- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്ലാസ്സിൽ വന്നിടിച്ചപ്പോൾ കാറിനകത്ത് സ്തംഭിച്ച് ഇരുന്ന് മുഖ്യമന്ത്രി; മുദ്രാവാക്യം കേട്ട് പൊലീസ് ഓടിയെത്തിയതിനാൽ പ്രതിഷേധക്കാരനെ വേഗത്തിൽ പിന്മാറ്റാനായി; കാക്കനാട് സർക്കാർ പ്രസ്സിലെ നൂതന സിടിപി മെഷീൻ ഉദ്ഘാടനം ചെയ്യാനെത്തിയ പിണറായി യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ അസ്വസ്ഥൻ
കൊച്ചി: പ്രതിഷേധത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ്സ് പ്രവർത്തകൻ അപ്രതീക്ഷിതമായി കാറിൽ വന്നിടിച്ച സംഭവം മുഖ്യമന്ത്രി പിണറായി വിജയനെ ഏറെ അസ്വസ്ഥനാക്കിയതായി സൂചന. കനത്ത പൊലീസ് കാവലുണ്ടായിട്ടും കാറിന് മുന്നിലേക്ക് കരിങ്കൊടിയുമായി പ്രവർത്തകൻ ഒറ്റക്ക് വന്ന് പ്രതിഷേധിച്ചതും കാറിൽ പലവട്ടം ഇടിച്ചതും പൊലീസിന്റെ വീഴ്ചയാണെന്ന് മുഖ്യമന്ത്രി സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് പറഞ്ഞതായാണ് ലഭിക്കുന്ന വിവരം. കാർ പെട്ടെന്ന് നിൽക്കുകയും ഒരാൾ ഓടി വന്ന് താൻ ഇരിക്കുന്ന വശത്തെ ഗ്ലാസ്സിൽ ഇടിക്കുകയും ചെയ്യുന്നത് കണ്ട മുഖ്യ മന്ത്രി ഞെട്ടി. എന്നാൽ നിമിഷങ്ങൾക്കകം തന്നെ പൊലീസ് ഓടിയെത്തി ഇയാളെ സ്ഥലത്ത് നിന്നും നീക്കം ചെയ്തു.
വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കാക്കനാട് കളക്റ്റ്രേറ്റിന് സമീപം പാട്ടുപുരയ്ക്കൽ ക്ഷേത്രകമാനത്തിൽ വച്ച് മുഖ്യമന്ത്രിയേയും പൊലീസിനെയും ഞെട്ടിച്ച ഒറ്റയാൾ പ്രതിഷേധം നടന്നത്. റോഡിന് വശത്ത് കള്ളിമുണ്ടുടുത്ത് നിന്ന പ്രതിഷേധക്കാരനെ പൊലീസിന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. സാധാരണ പ്രതിഷേധക്കാർ ഖദർ വസ്ത്രം ധരിച്ചാണ് നിൽക്കാറുള്ളത്. സംഭവം നടക്കുന്നതിന് തൊട്ടു മുൻപ് പ്രതിഷേധത്തിനായി എത്തിയ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
അനിഷ്ട സംഭവങ്ങൾ ഒന്നും നടക്കില്ല എന്ന ആശ്വാസത്തിൽ പൊലീസ് നിൽക്കുമ്പോഴാണ് പ്രതിഷേധക്കാരൻ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് മുന്നിലേക്ക് ചാടുന്നത്. സുരക്ഷാ വാഹനത്തിന് മുന്നിലാണ് ആദ്യം ചാടിയത്. ഈ വാഹനം നിർത്തിയതോടെ പിന്നാലെ വന്ന് മുഖ്യമന്ത്രിയുടെ കാറും നിന്നു. ഈ സമയം കൊണ്ട് പ്രതിഷേധക്കാരൻ കാറിന് സമീപം എത്തുകയും കരിങ്കൊടി കാട്ടി മുഖ്യമന്ത്രി ഇരുന്ന വശത്തെ ഗ്ലാസ്സിൽ ശക്തിയായി പലവട്ടം ഇടിക്കുകയും ചെയ്തത്. ഉടൻ തന്നെ മുഖ്യമന്ത്രിയുടെ കാറിൽ നിന്നും വയർലെസ്സ് സന്ദേശം പൊലീസ് കണ്ട്രോൾ റൂമിലേക്ക് പോയി. പ്രതിഷേക്കാരൻ വാഹനത്തിൽ അടിച്ചിട്ടുണ്ടെന്നും കർശന നടപടിയെടുക്കണമെന്നുമായിരുന്നു സന്ദേശം.
കാറിന് സമീപം നിന്ന പ്രതിഷേധക്കാരനെ പൊലീസ് പിടിച്ചുമാറ്റുന്നതിനിടെ നിലത്തേക്ക് വീണു. നിലത്തിട്ട് ഇയാളെ കീഴടക്കിയ ശേഷം തൃക്കാക്കര സ്റ്റേഷനിലേക്ക് മാറ്റി. സംഭവം അറിഞ്ഞ് കൊച്ചി ഡി.സി.പിയും തൃക്കാക്കര എ.സി.പിയും സ്റ്റേഷനിലേക്കെത്തി. സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പത്തോളം പൊലീസുകാരെ വിളിച്ചു വരുത്തി വിശദീകരണം ചോദിച്ചിരിക്കുകയാണ്. സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പൊലീസുകാർക്കെതിരെ നടപടിയെടുക്കാനും സാധ്യതയുണ്ട്.
പലയിടങ്ങളിലും പ്രതിഷേധങ്ങളുണ്ടായെങ്കിലും വാഹനം നിർത്തേണ്ടിവന്നത് ഇതാദ്യമാണ്. സുരക്ഷയ്ക്കായി നിരന്നുനിന്ന പൊലീസ് സുരക്ഷാ വലയം ഭേദിച്ചായിരുന്നു യൂത്തു കോൺഗ്രസ് പ്രവർത്തകന്റെ പ്രതിഷേധം. മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന കാർ പ്രതിഷേധക്കാരനെ കണ്ട് വലതു ഭാഗത്തേയ്ക്കു വെട്ടിച്ചെങ്കിലും അവിടെ മതിലായിരുന്നതിനാൽ ഡ്രൈവർക്കും ഒന്നും ചെയ്യാൻ സാധിച്ചില്ല. ഈ സമയം കൊണ്ടാണ് മുഖ്യമന്ത്രി ഇരുന്ന സീറ്റിനു നേരെയുള്ള ചില്ലിനടുത്തേക്കെത്തി പ്രതിഷേധക്കാരൻ കരിങ്കൊടി കാട്ടിയതും ചില്ലിലിടിച്ചതും.
സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ളയാളാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിക്കു പുറമേ സംസ്ഥാനത്തു സെഡ് പ്ലസ് സുരക്ഷയുള്ളത് ഗവർണ്ണർക്കാണ്. കേന്ദ്ര-സംസ്ഥാന സുരക്ഷാ ഏജൻസികളുടെ റിപ്പോർട്ട് കണക്കിലെടുത്തു സുരക്ഷാ ഭീഷണി അവലോകനം ചെയ്താണ് ഏതു വിഭാഗത്തിൽ സുരക്ഷ നൽകണമെന്നു തീരുമാനിക്കുന്നത്. സുരക്ഷാ ഭീഷണിയില്ലെന്നു രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് നൽകിയാൽ അധിക സുരക്ഷ പിൻവലിക്കും. ഭീഷണിയുണ്ടെങ്കിൽ സുരക്ഷ വർധിപ്പിക്കും. പ്രധാനമന്ത്രിക്ക് എസ്പിജി (സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്) സംരക്ഷണമാണെങ്കിൽ രാജ്യത്തെ പ്രധാന നേതാക്കൾക്കും മുഖ്യമന്ത്രിമാർക്കും സെഡ് പ്ലസ് സുരക്ഷയാണ്.
മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ വ്യൂഹത്തിൽ അഡ്വാൻസ് പൈലറ്റ്, പൈലറ്റ്, എസ്കോർട്ട് 1, എസ്കോർട്ട് 2, ആംബുലൻസ്, സ്പെയർ വാഹനം, സ്ട്രൈക്കർ ഫോഴ്സ് എന്നിവയാണുള്ളത്. അഡ്വാൻസ് പൈലറ്റ് നൽകിയതു മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള ആവശ്യപ്രകാരമാണ്. മുഖ്യമന്ത്രിയുടെ പൊതുപരിപാടി നടക്കുന്ന സ്ഥലങ്ങളിൽ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും അഗ്നിശമന സേനയും മെഡിക്കൽ സംഘവും ഉണ്ടാകും. കേരള പൊലീസിന്റെ കമാൻഡോകളാണു സുരക്ഷാ സംഘത്തിലുള്ളത്. വാഹന വ്യൂഹത്തിൽ സാഹചര്യം കണക്കിലെടുത്ത് കമാൻഡോകളുൾപ്പെടെ 50 ഉദ്യോഗസ്ഥർ വരെയുണ്ടാകും.
ജില്ലകളിൽ എസ്പിമാരാണു മുഖ്യമന്ത്രിക്കും മറ്റു വിഐപികൾക്കും സുരക്ഷ ഒരുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നത്. മുഖ്യമന്ത്രി കടന്നുപോകുന്ന വഴികളിൽ ഇരുവശത്തും 100 മീറ്റർ അകലത്തിൽ പൊലീസുകാരെ വിന്യസിക്കും. പ്രധാന റോഡിലേക്ക് ഇടറോഡുകളിൽനിന്നുള്ള ഗതാഗതം നിയന്ത്രിക്കും. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളിലെ സുരക്ഷാ നിയന്ത്രണം എസ്പിക്കായിരിക്കും. വേദിയും പരിസരവും 2 മണിക്കൂർ മുൻപു പൊലീസ് നിയന്ത്രണത്തിലാകും. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരിക്കെ സുരക്ഷാ സംവിധാനം പലപ്പോഴും എസ്കോർട്ട്, പൈലറ്റ് വാഹനങ്ങളിൽ ഒതുങ്ങിയിരുന്നു. തനിക്കും മന്ത്രിമാർക്കും പൈലറ്റും എസ്കോർട്ടും വേണ്ടെന്നായിരുന്നു 2016 ൽ അധികാരമേറ്റെടുത്തപ്പോൾ പിണറായിയും നൽകിയ നിർദ്ദേശം. എന്നാൽ നിലവിൽ ഏറ്റവും കൂടുതൽ സുരക്ഷാ അംഗങ്ങളും വാഹനങ്ങളും ഉള്ളത് മുഖ്യമന്ത്രിക്കാണ്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.