- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാവി തൊടാതെ പശ്ചിമ ബംഗാൾ; ഭരണം ലക്ഷ്യമിട്ട ബിജെപിക്ക് കനത്ത തിരിച്ചടി, നന്ദിഗ്രാമിൽ കപ്പിത്താനെ നഷ്ടപ്പെട്ടിട്ടും തൃണമൂൽ കോൺഗ്രസ് അധികാരത്തിലേക്ക്; 'വെല്ലുവിളി'യിൽ സുവേന്ദു അധികാരിയോട് പൊരുതി തോറ്റ് മമത ബാനർജി; ജനവിധി അംഗീകരിക്കുന്നുവെന്നും പ്രതികരണം
കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തമായ രാഷ്ട്രീയ പോരാട്ടത്തിനു വേദിയായ പശ്ചിമ ബംഗാളിൽ ബിജെപിയെ കെട്ടുകെട്ടിച്ച് തൃണമൂൽ കോൺഗ്രസ് അധികാരത്തിലേക്ക്. ആകെയുള്ള 294 സീറ്റുകളിൽ 292 സീറ്റുകളിലെ ഒടുവിൽ ചിത്രം വ്യക്തമാകുമ്പോൾ തൃണമൂൽ കോൺഗ്രസിന് 213 സീറ്റുകളിൽ ലീഡ്. 76 സീറ്റുകളിലാണ് ബിജെപിക്ക് ലീഡുള്ളത്.
അക്ഷരാർഥത്തിൽ 2016-ലെ വിജയം ആവർത്തിക്കുകയാണ് മമതയുടെ തൃണമൂൽ കോൺഗ്രസ്. ഇടത് കോൺഗ്രസ് സഖ്യത്തിനും കനത്ത തിരിച്ചടിയാണ് നേരിട്ടത്. ആകെയുണ്ടായിരുന്ന എട്ട് സീറ്റുകൾ കൈവിട്ടു.
നന്ദിഗ്രാമിൽ തന്റെ പഴയ വിശ്വസ്തൻ ബിജെപി സ്ഥാനാർത്ഥി സുവേന്ദു അധികാരിക്കെതിരെ മമത ബാനർജി പൊരുതി തോറ്റു. ജനവിധി അംഗീകരിക്കുന്നതായി മമത മാധ്യമങ്ങളോടു പറഞ്ഞു. ഒരു പോരാട്ടത്തിൽ ചില നഷ്ടങ്ങളുണ്ടാകുമെന്നും മമത പറഞ്ഞു.
2011 മുതൽ ഭവാനിപുരിൽനിന്ന് മത്സരിച്ചിരുന്ന മമത, നിർണായകഘട്ടത്തിൽ പാർട്ടിവിട്ട തന്റെ മുൻ വിശ്വസ്തനെതിരെ മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. മിനാക്ഷി മുഖർജിയായിരുന്നു സംയുക്ത മോർച്ച സ്ഥാനാർത്ഥി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തൃണമൂൽ പ്രവർത്തകർ ആഘോഷം ആരംഭിച്ചു. വോട്ടെണ്ണലിന്റെ ആരംഭം മുതൽ ഒപ്പത്തിനൊപ്പമുണ്ടായിരുന്ന ബിജെപിയെ പിന്നിലാക്കിയാണ് തൃണമൂൽ മുന്നേറുന്നത്. കോൺഗ്രസ് ഇടത് സഖ്യത്തിന് നിലവിൽ ഒരു സീറ്റിലും ലീഡില്ല.
'ഇതു ബംഗാളിന്റെ ജയം. കോവിഡ് നിയന്ത്രിക്കുന്നതിനാണ് ഇപ്പോൾ മുൻഗണന. പ്രവർത്തകരെല്ലാവരും വീട്ടിലേക്കു പോകൂ. കുളിക്കൂ. ആഘോഷമൊക്കെ പിന്നീട്' നന്ദിഗ്രാമിൽ 1200 വോട്ടിന് ജയിച്ചതിനു പിന്നാലെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ആദ്യ പ്രതികരണം. മമത വീൽചെയർ ഒഴിവാക്കി നടന്നാണ് വീടിനു മുൻപിലെത്തിയ അനുയായികളെ അഭിസംബോധന ചെയ്യാൻ വന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ നേതൃത്വത്തിൽ ബിജെപിയും, മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസും നേർക്കുനേർ പോരടിച്ച തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. അതുകൊണ്ടുതന്നെ ഫലം ഇരു കൂട്ടർക്കും ഒരുപോലെ നിർണായകം. ഇവർക്കൊപ്പം പരാമവധി സീറ്റു സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെ ഇടതു പാർട്ടികളും കോൺഗ്രസും ഉൾപ്പെടുന്ന സഖ്യവുമുണ്ട്.
ആകെ 294 സീറ്റുകളുള്ള ബംഗാൾ നിയമസഭയിലേക്ക് എട്ടു ഘട്ടങ്ങളിലാണ് വോട്ടെടുപ്പു നടന്നത്. ഏപ്രിൽ 29നായിരുന്നു അവസാന ഘട്ട വോട്ടെടുപ്പ്. അധികാരത്തിൽ ഹാട്രിക് ലക്ഷ്യമിട്ടാണ് മമതാ ബാനർജിയും തൃണമൂൽ കോൺഗ്രസും ഇക്കുറി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ആകെയുള്ള 294 സീറ്റുകളിൽ 200ൽ അധികം സീറ്റുകൾ നേടി വൻ അട്ടിമറിയാണ് ബിജെപി ലക്ഷ്യമിട്ടത്.
അധികാരം പിടിച്ചെങ്കിലും നന്ദിഗ്രാമിൽ മമത ബാനർജിയുടെ പരാജയം തൃണമൂൽ കോൺഗ്രസിനെ ഞെട്ടിക്കുന്നതാണ്. തൃണമൂലിൽനിന്ന് തെറ്റിപ്പിരിഞ്ഞ സുവേന്ദു അധികാരിയുടെ തട്ടകമാണ് നന്ദിഗ്രാം ഉൾപ്പെടുന്ന നാല് ജില്ലകൾ. ഇവിടെ ബിജെപി. സ്ഥാനാർത്ഥിയായ സുവേന്ദുവിനെതിരെ വിജയമുറപ്പില്ലാത്ത മത്സരത്തിനിറങ്ങിയ മമത മറ്റൊരിടത്ത് സുരക്ഷിത മണ്ഡലമൊരുക്കാതെ പോരാടിയത്.
നന്ദിഗ്രാമിൽ താൻ മത്സരിക്കാനിറങ്ങിയില്ലെങ്കിൽ നാൽപതോളം മണ്ഡലങ്ങളിൽ ടി.എം.സിയുടെ നില പരുങ്ങലിലാകുമെന്ന് തിരിച്ചറിഞ്ഞതിന്റെ രാഷ്ട്രീയസാമർഥ്യമാണ് മമത പ്രയോഗിച്ചത്. പത്തുവർഷത്തെ ഭരണനേട്ടങ്ങളെക്കുറിച്ചുള്ള പ്രചരണത്തോടൊപ്പം കേന്ദ്രസർക്കാരിനെതിരെയുള്ള വിമർശനങ്ങളുമായിരുന്നു മമതയുടെ രാഷ്ട്രീയായുധങ്ങൾ. ഇതോടൊപ്പം സ്ഥിരം വോട്ട് ബാങ്കുകളായ ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ, പാവപ്പെട്ടവർ, ഇടത്തരക്കാർ, ഹിന്ദുക്കളിൽ ഒരു വിഭാഗം തുടങ്ങിയവരെ ഒപ്പം നിർത്താനും മമത ശ്രദ്ധിച്ചു
2007ലെ ഭൂമിയേറ്റെടുക്കൽ പ്രക്ഷോഭത്തിനു ശേഷം നടന്ന 2009 ലെ ഉപതിരഞ്ഞെടുപ്പ് മുതൽ നന്ദിഗ്രാം തൃണമൂൽ കോൺഗ്രസിന്റെ കുത്തകയാണ്. ഫിറോജ ബീബിയാണ് തൃണമൂലിൽനിന്ന് ഉപതിരഞ്ഞെടുപ്പിലും 2011 നിയമസഭാ തിരഞ്ഞെടുപ്പിലും ജയിച്ചത്. 2016 ൽ സുവേന്ദു അധികാരി മത്സരിച്ച് വിജയിച്ചു.
2011ലെ തിരഞ്ഞെടുപ്പിൽ 61.21% വോട്ടുകൾക്കാണ് തൃണമൂലിന്റെ ഫിറോജ ബീബി വിജയിച്ചത്. സിപിഐ 35.35% വോട്ടുകൾ നേടിയപ്പോൾ ബിജെപിക്ക് 1.72% വോട്ടുകളെ ലഭിച്ചുള്ളൂ. 2016ലെ തിരഞ്ഞെടുപ്പിൽ 67.20% വോട്ടുകൾക്കാണ് സുവേന്ദു അധികാരി ജയിച്ചത്. സിപിഐ 26.70% വോട്ടുകൾ നേടിയപ്പോൾ ബിജെപി 5.40% വോട്ടുകൾ നേടി. സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ 0.40% വോട്ടുകളും ഭാരതീയ നവശക്തി പാർട്ടി 0.40% വോട്ടുകളും നേടിയിരുന്നു.
ജയത്തിൽ കുറഞ്ഞതൊന്നും ആരും പ്രതീക്ഷിക്കാത്ത യുദ്ധമായിരുന്നു ബംഗാളിൽ ഇക്കുറി അരങ്ങേറിയത്. മമത ബാനർജിക്കത് അധികാരത്തിലേക്കുള്ള മൂന്നാം വരവിനായുള്ള പോരാട്ടമായിരുന്നെങ്കിൽ ബംഗാൾ പിടിക്കുക എന്ന ലക്ഷ്യത്തിനായി 2014 മുതൽ ആരംഭിച്ച തയ്യാറെടുപ്പുകളുടെ പരിസമാപ്തിയായിരുന്നു ബിജെപിക്ക് അത്. ബംഗാളിന്റെ മണ്ണിൽ ശേഷിക്കുന്ന സ്വന്തം ഇടം വീണ്ടെടുക്കാനും നിലനിർത്താനുമുള്ള പോരാട്ടമായിരുന്നു കോൺഗ്രസിന്റെ കൈകൾ പിടിച്ച് ഇടതുപാർട്ടികൾ നടത്തിയത്. എന്നാൽ ചരിത്രം ഇക്കുറിയും മമതയ്ക്കൊപ്പം നിന്നു.
രാഷ്ട്രീയമായ കീഴ്മേൽ മറിയലുകളുടേതാണ് സ്വാതന്ത്ര്യാനന്തര ബംഗാളിന്റെ രാഷ്ട്രീയ ചരിത്രം. ആദ്യം കോൺഗ്രസും പിന്നീട് ഇടതുപക്ഷവും കൈയാളിയ പതിറ്റാണ്ടുകളുടെ അധികാര ചരിത്രത്തെ തകർത്തുകൊണ്ടാണ് 2011-ൽ നന്ദിഗ്രാം പ്രക്ഷോഭങ്ങളുടെ പിൻബലത്തിൽ മമതയുടെ തൃണമൂൽ കോൺഗ്രസ് അധികാരം പിടിക്കുന്നത്. പിന്നീടിങ്ങോട്ട് മെലിഞ്ഞുവരുന്ന കോൺഗ്രസ്, സിപിഎം കക്ഷികളുടെ രാഷ്ട്രീയ ഇടം സമർഥമായി പ്രയോജനപ്പെടുത്തിയാണ് ബിജെപി-ആർഎസ്എസ് ബംഗാളിൽ അവരുടെ ചുവടുറപ്പിക്കുന്നത്. അതിന്റെ ഫലപ്രാപ്തിയായിരുന്നു ഇക്കുറി ബിജെപി പ്രതീക്ഷ.
മറ്റ് രാഷ്ട്രീയവിഷയങ്ങൾക്കൊപ്പം പത്ത് വർഷത്തെ മമതയുടെ ഭരണമായിരുന്നു ബംഗാളിലെ പ്രധാന തിരഞ്ഞെടുപ്പ് വിഷയം. എന്നാൽ മമത സർക്കാരിനെക്കുറിച്ച് അത്ര മികച്ച അഭിപ്രായം ബംഗാളികൾക്കിടയിൽ ഉണ്ടായിരുന്നില്ലെന്നതാണ് സത്യം. അതിനെ മറികടക്കാൻ മമത എന്ന വ്യക്തിയുടെ പ്രതിച്ഛായതന്നെയാണ് തിരഞ്ഞെടുപ്പിൽ അവർ ഉപയോഗിച്ചത്. ബിജെപിയുടെ വളഞ്ഞിട്ട് ആക്രമണങ്ങളെ ഒറ്റയ്ക്ക് എതിർക്കുന്ന പോരാളിയുടെ ചിത്രമായിരുന്നു ഈ തിരഞ്ഞെടുപ്പിൽ മമത മുന്നോട്ടുവെച്ചത്. നന്ദിഗ്രാമിൽ തനിക്കുനേരെ ബിജെപി. പ്രവർത്തകർ ആക്രമണം നടത്തിയെന്ന് ആരോപിച്ച് തിരഞ്ഞെടുപ്പ് യോഗങ്ങളിലെല്ലാം വീൽചെയറിലായിരുന്നു മമത എത്തിയത്.
ബിജെപിയുടെ പടനീക്കങ്ങൾക്കൊപ്പം മറ്റു പ്രതിസന്ധികളും ഇത്തവണ മമതയ്ക്ക് നേരിടേണ്ടതുണ്ടായിരുന്നു. ഭരണവീഴ്ചകൾ, പാർട്ടിയിലെ പടലപ്പിണക്കങ്ങൾ, വിശ്വസ്തരുടെ കൊഴിഞ്ഞുപോക്ക്, അഴിമതി ആരോപണങ്ങൾ, അനന്തിരവൻ അഭിഷേക് ബാനർജിയുടെ വഴിവിട്ട നടപടികൾ തുടങ്ങിയവയൊക്കെ ഭീഷണിയായിരുന്നു. ഒപ്പം, കോൺഗ്രസും ഇടതുപാർട്ടികളും സഖ്യമുണ്ടാക്കി വേറിട്ട് മത്സരിക്കുന്നതിലൂടെ മുസ്ലിം, മതേതര വോട്ടുകൾ വിഘടിക്കപ്പെടുമെന്നതും മമത നേരിട്ട വലിയ ഭീഷണിയായിരുന്നു. ഈ പ്രതികൂല ഘടകങ്ങളെ തന്റെ വ്യക്തിഗത പ്രഭാവം കൊണ്ട് ഒറ്റയ്ക്ക് നേരിട്ടാണ് തൃണമൂൽ കോൺഗ്രസിനെ വീണ്ടും മമത അധികാരത്തിൽ എത്തിക്കുന്നത്.
ന്യൂസ് ഡെസ്ക്