- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു; റിപ്പോർട്ട് ചെയ്തത് ആലപ്പുഴയിൽ കൈനകരയിൽ; പരിശോധന നടത്തിയത് കൂട്ടത്തോടെ മുട്ടക്കോഴികൾ ചത്തൊടുങ്ങിയതിന് പിന്നാലെ; ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു
ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി റിപ്പോർട്ട് ചെയ്തു. ആലപ്പുഴ ജില്ലയിലെ കൈനകരിയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെ അഞ്ഞൂറോളം താറാവുകൾ ഉൾപ്പടെയുള്ള പക്ഷികൾ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസ് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരിക്കുകയായിരുന്നു.
പ്രദേശത്ത് മുട്ടക്കോഴികൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനിമൂലമാണെന്ന സംശയം ഉയർന്നതിനെത്തുടർന്ന് ഇവിടെ നിന്ന് ശേഖരിച്ച സാമ്പിളുകൾ ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസ് ലബോറട്ടറിയിൽ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ കൈനകരിയിൽ മാത്രം 700 താറാവ്, 1600 കോഴി എന്നിവയെ നശിപ്പിക്കേണ്ടിവരുമെന്നാണ് മൃഗസംരക്ഷണ വകുപ്പ് പറയുന്നത്.ഇതിനുള്ള പ്രവർത്തനങ്ങൾ ഉടൻ തുടങ്ങും.കൈനകരിയിലും സമീപ പ്രദേശങ്ങളിലും അധികൃതർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
കോട്ടയത്തെ നീണ്ടൂരും ആലപ്പുഴ ജില്ലയിൽ കുട്ടനാടൻ മേഖലകളിലും ഈ മാസം ആദ്യം പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.ഇതിനെത്തുടർന്ന് പതിനായിരക്കണക്കിന് പക്ഷികളെയാണ് ഇവിടങ്ങളിൽ കൊന്നൊടുക്കിയത്. അതിന്റെ ഭീതി മാറുംമുമ്പാണ് കൈനകരിയിൽ രോഗബാധ സ്ഥിരീകരിച്ചത്. കോവിഡ് പ്രതിസന്ധിക്കിടെ പക്ഷിപ്പനികൂടി സ്ഥിരീകരിച്ചത് താറാവ്, കോഴി കർഷകരെ ആകെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ