- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം നിർമ്മിച്ചിരുന്നത് ആചാരങ്ങളുമായും ഉൽസവങ്ങളുമായും ബന്ധപ്പെട്ട ഉപയോഗത്തിന്; ചോളം, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങളിൽ നിന്ന് ഉത്പാദിപ്പിക്കുന്നതിനാൽ അറിയപ്പെട്ടത് സാധാരണക്കാരന്റെ മദ്യമെന്ന്; കാലത്തിനനുസരിച്ച് മുഖം മിനുക്കിയപ്പോൾ പേര് ബംഗ്ലയെന്നായി; ബംഗാളിന്റെ സ്വന്തം വാറ്റിന്റെ കഥ
കൊൽക്കത്ത: ഇന്ത്യയിൽ പ്രദേശിക മദ്യങ്ങൾക്ക് വിപണനസാധ്യതകൾ കണ്ടെത്തുന്നത് അപൂർവ്വം സംസ്ഥാനങ്ങൾ മാത്രമാണ്.ഗോവയിൽ കശുമാങ്ങയിൽ നിന്നുള്ള ഫെനി പോലെ. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വിവിധ ഗോത്രങ്ങൾക്കു പ്രത്യേകം റൈസ് ബീയറുകൾ ഉണ്ടെങ്കിലും ഇത് പൊതുവിപണിയിൽ ലഭ്യമല്ല. അപോങ് ഉൾപ്പെടെയുള്ള ജനപ്രിയ റൈസ് ബീയറുകൾ വിപണം നടത്താൻ ചർച്ച നടന്നെങ്കിലും യാഥാർഥ്യമായിട്ടില്ല.
ഇതിന്റെ ചുവട് പിടിക്കാനൊരുങ്ങിയാണ് ഴിഞ്ഞ ദിവസത്തെ ബജറ്റ് അവതരണത്തെത്തുടർന്ന് കേരളത്തിൽ കപ്പയിൽ നിന്ന് മദ്യം ഉത്പാദിപ്പിക്കുന്നതിനെക്കുറിച്ചും അവയ്ക്ക് ഉചിതമായ വിപണി കണ്ടെത്തുന്നതിനെക്കുറിച്ചുമൊക്കെ ചർച്ചകൾ സജീവമായത്.
എന്നാൽ പ്രാദേശിക മദ്യത്തിന്റെ വിപണസാധ്യതകൾക്ക് മാതൃകയാവുകയാണ് ബംഗാളിന്റെ സ്വന്തം ബംഗ്ല.പണ്ട് കാലത്ത് ചെറിയ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന ഈ നാടൻ മദ്യം ഇന്ന് ഫൈസ്റ്റാർ പരിവേഷത്തിലെത്തി നിൽ്ക്കുകയാണ്. ബംഗ്ല എന്ന പേര് പോലും ലഭിച്ചത് ഈ മാറ്റത്തിന്റെ ഭാഗമാണ്.
ആചാരങ്ങളുമായും ഉൽസവങ്ങളുമായും ബന്ധപ്പെട്ടാണ് ബംഗ്ല മുൻപ് ഗ്രാമങ്ങളിൽ നിർമ്മിച്ചിരുന്നത്. കാളീപൂജയ്ക്കായി ഉപയോഗിക്കുന്ന ബംഗ്ലയിൽ 75 % വരെ ആൽക്കഹോൾ അടങ്ങിയിട്ടുണ്ടാകും. നീളത്തിൽ അരിഞ്ഞ ഇഞ്ചി ഉപ്പിൽ മുക്കി ബംഗ്ലാ കുടിച്ച് രാഷ്ട്രീയം പറയുന്ന നാടൻ മനുഷ്യർ ബംഗാളി സിനിമകളിലെ നിത്യചിത്രമാണ്.
ചോളം, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങളിൽ നിന്നാണ് ബംഗ്ല തയ്യാറാക്കുന്നത്. 650 എംഎൽ കുപ്പിക്കു ശരാശരി 120 രൂപയാണ് വില. കപ്പയിൽ നിന്നെന്നപോലെ സ്റ്റാർച്ചിൽ നിന്നാണ് മദ്യനിർമ്മാണം. ചെറിയ വരുമാനത്തിൽ ജീവിക്കുന്ന റിക്ഷക്കാർ ഉൾപ്പെടെയുള്ള പാവപ്പെട്ടവർക്കുള്ള മദ്യം എന്ന നിലയിൽ ബംഗ്ലയെ നിലനിർത്തേണ്ടത് ആവശ്യമാണെന്ന് സർക്കാറും നയപരമായി കരുതുന്നു.
വ്യാജ മദ്യദുരന്തങ്ങൾ ആവർത്തിച്ച പശ്ചാത്തലത്തിലായിരുന്നു ഇത്.കാലങ്ങളിലായി ബംഗാളിലുണ്ടായിരുന്ന വാറ്റ് മദ്യമാണ് ആധുനികവൽക്കരിച്ച് 'ബംഗ്ല' എന്ന പൊതു ബ്രാൻഡിൽ വിൽക്കുന്നത്. സാധാരണക്കാർക്കും പാവപ്പെട്ടവർക്കും പ്രാപ്യമായ മദ്യം എന്ന നിലയിൽ ബംഗാളിൽ സൂപ്പർഹിറ്റാണ് ഈ മദ്യത്തിന്റെ വിൽപ്പന. എല്ലാ ലൈസൻസ്ഡ് മദ്യ ഔട്ട്ലെറ്റുകളിലും ബംഗ്ല ലഭിക്കും.
ക്യാപ്റ്റൻ, ദാദാ, ജോയ്, ടാർസൻ, വണ്ടർ, പഞ്ച്, സ്പാർക്ക് എന്നിങ്ങനെ അനവധി ബ്രാൻഡ് നാമത്തിൽ ബംഗ്ല ലഭ്യമാണ്. ബംഗാളിലെ മദ്യവിപണിയുടെ 40 ശതമാനത്തോളം ബംഗ്ലയാണ്. സർക്കാറിന്റെ മുഖ്യവരുമാനങ്ങളിലൊന്നും ബംഗ്ല വിൽപനയിലൂടെയുള്ള നികുതിയാണ്. ബംഗാളിലെ ഗ്രാമങ്ങളിൽ കാലാകാലങ്ങളിലായി നാടനായി വാറ്റിയിരുന്ന ബംഗ്ല ആധുനിക ഡിസ്ലറികളിലാണ് ഇപ്പോൾ നിർമ്മിക്കുന്നത്.
മറ്റു മദ്യങ്ങളേക്കാൾ വീര്യം കൂടിയ ബംഗ്ല കൂടുതൽ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ടെങ്കിലും കൂടുതൽ ഔട്ട്ലെറ്റുകളിൽ ലഭ്യമാക്കുകയാണ് സർക്കാർ ചെയ്തത്.നേരത്തേ ബംഗാളിലെ പ്രധാന പട്ടണങ്ങളിൽ ഓൺലൈനിൽ മദ്യം വിൽക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. ലോക്ഡൗൺ സമയത്തും മറ്റും അനവധി പേരാണ് ഈ സൗകര്യം ഉപയോഗിച്ചത്.
മറുനാടന് മലയാളി ബ്യൂറോ