- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാട്ടുകേട്ടാൽ കുഴമപ്പമില്ല, വാഹനം ഓടിക്കുമ്പോൾ ബ്ലൂടൂത്ത് വഴി ഫോൺ സംഭാഷണം നടത്തിയാൽ ആദ്യം പിഴി 2000 രൂപ; ഇതേ കുറ്റത്തിനു 3 വർഷത്തിനിടെ രണ്ടാമതും പിടിച്ചാൽ പിഴ 5000 ആകും; ഗതാഗത വകുപ്പിന്റെ പരിഷ്ക്കാരത്തിനെതിരെ എതിർപ്പ് ശക്തം; റോഡുകളിൽ ഇനി ഫോണിന് വേണ്ടിയുള്ള പിടിവലിയുടെ കാലമോ?
തിരുവനന്തപുരം: വാഹനമോടിക്കുമ്പോൾ ബ്ലൂടൂത്ത് വഴി ഫോണിൽ സംസാരിക്കുന്നത് 2000 രൂപ പിഴ ഈടാക്കാവുന്ന കുറ്റമാണെന്ന് ട്രാൻസ്പോർട്ട് കമ്മിഷണറേറ്റ് വ്യക്തമാക്കിയതോടെ ഇതിൽ എതിർപ്പ ശക്തമാകുകയാണ്. പ്രായോഗികം അല്ലാത്ത നിർദേശമാണിതെന്നും ഭാവിയിൽ റോഡിൽ മൊബൈൽ ഫോണിന് വേണ്ടി ഉദ്യോഗസ്ഥരും യാത്രക്കാരും തമ്മിൽ പിടികൂടേണ്ട കാര്യത്തിലേക്ക് പോലും കാര്യങ്ങളെത്തുമെന്നുമാണ് ഉയരുന്ന വിമർശനങ്ങൾ.
മൊബൈൽ ഫോൺ കയ്യിൽ പിടിച്ചു സംസാരിക്കുന്നത് നേരത്തേ ലൈസൻസ് റദ്ദാക്കുന്ന കുറ്റമായിരുന്നെങ്കിലും 2019 ലെ കേന്ദ്ര മോട്ടർ വാഹന നിയമഭേദഗതി വന്നപ്പോൾ സെക്ഷൻ 184 (സി) വിഭാഗത്തിലേക്കു മാറ്റിയതോടെയാണ് 2000 രൂപ പിഴയായി മാറിയത്. ഇതേ കുറ്റത്തിനു 3 വർഷത്തിനിടെ രണ്ടാമതും പിടിച്ചാൽ പിഴ 5000 രൂപയാണ് ഈടാക്കുക. കയ്യിൽ ഫോൺ പിടിച്ചു സംസാരിക്കുന്നതും ബ്ലൂടൂത്ത് വഴി സംസാരിക്കുന്നതും ഡ്രൈവിങ്ങിലെ ശ്രദ്ധയെ ബാധിക്കുമെന്നതാണു കമ്മിഷണറേറ്റിന്റെ വിശദീകരണം.
മറ്റൊരാളുടെ സംസാരത്തിൽ ശ്രദ്ധിക്കുമ്പോൾ കാഴ്ചയിലും മറ്റു പ്രവർത്തനത്തിലും പൂർണമായും ശ്രദ്ധിക്കാനാകില്ല. എന്നാൽ, കാറിൽ പാട്ടുകേൾക്കുന്നത് ഈ ഗണത്തിൽ വരില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. മറ്റൊരാളുമായുള്ള ആശയവിനിമയമാണു ശ്രദ്ധ മാറ്റുന്നതെന്നുമാണ് വിശദീകരണം.
വാഹനമോടിക്കുമ്പോൾ ബ്ലൂടൂത്ത് ഉപയോഗിച്ച് സംസാരിച്ചാലും ലൈസൻസ് റദ്ദാക്കാമെന്ന പൊലീസിന്റെ നിർദ്ദേശം നടപ്പാക്കുക എളുപ്പമല്ലെന്നു വിദഗ്ദ്ധർ. ചില നിയമപ്രശ്നമാണ് കാരണം. ലൈസൻസ് റദ്ദാക്കണമെങ്കിൽ മോട്ടോർവാഹന നിയമത്തിൽ ഇനിയും ഭേദഗതി വേണ്ടിവരുമെന്ന് പൊലീസും സമ്മതിക്കുന്നു. എന്നാൽ ഇതിന് സംസ്ഥാനങ്ങൾക്ക് അധികാരമില്ല. നിലവിലെ സാഹചര്യത്തിൽ ലൈസൻസ് റദ്ദാക്കിയാൽ കേസ് കോടതിയിലെത്തുമ്പോൾ തള്ളിപ്പോകാനിടയുണ്ട്. അതുകൊണ്ട് പൊലീസിന്റെ നിർദ്ദേശം ഏതു രീതിയിൽ നടപ്പാക്കുമെന്ന ആശയക്കുഴപ്പം നിലവിലുണ്ട്.
അതേസമയം ഫോൺ എങ്ങനെ ഉപയോഗിക്കുന്നു എന്നതല്ല, വണ്ടിയോടിക്കുമ്പോൾ നമ്മൾ സംസാരിക്കുന്നു എന്നതാണ് ഗൗരവമായ വിഷയം. കേൾവിയും കാഴ്ചയും മസ്തിഷ്കത്തിന് ഒരേസമയം ഒരേ പ്രാധാന്യത്തോടെ കൈകാര്യംചെയ്യാനാവില്ല. ഫോൺവിളിക്കുന്ന വ്യക്തിയെ സങ്കൽപ്പിക്കാൻ മനസ്സ് ശ്രമിക്കും. പറയുന്ന വിഷയം ഗൗരവകരമാണെങ്കിൽ അതും ശ്രദ്ധയെ ബാധിക്കും. തൊട്ടടുത്തിരിക്കുന്നയാളോട് സംസാരിക്കുന്നതിനേക്കാൾ കൂടുതൽ ശ്രദ്ധ കാണാത്തയാളോട് സംസാരിക്കുമ്പോൾ വേണ്ടിവരും. അതുകൊണ്ട് വണ്ടിയോടിക്കുമ്പോൾ ഒരു രീതിയിലും ഫോൺ ഉപയോഗിക്കുന്നത് നല്ലതല്ലെന്നാണ് ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥറുടെ പക്ഷം.
മറുനാടന് മലയാളി ബ്യൂറോ