- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അമ്മയെ പരിചരിക്കാൻ സ്കൂളിലെ ബസ് ഡ്രൈവറായ പഴയ ടാക്സിക്കാരൻ; കൂട്ടുകാരന്റെ ബന്ധുവിനെ കൂട്ടുകാരിയാക്കി സ്വപ്നങ്ങൾ നെയ്തത് വീട്ടുകാരും അംഗീകരിച്ചു; കൊറോണയിൽ വിവാഹം നീണ്ടപ്പോൾ പ്രണയിനിക്ക് ജോലി തേടിയുള്ള യാത്ര ദുരന്തമായി; പെരുന്തുരുത്തിയിൽ പൊലിഞ്ഞത് ഒന്നാകാൻ ഒരുപാട് കൊതിച്ച ബിജുവും ആൻസിയും
തിരുവല്ല: ടാക്സി വാഹനങ്ങളിൽ ഡ്രൈവറായി ജോലിനോക്കി നോക്കി വരവെ അമ്മയ്ക്ക് പക്ഷാഘാതമുണ്ടായത് അദ്യ ആഘാതമായി. പിന്നെ അമ്മയെ പരിചരിക്കാനുള്ള സൗകര്യം കണക്കിലെടുത്ത് വീടിനടുത്ത് സ്കൂൾ വാഹനത്തിന്റെ ഡ്രൈവറായി. ഭാവിയെക്കുറിച്ച് ശുഭചിന്തകൾ മനസ്സിൽ കൂടുകൂട്ടിത്തുടങ്ങിയത് കൂട്ടുകാരന്റെ അകന്ന ബന്ധുവിനെ കൂട്ടുകാരിയായി കിട്ടിയപ്പോൾ.
കുടുംബക്കാരോട് ഇഷ്ടം തുറന്നുപറഞ്ഞതോടെ വിവാഹത്തിനുള്ള ഒരുക്കങ്ങളായി. കഴിഞ്ഞ ഏപ്രിലിൽ മോതിരം കൈമാറി. ഈ വർഷം ഏപ്രിലിൽ നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹം പലകാരണങ്ങളാൽ വൈകി. ദുരന്തം എത്തിയത് വിവാഹത്തിനുള്ള നാൾ കുറിക്കാൻ ആലോചനകൾ നടന്നുവരവെ. ഇന്നലെ എം.സി റോഡിൽ തിരുവല്ലക്കും ചങ്ങനാശ്ശേരിക്കുമിടയിൽ പെരുന്തുരുത്തിയിൽ കെഎസ്.ആർ.ടി.സി ബസിടിച്ച് മരിച്ച ചെങ്ങന്നൂർ പിരളശ്ശേരി കാഞ്ഞിരംപറമ്പിൽ വീട്ടിൽ ജെയിംസ് ചാക്കോ(ബിജു)യുടെ (32) ജീവിത യാത്രയെക്കുറിച്ച് വീട്ടുകാർക്ക് പറയാനുള്ളത് വേദന നിറഞ്ഞ ഓർമ്മകൾ മാത്രം.
നന്നേ ചെറുപ്പത്തിൽ പിതാവ് സാമുവൽ മരണപ്പെട്ടതോടെ ദുരിതത്തിലായ കുടംബം ബിജു ജോലിക്കുപോയിത്തുടങ്ങിയതോടെയാണ് പച്ച പിടിച്ചു തുടങ്ങിയത്. സഹോദരിയെ വിവാഹം കഴിച്ചയച്ചതോടെ വീട്ടിൽ ബിജുവും മാതാവ് മറിയാമ്മയും മാത്രമായി. ടാക്സി വാഹനങ്ങളിൽ ഡ്രൈവറായിട്ടാണ് ജോലി നോക്കിയിരുന്നത്. ദീർഘ ദൂരയാത്രയ്ക്ക് ഡ്രൈവറായി വിളിച്ചാലും ബിജു പോകുമായിരുന്നു. ഇതിനിടയിൽ 7 വർഷം മുമ്പ് അമ്മയ്ക്ക് പക്ഷാഘാതം പിടിപെട്ട് , ഒരു വശം തളർന്ന് കിടപ്പിലായി. ഇതോടെ മാതാവിനെ പരിചരിക്കാൻ ടാക്സി വാഹനങ്ങളിലെ ഡ്രൈവർ പണി ബിജു വേണ്ടെന്നുവച്ചു.
സമീപത്തെ മുളക്കുഴ സെന്റ് ഗ്രീഗോറിയോസ് സ്കൂളിലെ ബസ് ഡ്രൈവറായിട്ടാണ് പിന്നീട് ജോലി നോക്കിയിരുന്നത്. സ്കൂൾ സമയങ്ങളിൽ ഒന്നോ രണ്ടോ മണിക്കൂറൊഴികെ ബാക്കിയുള്ള സമയം മാതാവിനൊപ്പം ചിലവഴിക്കുന്നതിന് ഈ ജോലി ബീജുവിന് സഹായകമായി. പെൺമക്കൾ പരിചരിക്കുന്നതിനേക്കാൾ കാര്യമായി ബിജുമാതാവിനെ പരിചരിച്ചിരുന്നെന്നാണ് ബന്ധുക്കളുടെ വിവരണങ്ങളിൽ നിന്നും വ്യക്തമാവുന്നത്.
7 വർഷം മുമ്പ് ഒരു ചടങ്ങിലാണ് ഒപ്പം മരണപ്പെട്ട വെൺമണി കല്യാത്ര പുലക്കടവ് ആൻസി ഭവനിൽ സണ്ണി - ലിലാമ്മ ദമ്പതികളുടെ മകൾ ആൻസിയെ (26) ബിജു പരിചയപ്പെടുന്നത്. സുഹൃത്തിന്റെ അകന്ന ബന്ധുവായിരുന്നു ആൻസിയ. പരിചയം താമസിയാതെ അടുപ്പമായി. തന്റെ വീട്ടിലെ അവസ്ഥ മൂലം അൻസിയയുടെ വീട്ടുകാർ വിവാഹത്തിന് സമ്മതിക്കുമോ എന്ന ആശങ്കയുമായിട്ടായിരുന്നു ഇടക്കാലത്ത് ബിജുവിന്റെ ജീവിതം.
ഏതാണ്ട് രണ്ട് വർഷം മുമ്പ് രണ്ടുപേരുടെയും വീട്ടുകാരുടെ കാതുകളിൽ വിവരമെത്തി. അൻസിയുടെ വീട്ടുകാർക്ക് പൂർണ്ണസമ്മതം. ബിജുവിന് ലോകം പിടിച്ചടക്കിയ സന്തോഷമായി. വച്ചു താമസിപ്പിക്കാതെ വിവാഹം ഉറപ്പിക്കാൻ ഇരുകുടംബങ്ങളും തമ്മിൽ ധാരണയിലായി. കഴിഞ്ഞ വർഷം ഏപ്രിലിൽ മോതിരം മാറൽ നടന്നു. ഈ വർഷം ഏപ്രിലിൽ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും കോറൊണയും ബിജുവിന്റെ വീടുപണിയും മറ്റുമായി നീണ്ടുപോയി.
വിവാഹത്തീയതി നിശ്ചയിക്കുന്നതിനായി ഇരുകുടംബക്കാരും ആലോചനകൾ ശക്തമാക്കിയിരിക്കെയാണ് ഇന്നലെ വാഹനാപകടത്തിന്റെ രൂപത്തിൽ വിധി ഇരുവരുടെയും ജീവനെടുത്തത്. കംപ്യൂട്ടർ പഠനം കഴിഞ്ഞ ആൻസിയെ കോട്ടയത്ത് ജോലിക്കുള്ള അഭിമുഖത്തിൽ പങ്കെടുപ്പിച്ച് തിരികെ ചെങ്ങന്നൂരിലേക്ക് മടങ്ങിവരുന്ന വഴിയായിരുന്നു അപകടം.
വെള്ളിയാഴ്ച 4.10-ന് ഇടിഞ്ഞില്ലം കഴിഞ്ഞ് തിരുവല്ലയ്ക്കുള്ള വളവിലായിരുന്നു അപകടം. കോട്ടയത്തുനിന്ന് പത്തനംതിട്ടയ്ക്കുപോയ ഫാസ്റ്റ് പാസഞ്ചറാണ് അപകടത്തിൽപ്പെട്ടത്. റോഡിൽനിന്ന് 10 മീറ്ററോളം മാറിയുള്ള ഇരുനിലക്കെട്ടിടത്തിലേക്കാണ് ഇടിച്ചുകയറിയത്. കെട്ടിടത്തിന്റെ മുൻഭാഗത്തുള്ള കോൺക്രീറ്റ് ഷെയ്ഡിൽ മൂന്നരമീറ്ററോളം നീളത്തിൽ ബസ് ഇടിച്ചുകയറി. വലതുഭാഗം പൂർണമായും തകർന്നു. ഈ ഭാഗത്തിരുന്നവരാണ് അപകടത്തിൽപ്പെട്ടവരിലേറെയും.
ജെയിംസും ആൻസിയും സഞ്ചരിച്ചിരുന്ന സ്കൂട്ടറിലാണ് ആദ്യം ബസിടിച്ചത്. ആൻസി അപ്പോൾത്തന്നെ അടിയിലേക്കു വീണു. മുൻചക്രത്തിൽ കുരുങ്ങി ജെയിംസും സ്കൂട്ടറും 10 മീറ്ററോളം നിരങ്ങി നീങ്ങി.സ്ഥാപനത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന മൂന്ന് സ്കൂട്ടറുകളിലും കാറിലും ബസിടിച്ചു. ബസിലുണ്ടായിരുന്ന 22 പേർക്കും അപകടത്തിൽ പരിക്കേറ്റു. ഡ്രെവർ, കണ്ടക്ടർ എന്നിവർക്കും പരിക്കേറ്റു. ബസ് ഡ്രൈവർക്ക് രക്തസമ്മർദം കുറഞ്ഞതിനെത്തുടർന്നാണ് ഇടിഞ്ഞില്ലം അപകടം ഉണ്ടായതെന്ന് തിരുവല്ല ഡിവൈ.എസ്പി. ടി.രാജപ്പൻ വ്യക്തമാക്കിയിട്ടുണ്ട്.
മുൻസീറ്റിൽ യാത്രചെയ്തിരുന്ന നഴ്സ് ഡ്രൈവറുടെ അവശത ശ്രദ്ധിച്ചിരുന്നതായും നിയന്ത്രണംതെറ്റിയപ്പോൾ വിളിച്ചുപറയാൻ ശ്രമിച്ചിരുന്നതായും ഡിവൈ.എസ്പി. വെളിപ്പെടുത്തിയിട്ടുണ്ട്.
മറുനാടന് മലയാളി ലേഖകന്.