ന്യൂഡൽഹി: രാജ്യം നീങ്ങുന്നത് കോൺഗ്രസ് മുക്ത ഭാരതത്തിലേക്കോ? കേരളത്തിലെ തെരഞ്ഞെടുപ്പാകും ഈ ചോദ്യത്തിന് ഉത്തരം നൽകുക. കേരളവും അസമും തിരിച്ചു പിടിച്ച് ദേശീയ രാഷ്ട്രീയത്തിൽ മികവ് കാട്ടാനാണ് കോൺഗ്രസിന്റെ ശ്രമം. അല്ലാത്ത പക്ഷം വലിയ പ്രതിസന്ധിയിലേക്ക് കോൺഗ്രസ് നീക്കം.

2016 നും 2020 നുമിടെ നടന്ന തിരഞ്ഞെടുപ്പുകൾക്കിടെ കോൺഗ്രസ് വിട്ട് മറ്റുപർട്ടികളിൽ ചേർന്നത് 170 ഓളം എംഎൽഎമാരാണ്. എന്നാൽ, ഈ കാലയളവിൽ ബിജെപി വിട്ട് മറ്റുപാർട്ടികളിൽ ചേർന്ന് തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചത് 18 എംഎൽഎമാർ മാത്രം. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്ന് പിടിഐ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.

ഈ കണക്കുകൾ കോൺഗ്രസിന് ഏറെ തിരിച്ചടിയാണ്. 2016നും 2020നുമിടെ വീണ്ടും മത്സരിച്ച 405 എംഎൽഎമാരിൽ 182 പേർ വിവിധ പാർട്ടികൾ വിട്ട് ബിജെപിയിൽ ചേർന്നു. 38 പേർ വിവിധ പാർട്ടികളിൽനിന്ന് കോൺഗ്രസിലെത്തി. 25 പേർ തെലങ്കാന രാഷ്ട്ര സമിതി(ടിആർഎസ്) യിൽ ചേർന്നുവെന്നും എഡിആർ പുറത്തുവിട്ട പുതിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനിടെ അഞ്ച് ലോക്സഭാംഗങ്ങൾ ബിജെപിവിട്ട് മറ്റുപാർട്ടികളിൽ ചേർന്നു. കോൺഗ്രസിന്റെ ഏഴ് രാജ്യസഭാംഗങ്ങളാണ് പാർട്ടിവിട്ട് മറ്റുപാർട്ടികളിൽ ചേർന്ന് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. 2016 നും 2020 നുമിടെ നടന്ന തിരഞ്ഞെടുപ്പുകൾക്കിടെയാണ് 170 ഓളം എംഎൽഎമാർ കോൺഗ്രസ് വിട്ട് മറ്റുപാർട്ടികളിൽ ചേർന്നത്.

18 എംഎൽഎമാർ ബിജെപിവിട്ട് മറ്റുപാർട്ടികളിൽ ചേർന്ന് തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചു. മധ്യപ്രദേശ്, മണിപ്പുർ, ഗോവ, അരുണാചൽ പ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ സർക്കാരുകൾ അടുത്തിടെ എംഎൽഎമാരുടെ കാലുമാറ്റത്തെ തുടർന്ന് നിലംപതിച്ചു. 2016 നും 2020 നുമിടെ വീണ്ടും മത്സരിച്ച 16 രാജ്യസഭാംഗങ്ങളിൽ പത്തുപേർ വിവിധ പാർട്ടികൾവിട്ട് ബിജെപിയിലെത്തി. 2019 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിനിടെ വിവിധ പാർട്ടികൾവിട്ട 12 ലോക്സഭാംഗങ്ങളിൽ അഞ്ചുപേർ മാത്രമാണ് കോൺഗ്രസിൽ ചേർന്നത്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിവിധ പാർട്ടികൾവിട്ട് തിരഞ്ഞെടുപ്പുകളിൽ വീണ്ടും മത്സരിച്ച 433 എംപിമാരുടെയും എംഎൽഎമാരുടെയും സത്യവാങ്മൂലങ്ങൾ പരിശോധിച്ചാണ് നാഷണൽ ഇലക്ഷൻ വാച്ചും എഡിആറും ചേർന്ന് റിപ്പോർട്ട് തയ്യാറാക്കിയത്.