- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ട്രംപിനെ ഞെട്ടിച്ച ജോർജിയയിലും ബൈഡന്റെ കുതിപ്പ്; 99.8 ശതമാനം വോട്ടുകൾ എണ്ണിയപ്പോൾ 917 വോട്ടിന്റെ ലീഡ്; നൊവഡയിലും അരിസോണയിലും മുന്നിൽ ഡെമോക്രാറ്റുകൾ തന്നെ; പെൻസിൽവാനിയയിൽ ട്രംപിന്റെ ലീഡ് ഇടിയുന്നു; പുതിയ ലീഡ് നില പ്രകാരം ബൈഡന് 286 ഇലക്ട്രൽ വോട്ടുകൾ; അമേരിക്കയെ ലോകത്തിനുമുന്നിൽ നാണം കെടുത്തിയിട്ടും പരാജയം അംഗീകരിക്കാതെ ട്രംപ്
ന്യൂയോർക്ക്: അമേരിക്കൻ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണിൽ മൂന്നാംദിവസത്തിലേക്ക് കടക്കവേ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വീണ്ടും ആഘാതം. നേരത്തെ വൻ ഭൂരിപക്ഷത്തിന് ട്രംപ് ലീഡ് ചെയ്തിരുന്ന ജോർജിയിൽ തപാൽ വോട്ടുകൾ എണ്ണിയതോടെ ബൈഡൻ നേടുകയാണ്. 99.8 ശതമാനം വോട്ടുകളും എണ്ണിക്കഴിയുമ്പോൾ 917 വോട്ടുകൾക്കാണ് ബൈഡൻ ലീഡ് ചെയ്യുന്നത്. 99 ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞ ജോർജിയയിൽ നേരത്തെ ബൈഡൻ 1500 വോട്ടുകൾക്ക് പിന്നിലായിരുന്നെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അവസാന നിമിഷത്തിൽ ബൈഡന് ലഭിച്ച ഭൂരിപക്ഷം കുറയില്ലെന്നാണ് പ്രതീക്ഷ. ജോർജിയയിൽ വിജയിക്കുകയാണെങ്കിൽ 16 ഇലക്ട്രൽ വോട്ട് നേടി 270 എന്ന മാജിക് നമ്പർ ബൈഡൻ മറികടക്കും.
97.9 ശതമാനം വോട്ടു എണ്ണി തീരുമ്പോൾ നെവാഡയിലും ബൈഡൻ മുന്നിലാണ്. ആറ് ഇലക്ട്രൽ വോട്ടുകളാണ് ബൈഡൻ ഇവിടെ നേടുക. 11,438 വോട്ടുകൾക്കാണ് ബൈഡൻ നെവാഡയിൽ ലീഡ് ചെയ്യുന്നത്. ഇതോടൊപ്പം അരിസോണയിലും ബൈഡൻ മുന്നിട്ട് നിൽക്കയാണ്. നേരത്തെ ട്രംപ് ലീഡ് ചെയ്തിരുന്നു പെൻസിൽവാനിയയിലും അദ്ദേഹത്തിന്റെ ലീഡ് കുത്തനെ കുറയുകയാണ്. ഈ രീതിയിൽ പോവുകയാണെങ്കിൽ 285 ഇലട്രൽ വോട്ടുകളുമായി വ്യക്തമായ വിജയം ഡെമോക്രാറ്റുകൾക്ക് കിട്ടുമെന്നാണ് അറിയുന്നത്. ബൈഡന്റെ വിജയ പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നാണ് അമേരിക്കൻ മാധ്യമങ്ങൾ പറയുന്നത്.
എന്നാൽ പ്രസിഡന്റ് ട്രംപ് ആകട്ടെ പരാജയം ഇപ്പോഴും അംഗീകരിച്ചിട്ടില്ല. ബൈഡൻ ജനവിധി അട്ടിമറിച്ചുവെന്നും വോട്ടെണ്ണൽ നിർത്തണം എന്നുമാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. ഇനി വെറും പതിനായിരത്തിൽ താഴെ വോട്ടുകൾമാത്രം എണ്ണാനുള്ള ജോർജിയയിൽ ബൈഡൻ ജയിക്കുമെന്നാണ് വിലയിരുത്തൽ. നെവാഡയിലോ അരിസോണയിലും യഥാക്രമം 11,000 വോട്ടുകളും 46,000 വോട്ടുകളും നേടി ബൈഡൻ മുന്നിലാണ്. ഫോക്സും എപിയും ഉൾപ്പെടെയുള്ള ചില നെറ്റ്വർക്കുകൾ ഇതിനകം തന്നെ അരിസോണയെ ബൈഡന് പ്രഖ്യാപിച്ചിട്ടുണ്ട്. 16 ഇലക്ട്രൽ വോട്ടുകൾ ഉള്ള ജോർജിയയും നേടിയാൽ ബൈഡൻ 286 ഇലക്ട്രൽ വോട്ടുകൾ നേടും. 20 ഇലക്ട്രൽ വോട്ടുകളുള്ള പെൻസിൽവാനിയയിലും ബൈഡൻ ക്യാമ്പ് അട്ടിമറി പ്രതീക്ഷിക്കുന്നു.
യുഎസിലെ മിക്ക മാധ്യമങ്ങളും ബൈഡന് 264 ഇലക്ടറൽ വോട്ടുകൾ സ്ഥിരീകരിക്കുന്ന റിപ്പോർട്ടുകളാണ് നൽകിയത്. 538 ഇലക്ടറൽ വോട്ടുകളിൽ 270 ആണ് ഭൂരിപക്ഷത്തിനു വേണ്ടത്. ട്രംപ് പക്ഷത്തിനം 214 ഇലക്ടറൽ വോട്ടുകള്ൾ മാത്രമേയുള്ളൂ. ഭൂരിപക്ഷത്തിൽനിന്ന് 56 വോട്ട് കുറവ്. ഇപ്പോൾ മുന്നിൽ നിൽക്കുന്ന സ്റ്റേറ്റുകളിൽ എല്ലാം ജയിച്ചാലും ട്രംപിന് ഭൂരിപക്ഷം നേടാനാകില്ലെന്ന സ്ഥിതി.നോർത്ത് കാരലൈന (15), പെൻസിൽവേനിയ (20), അലാസ്ക (3) എന്നിവിടങ്ങളിലാണ് ട്രംപ് മുന്നിൽ. ഇവയെല്ലാം ജയിച്ചാലും ലഭിക്കുക 268 വോട്ടാണ് ലഭിക്കുക.
ഇതിനിടെ ജോർജിയ, മിഷിഗൺ എന്നീ സംസ്ഥാനങ്ങളിലെ കോടതികളിൽ ട്രംപ് ക്യാംപ് ഫയൽ ചെയ്ത കേസുകൾ തള്ളി. ജോർജിയയിൽ വൈകി എത്തിയ 53 ബാലറ്റുകൾ കൂട്ടിക്കലർത്തിയെന്നായിരുന്നു ആരോപണം. മിഷിഗണിലും സമാനമായ ആരോപണമാണ് ഉന്നയിച്ചത്. ഇവിടെ വോട്ടെണ്ണൽ തടയാനും ട്രംപ് അനുകൂലികൾ ശ്രമിച്ചിരുന്നു. ചോദ്യം ചെയ്യപ്പെട്ട ബാലറ്റുകൾ അസാധുവാണെന്നതിന് തെളിവുകളൊന്നുമില്ലെന്ന് ജോർജിയയിലെ ജഡ്ജി ജെയിംസ് ബാസ് പറഞ്ഞു.
പരാജയപ്പെട്ടാൽ പ്രസിഡന്റ് സ്ഥാനത്തിരുന്നു വീണ്ടും മൽസരിച്ചു പരാജയപ്പെടുന്ന ആളെന്ന പേരാകും ട്രംപിന് ചാർത്തിക്കിട്ടുക. 1992 ൽ ജോർജ് എച്ച്. ഡബ്ല്യു. ബുഷിനുശേഷം പ്രസിഡന്റായിരുന്നവർ വീണ്ടും മൽസരിക്കുമ്പോൾ പരാജയപ്പെട്ട ചരിത്രമില്ല. തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്നാണ് ട്രംപിന്റെ നിലപാട്. ബൈഡൻ ജയിച്ച മിഷിഗൻ(16 ഇലക്ടറൽ വോട്ട്), വിസ്കോൻസെൻ(10), സ്റ്റേറ്റുകളിൽ ട്രംപ് അനുയായികൾ തിരഞ്ഞെടുപ്പ് ഫലത്തെ ചോദ്യംചെയ്ത് കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. അന്തിമഫലമറിയാൻ നിയമയുദ്ധത്തിലേക്ക് കാര്യങ്ങൾ ചെന്നെത്തുമെന്ന സൂചനയും ഇതോടെ
എല്ലായിടത്തും അക്രമഭീതി
യുഎസ് രാഷ്ട്രീയ പ്രക്രിയയെ തന്നെ ദുർബലപ്പെടുത്തുന്ന വാദങ്ങളുമായി പ്രസിഡന്റ് തന്നെ രംഗത്തു വന്നതോടെ അക്രമവും കയ്യാങ്കളിയുമായി ട്രംപ് അനുകൂലികളും തെരുവിലിറങ്ങി കഴിഞ്ഞു. 'കാര്യങ്ങൾ ആശങ്കാജനകമാണ്. എന്റെ അമ്മയും ഭാര്യയും ഭീതിയിലാണ്- ക്ലാർക്ക് കൗണ്ടിയിലെ രജിസ്റ്റ്രാർ ജോ ഗ്ലോറിയ പറയുന്നു. എപ്പോൾ വേണമെങ്കിലും ഞങ്ങൾ ആക്രമിക്കപ്പെടാം. എന്റെ കീഴിലുള്ള ജീവനക്കാരെ ചൊല്ലിയാണ് എന്റെ ആശങ്ക. ചില സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ കേന്ദ്രങ്ങൾ ഉപരോധിക്കുന്നതിനാൽ വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്കു വരികയും പോകുകയും ചെയ്യുന്ന ഓരോ വാഹനവും ഞങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു. സാഹചര്യം അത്രമാത്രം ഞങ്ങളെ ഭയപ്പെടുത്തുന്നു ജോ ഗ്ലോറിയ പറയുന്നു. വോട്ടെണ്ണൽ കാര്യക്ഷമായി പൂർത്തിയാക്കുകയെന്നതു ഞങ്ങളുടെ കടമയാണ്, ആർക്കും ഞങ്ങളെ അതിൽ നിന്ന് തടയാനാകില്ലെന്നും ജോ പറഞ്ഞു.
മെയിൽ ഇൻ ബാലറ്റുകളെ കുറിച്ച് ആഴ്ചകൾക്കു മുൻപ് പരാതിപ്പെട്ടിരുന്ന ട്രംപ് വ്യാഴാഴ്ച വൈകിട്ട് ഈ ആരോപണം ശക്തമാക്കിയതോടെയാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കെതിരെ അക്രമങ്ങളും ഭീഷണികളും സജീവമായത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ നിരന്തരം ഭീഷണിപ്പെടുത്തുന്നതും അപമാനിക്കുന്നതും ട്രംപും അദ്ദേഹത്തിന്റെ അനുയായികളും അവസാനിപ്പിക്കണമെന്നു മിഷിഗൻ അറ്റോർണി ജനറൽ ഡാന നെസൽ ട്വീറ്റ് ചെയ്തു. വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ ജീവനക്കാരുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും പ്രതിഷേധം മൂലം വോട്ടെണ്ണൽ മന്ദഗതിയിലാണെന്നും പലപ്പോഴും ജോലി തടസ്സപ്പെടുന്നതായും അരിസോണ സ്റ്റേറ്റ് സെക്രട്ടറിയും പരാതിപ്പെട്ടു.
നിരവധി ട്രംപ് അനുകൂലികളാണ് വോട്ടെടുപ്പിൽ വ്യാപക ക്രമക്കേട് ആരോപിച്ച് വോട്ടെണ്ണൽ കേന്ദങ്ങൾക്കു മുൻപിൽ തമ്പടിച്ചിരിക്കുന്നത്. തന്റെ വോട്ട് വിസ്കോൻസെൻ വെബ്സൈറ്റിൽ രേഖപ്പെടുത്തി കാണുന്നില്ലെന്നു റിപ്പബ്ലിക്കൻ അനുഭാവിയും ഐടി പ്രഫഷനലുമായ ബോബി ഡൺലാപ് പരാതിപ്പെടുന്നു. ബോബിയെ പോലെ നിരവധി ട്രംപ് അനുകൂലികളാണ് സമാനമായ ആരോപണം ഉന്നയിച്ച് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കെതിരെ രംഗത്തു വരുന്നത്. എന്നാൽ വോട്ടെണ്ണലിൽ വ്യാപക അട്ടിമറിയെന്നു കാണിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇത്തരം പരാതികളെന്നു ഡമോക്രാറ്റുകൾ ആരോപിക്കുന്നു.
ബാലറ്റ് എണ്ണൽ പ്രക്രിയ അന്യായവും അഴിമതി നിറഞ്ഞതുമാണെന്നു പത്രസമ്മേളനത്തിൽ ട്രംപ് പറഞ്ഞതും പ്രതിഷേധങ്ങൾക്കു കാരണമായി. വോട്ടെണ്ണലിന്റെ രണ്ടാം ദിവസം ട്രംപിനെതിരെ പ്രതിഷേധവുമായി ആയിരങ്ങൾ വിവിധ നഗരങ്ങളിൽ പ്രകടനം നടത്തി. ഒറിഗണിലെ പോർട്ലൻഡിൽ പ്രതിഷേധം അക്രമാസക്തമായി. ചില സ്ഥലങ്ങളിൽ ട്രംപ് അനുകൂലികളും തെരുവിലിറങ്ങിയതോടെ സംഘർഷ സാധ്യത വർധിച്ചു.
അരിസോനയിലെ ഫീനക്സിൽ വോട്ടെണ്ണൽ കേന്ദ്രത്തിനു മുന്നിൽ തോക്കുകളുമായി എത്തിയ ഇരുനൂറോളം വരുന്ന ട്രംപ് അനുകൂലികൾ ക്രമക്കേട് ആരോപിച്ചു പ്രതിഷേധമുയർത്തി. മിഷിഗനിലെ ഡെട്രോയിറ്റിൽ വോട്ടെണ്ണൽ നിർത്താനാവശ്യപ്പെട്ടു റിപ്പബ്ലിക്കൻ അനുകൂലികൾ എണ്ണൽകേന്ദ്രത്തിൽ ഇടിച്ചുകയറാൻ ശ്രമിച്ചു.ഫിലഡൽഫിയ, ലൊസാഞ്ചലസ്, ഷിക്കാഗോ തുടങ്ങിയ നഗരങ്ങളിലും പ്രതിഷേധപ്രകടനങ്ങൾ നടന്നു. അവസാന വോട്ടും എണ്ണണം എന്ന മുദ്രാവാക്യം ഉയർത്തി ബൈഡൻ അനുകൂലികളും തെരുവിലിറങ്ങിയതോടെ കാര്യങ്ങൾ കൈവിട്ടു. പോർട്ട്ലാൻഡിൽ തെരുവിലിറങ്ങിയ ട്രംപ് വിരുദ്ധർ കടകൾക്കുനേരേ കല്ലേറു നടത്തി. 11 പേർ അറസ്റ്റിലായി. ന്യൂയോർക്ക്, ഡെൻവർ, മിനയപ്പലിസ് തുടങ്ങിയ നഗരങ്ങളിലും പ്രക്ഷോഭകർ അറസ്റ്റിലായി.
മറുനാടന് ഡെസ്ക്