്തുകയായിരുന്നു. അപകടശേഷം ജനറൽ ആശുപത്രിയിലേക്കു പോയ ശ്രീറാം അവിടെനിന്ന് സ്വകാര്യ ആശുപത്രിയിലേക്കു മാറി. മദ്യപിച്ച് വാഹനമോടിച്ചുവെന്ന് സാക്ഷിമൊഴികൾ ഉണ്ടായിരുന്നു. എന്നാൽ, ശ്രീറാമിന്റെ രക്തപരിശോധന നടത്താനായത് ഒമ്പത് മണിക്കൂറുകൾക്കു ശേഷമാണ്. അതും മാധ്യമ സമ്മർദത്തെ തുടർന്ന്.
ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർ ശ്രീറാമിൽ മദ്യത്തിന്റെ മണമുണ്ടായിരുന്നുവെന്ന് കുറിച്ചിരുന്നെങ്കിലും മണിക്കൂറുകൾക്കു ശേഷം ശേഖരിച്ച രക്തത്തിന്റെ സാംപിൾ പരിശോധനയിൽ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ല. കാറിന്റെ അതിവേഗവും അപകടസമയത്ത് കാർ ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമനാണെന്നുമുള്ളത് ശാസ്ത്രീയ തെളിവുകൾ നിരത്തിയാണ് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
മറുനാടന് മലയാളി സീനിയര് സബ് എഡിറ്റര്.