വാഷിങ്ടൺ: ഇറാൻ പിന്തുണ നൽകുന്ന വിമത സൈന്യത്തിനെ തുരത്താൻ ശക്തമായ ബോംബാക്രമണവുമായി അമേരിക്ക. ഇറാക്ക്, സിറിയ എന്നീ രാജ്യങ്ങളുടെ അതിർത്തിയോട് ചേർന്ന പ്രദേശങ്ങളിലാണ് അമേരിക്കൻ യുദ്ധ വിമാനങ്ങൾ കടുത്ത വ്യോമാക്രമണം നടത്തിയത്.ഇറാൻ പിന്തുണയുള്ള വിമതരുടെ കേന്ദ്രങ്ങളിൽ മാത്രമായിരുന്നു ആക്രമണമെന്ന് അമേരിക്കൻ പ്രതിരോധ കേന്ദ്രമായ പെന്റഗൺ അറിയിച്ചു.

ഡ്രോൺ പോലുള്ളവ ഉപയോഗിച്ച് ഇറാക്കിലെ അമേരിക്കൻ പൗരന്മാർക്കും സ്ഥാപനങ്ങൾക്കും നേരെ നടത്തുന്ന ആക്രമണങ്ങൾക്ക് പകരമായാണ് ഇതെന്ന് പെന്റഗൺ പ്രസ് സെക്രട്ടറി ജോൺ കിർബി അറിയിച്ചു.സിറിയയിലെ രണ്ടിടത്തും ഇറാക്കിലെ ഒരിടത്തുമുള്ള ആയുധ സംഭരണശാലകളും മറ്റ് പ്രവർത്തന കേന്ദ്രങ്ങളുമാണ് ബോംബിട്ട് തകർത്തത്.

ഈ വർഷം ആദ്യം മുതൽ ഇതുവരെ അമേരിക്കയ്ക്കെതിരെ ഇറാൻ പിന്തുണയുള്ള വിമതർ 40 ആക്രമണങ്ങൾ നടത്തി. ഇതിൽ 14എണ്ണം റോക്കറ്റ് ആക്രമണങ്ങളായിരുന്നു. മറ്റുള്ളവ അമേരിക്കൻ സേനക്ക് നേരെയുള്ള ബോംബാക്രമണങ്ങളും. ഐസിസ് പിന്തുണയുള്ള രാജ്യത്തെ വിമതസേനയെ തുരത്താൻ 2500 അമേരിക്കൻ സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്.

ഇറാക്കിലെ ആർബിലിൽ അമേരിക്കയുടെ കോൺസുലേറ്റുണ്ട്. ഇവിടെ ഏപ്രിൽ മാസത്തിൽ സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ ഇവിടെ തകർത്തു. തുടർന്ന് ഭാവിയിൽ ഇത്തരം ആക്രമണങ്ങളുണ്ടാകുന്നത് തടയണം എന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ നിർദ്ദേശത്തെ തുടർന്നാണ് അമേരിക്ക വ്യോമാക്രമണം നടത്തിയത്.