- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പരമാവധി റൺ നേടിയും നിതീഷ് ക്യാമ്പിലെ വിക്കറ്റുകൾ വീഴ്ത്തിയും തേജ്വസിയുടെ ഓൾറൗണ്ട് മികവ്; പ്രതിരോധം പിഴച്ച് ക്ലീൻ ബൗൾഡായത് കോൺഗ്രസ്; 2015 ൽ മത്സരിച്ച 41 സീറ്റിൽ 27 ഇടത്ത് വിജയിച്ച കോൺഗ്രസിന് മത്സരിക്കാൻ 70 സീറ്റ് കൊടുത്തത് ലാലു പുത്രന് വിനയായി; ഇനി രാഹുലിനും പ്രിയങ്കയ്ക്കും മുന്നിലുള്ളത് വെല്ലുവിളികൾ; ബീഹാറിൽ മഹാസഖ്യം അവസാന ഓവറിൽ തോൽക്കുമ്പോൾ
പാട്ന: 2015ലെ തെരഞ്ഞെടുപ്പിൽ മഹാസഖ്യത്തിന്റെ ഭാഗമായിരുന്നു നിതീഷ് കുമാർ. എന്ന് നിതീഷിന് കിട്ടിയത് 71 സീറ്റുകൾ. തേജസ്വി യാദവ് നേതൃത്വം കൊടുത്ത ആർജെഡിക്ക് 80 സീറ്റും. മുന്നണിയിൽ രണ്ടാമനായിട്ടും മുഖ്യമന്ത്രി പദം നിതീഷിന് തേജസ്വി കൈമാറി. മുപ്പതു കഴിയുമ്പോൾ മുഖ്യമന്ത്രിയാകണമെങ്കിൽ മഹാസഖ്യത്തിൽ നിതീഷ് ഉണ്ടാകുന്നതിലെ പ്രശ്നങ്ങൾ തേജസ്വി തിരിച്ചറിഞ്ഞിരുന്നു. അങ്ങനെയാണ് മഹാസഖ്യത്തെ വിട്ട് നിതീഷ് വീണ്ടും ബിജെപി ക്യാമ്പിലെത്തിയത്. 2020ൽ മുഖ്യമന്ത്രി പദം ഉറപ്പിച്ചായിരുന്നു ഐപിഎൽ താരം പ്രചരണത്തിൽ നിറഞ്ഞത്. എന്നാൽ അവസാന ഓവറിൽ വീണു. അതും മറുക്രീസിലെ കോൺഗ്രസിന്റെ മോശം ബാറ്റിങ് കാരണം.
പരമാവധി റൺ അടിച്ചു കൂട്ടാനും മുഖ്യ എതിരാളിയായ ജെഡിയുവിന്റെ പരമാവധി വിക്കറ്റുകൾ നേടാനുമായിരുന്നു തേജസ്വിയുടെ തീരുമാനം. റൺ നേടിയതിൽ ഒന്നാമനായി. നിതീഷിനൊപ്പമുള്ളവരെ പരമാവധി തോൽപ്പിച്ചു. അപ്പോഴും അധികാര കസേര ഈ യുവനേതാവിന് അകലെയായി. 70 സീറ്റിൽ മത്സരിക്കാൻ കോൺഗ്രസിന് ആർജെഡി അവസരം നൽകി. അവർ ജയിച്ചത് 19 സീറ്റിൽ. ജയശതമാനം വെറും 27ഉം. ഇടത് പാർട്ടികൾ പോലും അറുപത് ശതമാനത്തിന് മുകളിൽ ജയിച്ചപ്പോഴായിരുന്നു കോൺഗ്രസിന്റെ ദുർബല പ്രകടനം. ആർജെഡിക്ക് 52 ശതമാനമാണ് മത്സരിച്ച സീറ്റുകളിലെ അടിസ്ഥാനത്തിലുള്ള വിജയ ശതമാനം. അതുകൊണ്ടാണ് ഈ തോൽവി കോൺഗ്രസിന്റെ വീഴ്ചയാകുന്നത്.
ബിഹാർ പോരിലും മറ്റു സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിലും അടിതെറ്റി വീണതോടെ ദേശീയ രാഷ്ട്രീയക്കളത്തിൽ തലകുനിച്ച് കോൺഗ്രസ് നിൽക്കുകയാണ്. ബിഹാറിൽ മഹാസഖ്യത്തിലെ സീറ്റ് വിഭജനത്തിൽ കോൺഗ്രസ് കാട്ടിയ പിടിവാശിയാണു തോൽവിക്കു വഴിവച്ചതെന്ന ആക്ഷേപം ശക്തം. 2015 ൽ മത്സരിച്ച 41 സീറ്റിൽ 27 ഇടത്ത് വിജയിച്ച കോൺഗ്രസ് ഇക്കുറി 70 സീറ്റിലാണു മത്സരിച്ചത്; ജയിച്ചത് 19 മണ്ഡലങ്ങളിൽ. സംസ്ഥാനത്ത് സംഘടനാ സംവിധാനം തീർത്തും ദുർബലമാണെങ്കിലും തേജസ്വി യാദവിനനുകൂലമായ തരംഗത്തിൽ ജയിക്കാനായിരുന്നു മോഹം. ഇത് തീർത്തും നടക്കാതെ പോയി. ഫലം ബിജെപി മുന്നണിക്ക് ഭരണവും. അപ്പോഴും ആർജെഡിയാണ് നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷി. ബീഹാറിലെ പ്രതിപക്ഷത്തെ ഇനി തേജസ്വി നയിക്കും.
തേജസ്വി ഒറ്റയ്ക്കു നയിച്ച സഖ്യത്തിൽ, ആളും ആരവവുമില്ലാത്ത കോൺഗ്രസ് ബാധ്യതയായി. കയ്യെത്തും ദൂരത്ത് ഭരണം നഷ്ടപ്പെട്ട തേജസ്വിക്ക്, കോൺഗ്രസിന്റെ വീഴ്ചയ്ക്കു വില നൽകേണ്ടി വന്നു. ത മിഴ്നാട്ടിലടക്കം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഡിഎംകെ ഉൾപ്പെടെയുള്ള സഖ്യ കക്ഷികൾ കോൺഗ്രസുമായുള്ള സീറ്റ് വിഭജനത്തിൽ കർശന നിലപാടെടുക്കാനും ഇതു വഴിയൊരുക്കും. ചോദിക്കുന്നതെല്ലാം ഇനി കൊടുക്കില്ല. ഇതിനൊപ്പം യുപിയെ ഫലവും കോൺഗ്രസിനെ വേട്ടയാടും. ഹത്രാസിലെ ഇടപെടൊലന്നും ഗുണം ചെയ്തില്ലെന്ന വിലയിരുത്തൽ അതിശക്തമാണ്. രാഹുൽ ഗാന്ധിക്കും ഇനി ഏറെ രാഷ്ട്രീയ വെല്ലുവിളികൾ ഉയരും.
യുപിയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന സീറ്റിൽ ഒന്നു പോലും വിജയിക്കാൻ കോൺഗ്രസിനായില്ല. മറ്റു സംസ്ഥാനങ്ങളിലൊന്നും പ്രചാരണത്തിനിറങ്ങാതെ യുപിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കു കനത്ത ആഘാതമാണു ഫലം. സംസ്ഥാനത്ത് കോൺഗ്രസിന്റെ സംഘടനാ സംവിധാനത്തിന് അടിത്തറയില്ലെന്നതിന്റെ തെളിവു കൂടിയാണിത്. മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെ വീഴ്ത്തി ബിജെപിയിലേക്കു ചുവടുമാറിയ ജ്യോതിരാദിത്യ സിന്ധ്യയെ പാഠം പഠിപ്പിക്കുമെന്ന പ്രഖ്യാപനത്തോടെ തിരഞ്ഞെടുപ്പ് കളത്തിലിറങ്ങിയ മുൻ മുഖ്യമന്ത്രി കമൽനാഥ് നേരിട്ടത് രാഷ്ട്രീയ ജീവിതത്തിലെ കനത്ത തോൽവികളിലൊന്ന്.
ഇന്ത്യൻ ക്രിക്കറ്റ് തൊപ്പി മോഹിച്ച് സ്കൂൾ പഠനം പോലും പൂർത്തിയാക്കാതെ ഫുൾടൈം കളിക്കളത്തിലെത്തിയ ബാല്യമാണ് തേജസ്വിയുടേത്. ലാലുവിന്റെ യഥാർത്ഥ പിൻഗാമിയായി തേജസ്വി വളർന്നു കഴിഞ്ഞു. എന്നാൽ അധികാരത്തിൽ എത്താൻ വേണ്ട കൂട്ടാളിയെ ഇനിയും കിട്ടിയില്ല. ലാലു റെയിൽവേ മന്ത്രിയായിരുന്ന കാലത്തെ ഐആർസിടിസി അഴിമതിക്കേസിൽ അച്ഛനമ്മമാർക്കൊപ്പം തേജസ്വിയും പ്രതിയായി. സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) മാറിമാറി ചോദ്യം ചെയ്തു. അന്ന് പതിനഞ്ച് വയസ്സായിരുന്നു തേജസ്വിയുടെ പ്രായം. ഈ ചോദ്യം ചെയ്യലുകളെ അതിജീവിച്ച കരുത്തുമായാണ് ബീഹാർ രാഷ്ട്രീയത്തിൽ തേജ്വസി നിറഞ്ഞത്.
ലാലുവിന്റെ രാഷ്ട്രീയ പിൻഗാമിയായി ഇളയപുത്രൻ തേജസ്വി വരുമെന്നു പാർട്ടിക്കാർ കരുതിയതല്ല. ലാലുവിനു ശേഷമാരെന്ന ചോദ്യമുയർന്നത് അപ്രതീക്ഷിതമായാണ്. ദേശീയ നിർവാഹക സമിതി യോഗത്തിൽ ചോദ്യം ഉന്നയിച്ച പപ്പു യാദവ് ഉത്തരവും പറഞ്ഞു സർവഥാ യോഗ്യൻ ഞാൻ തന്നെ. തനിക്കു മക്കളുള്ളപ്പോൾ പപ്പു എങ്ങനെ പിൻഗാമിയാകുമെന്നു ലാലു ചിരിച്ചു. വൈകാതെ പപ്പു യാദവ് പാർട്ടിക്കു പുറത്തായി. ലാലുവിന്റെ മകൻ രാഷ്ട്രീയത്തിലിറങ്ങുന്നുവെന്ന കിംവദന്തി കേട്ട ചിലർ തേജ് പ്രതാപിനെ കണ്ട് അഭിനന്ദിച്ചു. ഭക്തിമാർഗത്തിൽ ജീവിക്കുന്ന താനല്ല അനുജനാണു രാഷ്ട്രീയത്തിലിറങ്ങുന്നതെന്നു തേജ് പ്രതാപ് പറഞ്ഞു. പിന്നെ സംഭവിച്ചത് അതുതന്നെയായിരുന്നു.
2015 നിയമസഭാ തിരഞ്ഞെടുപ്പിൽ തേജ് പ്രതാപും തേജസ്വിയും ഒരുമിച്ചു സ്ഥാനാർത്ഥികളായി. ജെഡിയു ആർജെഡി സർക്കാരിൽ നിതീഷ് കുമാറിനു കീഴിൽ ഉപമുഖ്യമന്ത്രിയായി തേജസ്വിയെ നിയോഗിച്ചപ്പോഴാണു ലാലുവിന്റെ തീരുമാനം വ്യക്തമായത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു വേളയിൽ തേജ് പ്രതാപും തേജസ്വിയും ഇടഞ്ഞു. പക്ഷേ അതൊന്നും ആർജെഡി കരുത്തിനെ ബാധിച്ചില്ല. തേജ്വസിക്ക് പാർട്ടിയെ മുമ്പോട്ട് കൊണ്ടു പോകാനായി. അതാണ് അതിശക്തമായ മത്സരത്തിലും ആർജെഡിക്ക് കിട്ടിയ ഒന്നാം നമ്പർ പാർട്ടിയെന്ന സ്ഥാനം.
മറുനാടന് മലയാളി ബ്യൂറോ