- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വീണയ്ക്ക് ക്യാപ്റ്റൻ കൃഷ്ണൻ നായർ വഴി സീറ്റ് ഏർപ്പാടാക്കി; പരീക്ഷയില്ലാതെ അമൃതാനന്ദമയിയുടെ കോളജിൽ അഡ്‌മിഷൻ കിട്ടി; ഇത് കൂത്തുപറമ്പ് രക്തസാക്ഷികളോടുള്ള വഞ്ചന'; കടന്നുപോയത് പിണറായിക്ക് രാഷ്ട്രീയ ജീവിതത്തിൽ ഏറ്റവും വലിയ വെല്ലുവിളി ഉയർത്തിയ മനുഷ്യൻ
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ നാളിതുവരെയുള്ള രാഷ്ട്രീയ ജീവതത്തിൽ ഏറ്റവും വലിയ വെല്ലുവിളി ഉയർത്തിയ വ്യക്തിയായിരുന്നു, അന്തരിച്ച ബർലിൻ കുഞ്ഞനന്തൻ നായർ. ജർമ്മൻ തലസ്ഥാനമായ ബർലിനിൽ പോയി അഗോള തലത്തിലുള്ള സിഐഎയുടെ ഇടപെടലൊക്കെ എഴുതിയ ബർലിൻ പക്ഷേ, കേരളത്തിലെ സോഷ്യൽ മീഡിയയിൽ തരംഗമായത്, അദ്ദേഹത്തിന്റെ ആത്മകഥയായ 'ഒളിക്യമാറകൾ പറയാത്തത്' എന്ന പുസ്തകത്തിലൂടെ ആയിരുന്നു. ഇതിൽ ബർലിൻ താൻ നേരിട്ട് സാക്ഷിയായ അനുഭവങ്ങളിലൂടെ പിണറായി വിജയൻ എന്ന നേതാവിനെ നിർത്തിപ്പൊരിക്കയായിരുന്നു.
ജർമ്മനിയിൽ നിന്ന് വന്നശേഷം തിരുവനന്തപുരം എകെജി സെന്റിൽ ആയിരുന്നു ബർലിൻ ജോലി നോക്കിയത്. ഈ സമയത്ത് താൻ നേരിട്ടുകണ്ട സംഭവവികാസങ്ങൾ ആണ് അദ്ദേഹം പുസ്തകത്തിൽ കുറിച്ചത്. സ്വാശ്രയ കോളജ് സമരത്തിനുശേഷം കൂത്തുപറമ്പ് രക്തസാക്ഷികളുടെ ചോരക്കറ മാഞ്ഞിട്ടില്ലാത്ത സമയത്തുതന്നെ, സ്വന്തം മകൾക്ക്, മാതാ അമൃതാന്ദമയിയുടെ കോളജിൽ അനധികൃതമായി അഡ്‌മിഷൻ നേടിയ സംഭവമാണ് ബർലിൻ വിവരിക്കുന്നത്. കമ്യൂണിസ്റ്റ് നേതാക്കളെ എങ്ങനെ പണാധിപത്യം വിഴുങ്ങുന്നുവെന്നതിന്റെ ഉദാഹരണമായി സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നതും 'ഒളിക്യാമറകൾ പറയാത്തത്' എന്ന ആത്മകഥയിലെ ചില ഭാഗങ്ങളാണ്.
ദഹിക്കാതെ പോയ ഊണ്
ഈ പുസ്‌കത്തിലെ ദഹിക്കാതെ പോയ ഊണ് എന്ന അധ്യായത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്. 'പിണറായിയുടെ മകൾ വീണക്ക് ഐടി വിഷയത്തിൽ എഞ്ചിനീയറിംഗിന് കലശലായ ആഗ്രഹമുള്ള കാലം. കൊലിയക്കോട് കൃഷ്ണൻ നായർ മുഖേന സീറ്റുറപ്പിക്കാനുള്ള ശ്രമം വിഫലമായി. എകെജി സെന്ററിൽ നിന്ന് ബർലിൻ കുഞ്ഞനന്തൻ നായർ മുഖേന ക്യാപ്റ്റൻ കൃഷ്ണൻ നായരുമായി ബന്ധപ്പെടുന്നു. കോയമ്പത്തൂരിലെ അമൃതാ എഞ്ചിനിയറിങ് കോളേജിൽ പ്രവേശനം ലഭിക്കാൻ അമ്മയെ സ്വാധീനിക്കുന്നു.ജാതി മതശക്തികളുടെയും പുത്തൻ സാമ്പത്തിക ശക്തികളുടേയും സമ്മർദ്ദത്തിൽ സ്വാശ്രയകോളേജുകൾ തലങ്ങും വിലങ്ങും ആരംഭിച്ചതിനെതിരെ എസ്.എഫ്.ഐ യും ഡിവൈഎഫ്ഐ യും നടത്തിയ പോരാട്ടങ്ങളുടെ ചൂടും ചോരയും അന്തരീക്ഷത്തിൽ നിലനിന്നിരുന്നു.
കൂത്തുപറമ്പു രക്തസാക്ഷികളുടെ ചോരപ്പാടുകൾ മായാത്ത കാലം. പിണറായിയുടെ മകൾ വീണക്കു വേണ്ടി ലക്ഷപ്രഭുക്കളുടെ മക്കൾക്കു മാത്രം പ്രവേശിക്കാൻ കഴിയുന്ന സ്ഥാപനം. അവിടെ വീണയെ ചേർത്താൽ കടുത്ത വിമർശനങ്ങൾ ഉയർന്നു വരില്ലേ എന്ന ചോദ്യത്തിന് 'നിങ്ങൾ അതൊന്നും നോക്കണ്ട, കഴിയുമെങ്കിൽ കൃഷ്ണൻ നായരെ വിളിക്കൂ' എന്ന പിണറായിയുടെ ആജ്ഞ. എകെജി സെന്ററിലെ ഫോണിൽ നിന്നും ബർലിൻ കൃഷ്ണൻ നായരെ വിളിക്കുന്നു. കാര്യങ്ങൾ വിശദീകരിച്ചു കഴിഞ്ഞപ്പോൾ അങ്ങേ തലക്കൽ നിന്നും ക്യാപ്റ്റന്റെ നീണ്ട ചിരി. 'കുഞ്ഞനന്തൻ നായരെ നിങ്ങൾ പാർട്ടിക്കാർ സ്വാശ്രയ കോളേജുകൾക്ക് എതിരല്ലേ. എസ്.എഫ്.ഐ പിള്ളേരുടെ സമരം ഇനിയും തീർന്നില്ലല്ലോ. അത്തരം കോളേജിൽ പിണറായി മകളെ ചേർക്കുമോ. നിങ്ങൾ അദ്ദേഹത്തോടു ചോദിച്ചിട്ട് തന്നെയാണോ എന്നോട് സംസാരിക്കുന്നത്.''
അതെ എന്നു മറുപടി പറഞ്ഞു. അതിനുശേഷം കൃഷ്ണൻ നായർ മറുത്തൊന്നും പറഞ്ഞില്ല. 'അമ്മ' ഇപ്പോൾ വിദേശത്താണെന്നും ബന്ധപ്പെട്ടുനോക്കാമെന്നും ക്യാപ്റ്റ െന്റ മറുപടി. അന്നു വൈകുന്നേരം ക്യാപ്റ്റൻ കൃഷ്ണൻ നായരെ വിളിച്ചു. എല്ലാ തിരക്കുകളും മാറ്റിവെച്ച് ഈ ആവശ്യത്തിനായി പലരേയും ബന്ധപ്പെടുകയായിരുന്നു അദ്ദേഹം. അൽപ്പം കഴിഞ്ഞ് ക്യാപ്റ്റന്റെ ഫോൺ. '' നിങ്ങൾ 2000 ജൂലൈ 19 ന് രാവിലെ 10 മണിക്ക് കോയമ്പത്തൂരിലെ അമൃതാ എഞ്ചിനിയറിങ് കോളേജിൽ കുട്ടിയേയും കൂട്ടി എത്തണം. ഞാൻ അമ്മയെ വിളിച്ചു. സീറ്റ് ശരിയാക്കാമെന്ന് പറഞ്ഞിട്ടുണ്ട്. കോളേജിന്റെ കോ-ഓർഡിനേറ്റർ പ്രൊഫ. പരമേശ്വരനെ കണ്ടാൽ മതി.എല്ലാ കാര്യങ്ങളും എർപ്പാടുചെയ്തിട്ടുണ്ട്.''. ഈ കാര്യങ്ങൾ കേട്ടപ്പോൾ പിണറായിക്ക് ആശ്വാസമായി.
അന്നുതന്നെ കോയമ്പത്തൂരിലേക്ക് പോകുവാൻ അഞ്ച് എ സി ടിക്കറ്റുകൾ ബുക്കുചെയ്യാൻ ഏർപ്പാടാക്കി. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് എമർജൻസി ക്വാട്ടയിൽ മൂന്ന് ടിക്കറ്റുകൾ ഷൊർണൂരിലേക്ക് കിട്ടി. പിണറായി ഭാര്യ കമല മകൾ വീണ, ഞാൻ, പിണറായിയുടെ ഗൺമാൻ എന്നിവർ ജൂലായ് 18 ന് യാത്ര തിരിച്ചു. പിണറായി ട്രയിനിൽ അപ്പർ ബർത്തിലും ഭാര്യയും മകളും ലോവർ ബർത്തിലും, എനിക്കും ഗൺമാനും ബർത്ത് ഇല്ലായിരുന്നു.ട്രയിൻ കൊല്ലത്ത് എത്തിയപ്പോൾ ജനതാദൾ നേതാവ് സി.കെ നാണു ബുദ്ധിമുട്ടുന്ന എന്നെ കണ്ടു, അദ്ദേഹം ടി ടി എ കണ്ട് ഷൊർണൂരിലേക്ക് ഒരു ബർത്ത് ശരിപ്പെടുത്തി തന്നു. എനിക്ക് ബർത്ത് കിട്ടാത്ത കാര്യമൊന്നും പിണറായി ഗൗനിച്ചതേയില്ല, അദ്ദേഹത്തിന്റെ ആവശ്യത്തിനാണ് ഞാൻ പോകുന്നത് എന്ന ചിന്തയെങ്കിലും അദ്ദേഹത്തിന് ഉണ്ടാകേണ്ടതായിരുന്നു. എനിക്ക് ഒരുതരം ആത്മനിന്ദയാണ് തോന്നിയത്. ഞാനെന്തിനാണ് ഇങ്ങനെയൊരാളെ സഹായിക്കണം. ഞങ്ങൾ പുലർച്ച ഷൊർണൂരെത്തി മഴ കനത്തു പെയ്യുന്നുണ്ടായിരുന്നു.
നമുക്കൊരു ടാക്സി പിടിച്ച് പാർട്ടി ഓഫീസിലേക്കോ, ഗസ്റ്റുഹൗസിലേക്കോ പോകാമെന്ന് ഞാൻ പറഞ്ഞു, ഓ, അതൊന്നും നിങ്ങൾ ആലോചിക്കണ്ട, അതിനെല്ലാം ഏർപ്പാട് ചെയ്തിട്ടുണ്ട്. പിണറായി പറഞ്ഞു. റെയിൽവെ സ്റ്റേഷൻ കവാടത്തിൽ ഒരാൾ പിണറായിയെ കണ്ടപ്പോൾ തൊഴുതു വണങ്ങി. മൂന്ന് ആഡംബരക്കാറുകൾ ഞങ്ങളെ കാത്തു കിടപ്പുണ്ടായിരുന്നു. ഒന്നിന്റ നമ്പർ 5008. കാർ ഉടമ വൻ ബിസിനസുകാരനും വ്യവസായിയുമായ വരദരാജനായിരുന്നു. ഞങ്ങൾ പാലക്കാട് വിക്ടോറിയ കോളേജിനു സമീപമുള്ള ഗസ്റ്റ് ഹൗസിലെത്തി. സ്വീകരിക്കാൻ പരിചാരകരുടെ വൻപട തന്നെയുണ്ടായിരുന്നു. അതേ കാറിൽ കോയമ്പത്തൂരിലെ അമൃതാ ഇൻസ്റ്റ്യൂട്ടിലേക്ക് പോയി.പത്തുമണിയോടെ എട്ടിമടയിലുള്ള കോളേജിലെത്തി. കോളേജിലെ കോ ഓർഡിനേറ്റർ പ്രൊഫ.സി.പരമേശ്വരൻ ഞങ്ങളെ സ്വീകരിച്ചു. അഡ്‌മിഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രൊഫ. സി.പരമേശ്വരൻ സ്വകാര്യമായി പറഞ്ഞു.
'എൻട്രസ് ടെസ്റ്റ് എന്ന ഒരു നടപടി ക്രമം ഇവിയെയുണ്ട്. അതിന്റെ മാർക്കുകൂടി കണക്കിലെടുത്താണ് അഡ്‌മിഷൻ നൽകുന്നത്. വെറും ഫോർമാലിറ്റി, കുട്ടിക്ക് എഴുതിക്കൂടെ''. ഇതു കേട്ടപ്പോൾ എല്ലാവരുടേയും മുഖത്ത് മ്ലാനത പരന്നു. ഞാൻ പ്രൊഫ. പരമേശ്വരനോട് സ്വകാര്യമായി പറഞ്ഞു. എൻട്രസ് ടെസ്റ്റിൽ കുട്ടി പാസ്സായിക്കോണം എന്നില്ല. ഇത്രയും ഉപകാരം ചെയ്തുതന്ന സ്ഥിതിക്ക് അതും കൂടി ഒഴിവാക്കി തന്നുകൂടെ. അദ്ദേഹം ആരെയോ വിളിച്ചശേഷം എൻട്രസ് ഒഴിവാക്കിത്തന്നു. അങ്ങനെ ക്യാപ്റ്റൻ കൃഷ്ണൻ നായർ മുഖേന മാതാ അമൃതാനന്ദമയി ഇടപെട്ട് ഒരു രൂപ പോലും കൊടുക്കാതെ പിണറായിയുടെ മകൾക്ക് അഡ്‌മിഷൻ കിട്ടി ലോക്കൽ ഗർഡിയനായി വരദരാജൻ മുതലാളിയുടെ പേര് കൊടുക്കുകയും ചെയ്തു.''- ബർലിൻ എഴുതിയത് ഇങ്ങനെയാണ്.
മാപ്പു പറഞ്ഞു; പുസ്തകം പിൻവലിച്ചില്ല
കമ്മ്യൂണിസ്റ്റ് ആശയ പ്രചരണത്തിനായി അഹോരാത്രം പ്രവർത്തിച്ചിരുന്ന വ്യക്തിയായിരുന്ന ബർലിൻ. 1943 മെയ് മാസത്തിൽ ബോംബെയിൽ വെച്ചു നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒന്നാം കോൺഗ്രസ്സിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധി 17 വയസ്സുള്ള കുഞ്ഞനന്തനായിരുന്നു. കോൺഗ്രസ്സിൽ ബാലസംഘത്തെക്കുറിച്ചുള്ള റിപ്പോർട്ട് അവതരിപ്പിച്ചത് കുഞ്ഞനന്തനായിരുന്നു. 1942 ലാണ് പാർട്ടി അംഗത്വം ലഭിക്കുന്നത്.പി. കൃഷ്ണപിള്ള, ഏ.കെ. ഗോപാലൻ തുടങ്ങിയ നേതാക്കളുമായി ഉറ്റബന്ധം പുലർത്തിയിരുന്ന ഇദ്ദേഹം ദീർഘകാലം ജർമ്മനിയിൽ നാട്ടിലെത്തിയ ശേഷം സിപിഎമ്മിന്റെ പ്രാദേശിക ഘടകത്തിൽ സജീവമാവുുകായിരുന്നു.
പിണറായിയുടെ കടുത്ത വിമർശകനായ ബർലിനെ ഇതേതുടർന്ന സിപിഎം അംഗത്വത്തിനിന്ന് പുറത്താക്കിയിരുന്നു. ടി.പി ചന്ദ്ര ശേഖരൻ വധത്തിന് ശേഷം ആർഎംപി വേദിയിലും കുഞ്ഞനന്തൻ നിത്യ സാന്നിധ്യമായിരുന്നു. എന്നാൽ 2014ൽ അദ്ദേഹം വീണ്ടും മലക്കം മറിയുകയും വിഎസിനെ തള്ളിപ്പറയുകും ചെയ്തു. ആർഎംപി കോൺഗ്രസിന്റെ ബി ടീമാണെന്നും, വിഎസിന് ആധികാരത്തോട് ആർത്തിയാണെന്നും പരസ്യമായി പ്രഖ്യാപിച്ചാണ് ബർലിൻ പാർട്ടിയിൽ തിരിച്ചെത്തിയത്. 2005 മാർച്ച് രണ്ടിന് പാർട്ടിയിൽ നിന്ന് പുറത്താക്കിയ ബർലിനെ പത്ത് വർഷക്കാലം പുറത്തു നിർത്തിയ ശേഷം 2015 മെയലാണ് തിരിച്ചെടുക്കുന്നത്. അതിനുശേഷം അദ്ദേഹം പിണറായി വിജയനോട് പരസ്യമായി മാപ്പു പറഞ്ഞു.''പിണറായിയുമായി വ്യക്തിപരമായ ഭിന്നതയൊന്നുമില്ല. കണ്ണു കാണില്ലെങ്കിലും അദ്ദേഹത്തിന്റെ ശബ്ദം കേൾക്കുമ്പോൾ ഉടൻ ഞാൻ ടിവി ശ്രദ്ധിക്കും. ഞാൻ വേണമെങ്കിൽ മാപ്പു ചോദിക്കും, കാലുപിടിക്കും. പിണറായിയെ കാണാൻ കഴിയാത്തതിൽ ദുഃഖമുണ്ട്. പൊറുക്കാനാവാത്ത തെറ്റ് താൻ ചെയ്തിട്ടില്ല''- ഇങ്ങനെയായിരുന്നു ഒരു വേള ബർലിൻ പറഞ്ഞത്.
പക്ഷേ അപ്പോഴും തന്റെ പുസ്തകങ്ങളിലെ വിവരങ്ങൾ തെറ്റാണെന്നും അത് തിരുത്തുമെന്നും അദ്ദേഹം എവിടെയും പറഞ്ഞിട്ടില്ല. കണ്ണുകാണാതിരിക്കുന്ന അവസാനകാലത്തും അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് കാര്യമായ കുഴപ്പം വന്നിട്ടില്ലായിരുന്നു. അപ്പോഴും തന്നെ വന്നുകണ്ട ഒരു മാധ്യമ പ്രവർത്തകനോട് അദ്ദേഹം പറഞ്ഞത് പുസതകം പിൻവലിക്കില്ല എന്നാണ്. താൻ പറഞ്ഞത് തന്റെ അനുഭവം ആണെന്നും ഇനി അതിൽ വിവാദത്തിന് ഇല്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. കുഞ്ഞനന്തൻ നായർ മരിച്ചാലും ആ പുസ്തകം ഉയർത്തിവിട്ട കൊടുങ്കാറ്റ് പിണറായിയുടെ രാഷ്ട്രീയ ജീവിതത്തിൽ കളങ്കമായിത്തന്നെ തുടരും.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ