- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഷ്ടിച്ച കുഴൽപ്പണം ഉപയോഗിച്ചു മാർട്ടിൻ ഇന്നോവാ കാറും സ്വർണവും വാങ്ങി; നാല് ലക്ഷം രൂപ ബാങ്കിൽ അടച്ചു; വീട്ടിൽ മെറ്റലിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് ഒമ്പത് ലക്ഷം രൂപ; ബിജെപി നേതാവ് കെ ജി കർത്തയെ ചോദ്യം ചെയ്യുന്നത് ഫോൺ രേഖകളുടെ അടിസ്ഥാനത്തിൽ
പാലക്കാട്: കൊടകരയിൽ വ്യാജവാഹനാപകടമുണ്ടാക്കി മൂന്നരക്കോടിരൂപ തട്ടിയെടുത്ത കേസിൽ ബിജെപി. ആലപ്പുഴ ജില്ലാട്രഷറർ കെ. ഗോപാലകൃഷ്ണ കർത്തയെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. അന്വേഷണോദ്യോഗസ്ഥൻ എ.സി.പി. വി.കെ. രാജുവാണ് വിവരങ്ങൾ ശേഖരിക്കുന്നത്. മുതിർന്ന ബിജെപി നേതാക്കളിലേക്ക് അന്വേഷണം നീങ്ങുന്നു എന്ന സൂചനയാണ് ആലപ്പുഴയിലെ ജില്ലാ നേതാവിനെ ചോദ്യം ചെയ്യുന്നതിലൂടെ വ്യക്തമാകുന്നത്.
ആലപ്പുഴയിലെ പൊലീസ് ട്രെയിനിങ് സെന്ററിലാണ് ചോദ്യംചെയ്യൽ. മൂന്നരക്കോടി ഗോപാലകൃഷ്ണ കർത്തയ്ക്ക് കൈമാറാനായാണ് കൊണ്ടുപോയതെന്ന് അറസ്റ്റിലായ പ്രതികളിൽനിന്നും വിവരങ്ങൾ നൽകിയ ബിജെപി. നേതാക്കളിൽ നിന്നും പൊലീസിന് മൊഴി ലഭിച്ചിരുന്നു. പണം കൊടുത്തയച്ച ആർഎസ്എസ്. പ്രവർത്തകൻ ധർമരാജനുമായി ഗോപാലകൃഷ്ണ കർത്ത നിരവധി തവണ ഫോണിൽ സംസാരിച്ചിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കവർച്ചനടന്ന ദിവസവും ഇരുവരും ഫോണിൽ ബന്ധപ്പെട്ടിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
വിവരശേഖരണത്തിനായി അന്വേഷണസംഘം വിളിപ്പിച്ച ബിജെപി. സംസ്ഥാന സംഘടനാസെക്രട്ടറി ഗണേശ്, ഓഫീസ് സെക്രട്ടറി ഗിരീഷ് എന്നിവർ എപ്പോൾ ഹാജരാകുമെന്ന വിവരം അന്വേഷണസംഘത്തെ അറിയിച്ചിട്ടില്ല. രണ്ടുദിവസത്തിനകം ഹാജരാകണമെന്നും അല്ലാത്തപക്ഷം മറ്റു നടപടികളിലേക്ക് കടക്കുമെന്നും കാണിച്ച് ഇവർക്ക് നോട്ടീസ് അയച്ചിരുന്നു. മുൻപും ഇരുവരെയും ചോദ്യംചെയ്യാൻ വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായില്ല.
അതേസമയം കുഴൽപ്പണക്കേസിലെ ആറാം പ്രതി മാർട്ടിന്റെ വീട്ടിൽ നിന്നും ഒൻപത് ലക്ഷം രൂപ കണ്ടെടുത്തിട്ടുണ്ട്. വെള്ളങ്ങല്ലൂർ വീട്ടിലെ മെറ്റലിനുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം കണ്ടെത്തിയത്. മാർട്ടിൻ കവർച്ചയ്ക്ക് ശേഷം കാറും സ്വർണവും വാങ്ങിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കവർച്ചനടന്ന ശേഷം മൂന്ന് ലക്ഷം രൂപയുടെ ഇന്നോവ കാറും മുന്നര ലക്ഷം രൂപയുടെ സ്വർണവും വാങ്ങിയതായാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഇതിനൊപ്പം നാല് ലക്ഷം രൂപ ബാങ്കിൽ അടച്ചതായും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിൽ മൂന്നിനാണ് മൂന്നര കോടിയോളം രൂപയും കാറും കൊടകരയിൽ ഗുണ്ടാ സംഘം കവർച്ച ചെയ്തത്. എന്നാൽ 25 ലക്ഷം നഷ്ടപ്പെട്ടുവെന്നാണ് കോഴിക്കോട്ടെ വ്യവസായിയും ആർഎസ്എസ് പ്രവർത്തകനുമായ ധർമരാജൻ ഡ്രൈവർ ഷംജീർ വഴി പൊലീസിന് പരാതി നൽകിയത്. നഷ്ടപ്പെട്ട മൂന്നരക്കോടിയിൽ ഒരു കോടി മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. ബാക്കി തുക കണ്ടെത്താനും പണത്തിന്റെ ഉറവിടത്തെപ്പറ്റി വ്യക്തത വരുത്താനും കൂടുതൽ ചോദ്യം ചെയ്യലുകൾ നടക്കുകയാണ്.
ഉന്നത നേതാക്കളിലേക്ക് അന്വേഷണം നീളുമ്പോൾ ബിജെപിക്ക് ബന്ധമില്ലെന്നാണ് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പക്ഷം. കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ബിജെപിയെ ബന്ധിപ്പിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ അതിന് കഴിയില്ലെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞിരുന്നു. വിഷയത്തിൽ പൊലീസ് തലകുത്തി മറഞ്ഞിലും നാടകം ഫലം കാണാൻ പോകുന്നില്ലെന്നും പണം കൈമാറിയത് ഡിജിറ്റലായാണെന്നുമാണ് സുരേന്ദ്രന്റെ വാദം.
മറുനാടന് മലയാളി ബ്യൂറോ