കോഴിക്കോട്: ഒന്നിനു പിറകേ മറ്റൊന്നായി ബിജെപിയിൽ സാമ്പത്തിക്ക തട്ടിപ്പ് ആരോപണങ്ങൾ. കൊടകര കുഴൽപ്പണ വിഷയത്തിൽ നിന്നും തലയൂരിയതിന് പിന്നാലെയാണ് കോഴിക്കോട് ജില്ലാ കമ്മിറ്റിയെയും വിവാദത്തിലാക്കുന്ന ആരോപണങ്ങൾ ഉയരുന്നത്. ബിജെപി ജില്ലാ കമ്മിറ്റിയുടെ പുതിയ ഓഫിസ് കെട്ടിടം നിർമ്മിക്കാൻ വാങ്ങിയ സംഭവനയാണ് പുതിയ വിവാദ വിഷയം.

ഒരു സഹകരണ സൊസൈറ്റിയിൽനിന്ന് അഞ്ചു ലക്ഷം രൂപ സംഭാവന വാങ്ങിയ നടപടിയാണ് വിവാദങ്ങൾക്ക് ഇടയാക്കുന്നത്. ഇടതുപക്ഷം കള്ളപ്പണം വെളുപ്പിക്കാൻ ഉപയോഗിക്കുന്ന സംഘമാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പലതവണ ആരോപണം ഉന്നയിച്ച സ്ഥാനപമാണ് ഇത്. അതേ സഹകരണ സൊസൈറ്റിയിൽ നിന്ന് ബിജെപി സംഭാവന വാങ്ങിയതിലെ വൈരുധ്യമാണ് പല നേതാക്കളും ചൂണ്ടിക്കാട്ടുന്നത്.

ബിജെപി ജില്ലാ കമ്മറ്റിയുടെ ഭാഗത്തു നിന്നും ഇത്തരമൊരു നടപടി ഉണ്ടായതിൽ ബിജെപി സംസ്ഥാന സമിതി അതൃപ്തിയിലാണ്. ഇതിനു പുറമേ ജില്ലയിലെ ഒരു കെട്ടിടനിർമ്മാണ സ്ഥാപനത്തിൽനിന്ന് പത്തുലക്ഷം അടക്കം വൻ തുക സംഭാവന വാങ്ങിയതായും സംസ്ഥാന കമ്മിറ്റിക്കു മുന്നിൽ പരാതി എത്തിയിട്ടുണ്ട്. ഈ ഫണ്ടുകൾ പാർട്ടി ആവശ്യത്തിലേക്ക് എത്തുന്നുണ്ടോ എന്ന സംശയമാണ മറ്റൊരിടത്ത്.

കേന്ദ്രകമ്മിറ്റിയുടെ ഫണ്ട് ഉപയോഗിച്ചാണ് ജില്ലാ കമ്മിറ്റി ഓഫിസുകളുടെ നിർമ്മാണം നടത്തിയത്. എന്നാൽ പണി പൂർത്തിയാക്കാൻ ഫണ്ട് തികയാതെ വന്നതോടെയാണ് സംഭാവനകൾ സ്വീകരിക്കാൻ നേതൃത്വം തീരുമാനിച്ചത്. ഇതിനു വിളിച്ചുചേർത്ത യോഗത്തിൽ ആർക്കൊക്കെ എത്ര രൂപ വീതം സമാഹരിക്കാൻ കഴിയുമെന്ന് നേതാക്കളോടു ചോദിച്ചിരുന്നു. തുടർന്നാണ് ജില്ലാ നേതാക്കൾ നേരിട്ട് വൻ തുകകൾ സംഭാവന പിരിച്ചതെന്നും ഇതിനൊന്നും കണക്ക് അവതരിപ്പിച്ചിട്ടില്ലെന്നുമാണ് ആരോപണം.

ജില്ലാ കമ്മിറ്റി ഓഫിസിന്റെ പ്രവർത്തനം താൽക്കാലികമായി പുതിയ കെട്ടിടത്തിലേക്കു മാറ്റിയെങ്കിലും ഉദ്ഘാടനം നടത്തിയിട്ടില്ല. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഓഗസ്റ്റ് മൂന്നാമത്തെയാഴ്ച നടക്കാനിരിക്കെയാണ് ഫണ്ട് പിരിവ് സംബന്ധിച്ച് ആരോപണം ഉയർന്നത്. ഫണ്ട് പിരിവു സംബന്ധിച്ച കണക്കുകൾ അവതരിപ്പിക്കണമെന്ന് കഴിഞ്ഞ ജില്ലാ കമ്മിറ്റി യോഗത്തിൽ ആവശ്യമുയർന്നിരുന്നു. എന്നാൽ കണക്ക് അവതരിപ്പിക്കാൻ പ്രത്യേകയോഗം വിളിക്കുമെന്നാണ് നേതൃത്വം അറിയിച്ചിരുന്നത്.