- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദൈവം ഉണ്ട്, മതം ഒരു യാഥാർഥ്യം, മതമുള്ളിടത്തോളം വിശ്വാസവുമുണ്ടാകും; യേശുക്രിസ്തുവിന്റെ പക്ഷമാണ് ഇടതുപക്ഷം; കിറ്റ് നൽകിയത് ആ പക്ഷപാതിത്വം കൊണ്ട്; വിശ്വാസികളെ കൈയിലെടുക്കാൻ പ്രസംഗത്തിൽ മതവും വിശ്വാസവും കുത്തി നിറച്ച് സിപിഐ നേതാവ് ബിനോയി വിശ്വം
പത്തനംതിട്ട: കമ്യൂണിസമെന്നാൽ മതത്തെയും ദൈവത്തെയും വിശ്വാസത്തെയുമൊക്കെ തള്ളിപ്പറയുന്ന പ്രസ്ഥാനമെന്നാണ് വയ്പ്. കുറേ നാൾ മുൻപ് വരെ അങ്ങനെയാണ് നാട്ടിലുള്ളവരും കമ്യൂണിസ്റ്റുകാരും കമ്യൂണിസ്റ്റ് വിരോധികളും കരുതിയിരുന്നത്. എന്നാലിപ്പോൾ കമ്യൂണിസ്റ്റുകാർ പാടേ മാറുന്ന കാഴ്ചയാണ്. സോഷ്യലിസത്തിന്റെയും ഒരു പരിധി വരെ യുക്തിവാദത്തിന്റെയും വക്താക്കളായിരുന്നവർ ഇന്നൊരു മടിയും കൂടാതെ വോട്ടു കിട്ടാൻ വേണ്ടി വർഗീയത പ്രസംഗിക്കുന്നതാണ് കാണുന്നത്. അത്തരമൊരു പ്രസംഗമാണ് സിപിഐ കേന്ദ്രസെക്രട്ടറിയേറ്റ് അംഗം ബിനോയി വിശ്വം ഇന്നലെ റാന്നിയിൽ നടത്തിയത്.
എൽഡിഎഫ് തെക്കൻ മേഖലാ വികസന മുന്നേറ്റ യാത്രയ്ക്ക് റാന്നിയിൽ നൽകിയ സ്വീകരണ യോഗത്തിൽ ന്യൂനപക്ഷങ്ങളെ എത്രത്തോളും സുഖിപ്പിക്കാമോ അത്രയും സുഖിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ഇടതുപക്ഷം വിശ്വാസത്തിന് എതിരല്ലെന്നും മതവിരുദ്ധരല്ലെന്നും പറഞ്ഞായിരുന്നു തുടക്കം. എല്ലാ മതങ്ങളിലെയും യഥാർഥ വിശ്വാസികളെ ഇടതുപക്ഷം മാനിക്കുന്നു. മതം ഒരു യാഥാർഥ്യമാണ്. മതമുള്ളിടത്തോളം കാലം വിശ്വാസവുമുണ്ടാകും. വിശ്വാസിക്ക് ദൈവത്തെ ആരാധിച്ചേ തീരൂ.
ആ നിലയ്ക്ക് ദൈവവും യാഥാർഥ്യമാണ്. ആ യാഥാർഥ്യത്തെ ഒന്നും നിരാകരിക്കുന്ന പക്ഷമല്ല ഇടതു പക്ഷം. യേശുക്രിസ്തുന്റെ പക്ഷമാണ് ഇടതുപക്ഷം. എന്നു പറഞ്ഞാൽ പാവങ്ങളുടെ പക്ഷം. പാവങ്ങളോട് അദ്ദേഹം കാണിച്ച പക്ഷപാതിത്വമാണ് നമ്മുടേത്. കിറ്റു കൊടുത്തതും ലൈഫിൽ വീടു വച്ചു കൊടുത്തതും ആ പക്ഷപാതിത്വത്തിന്റെ ഭാഗമായിരുന്നു. നബിയുടെ സത്യവിശ്വാസത്തെക്കുറിച്ചും വാചാലനാകുന്നതിൽ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു.
അഞ്ച് കൊല്ലം കുടുമ്പോൾ എൽഡിഎഫും യുഡിഎഫും മാറിമാറി ഭരിക്കുന്ന ശീലം മാറാൻ പോകുന്നുവെന്ന് ബിനോയ് വിശ്വം പറഞ്ഞു. ഇന്നും നാളെയും എൽഡിഎഫ് ആയിരിക്കും കേരളം ഭരിക്കുക. എൽഡിഎഫിന്റെ ആശയങ്ങളോടും പ്രഖ്യാപനങ്ങളോടും മുദ്രാവാക്യങ്ങളോടുമെല്ലാം കേരളം സൂക്ഷിക്കുന്ന കരുതലാണ് ജാഥയ്ക്ക് ലഭിക്കുന്ന സ്വീകരണം.
ജനങ്ങളുടെ ആവശ്യങ്ങൾക്കും ക്ഷേമപ്രവർത്തനങ്ങൾക്കും ഒപ്പം ഉള്ളത് ഇടതുപക്ഷമാണെന്ന് അവർക്കറിയാം. എല്ലാറ്റിനേക്കാളും വലിയവർ ജനങ്ങളാണ്. ആ ജനങ്ങളാണ് ജനാധിപത്യ വ്യവസ്ഥയിൽ വിധികർത്താക്കൾ. വിജയങ്ങളൊന്നും എൽഡിഎഫിനെ അഹങ്കരിപ്പിക്കില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വലിയ വിജയം നേടാനായി. കതിർക്കനമുള്ള നെൽകതിർ തലകുനിച്ചു നിൽക്കുന്നതുപോലെ എൽഡിഎഫ് വിനയത്തോടെ തലകുനിച്ചുനിൽക്കുകയാണ്. ജനങ്ങളുടെ ക്ഷേമമാണ് എൽഡിഎഫിന്റെ ലക്ഷ്യം.
ഇന്ത്യയിലെങ്ങും ബിജെപി ഇരുട്ട് വാരി വിതറുകയാണ്. ഈ പെരും ഇരുട്ടിനിടയിൽ കേരളം വെളിച്ചത്തിന്റെ തുരുത്തായി മാറിയിരിക്കുന്നു. എൽഡിഎഫ് വിജയത്തെക്കുറിച്ച് നമുക്ക് അറിയും പോലെ അവർക്കും അറിയാം. അതുകൊണ്ട് ബിജെപിയും യുഡിഎഫും ഒന്നാകുകയാണ്. അവർക്ക് വേണ്ടത് കേരളത്തിന്റെ അന്തരീക്ഷം ആകമാനം എൽഡിഎഫ് വിരുദ്ധതയുടെ പുകപടലം പരത്തുകയെന്നതാണ്. അസത്യങ്ങളും കള്ളപ്രചാരണവുമായി ഇരുകൂട്ടരും ഇറങ്ങിയിരിക്കുകയാണ്. യുഡിഎഫ് നിർത്തുമ്പോൾ ബിജെപി തുടങ്ങും. യുഡിഎഫിന്റെ പ്രചാരണ ജാഥ സമാപിക്കുമ്പോൾ ബിജെപിയുടെ ജാഥ വടക്കുനിന്ന് ആരംഭിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്