പത്തനംതിട്ട: ബിരിയാണിക്കുള്ളിൽ നിന്ന് കുപ്പിച്ചില്ല് വായിൽ തുളച്ചു കയറിയെന്ന പരാതിയിൽ ഹോട്ടലുടമ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിന്റെ വിധി. തിരുവല്ലയിലെ ഹോട്ടൽ എലൈറ്റ് കോണ്ടിനെന്റലിന് എതിരേയാണ് ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറ, മെമ്പർമാരായ എൻ. ഷാജിതാ ബീവി, നിഷാദ് തങ്കപ്പൻ എന്നിവർ ചേർന്ന് വിധി പ്രസ്താവിച്ചത്.

10,000 രൂപ നഷ്ടപരിഹാരവും 2000 രൂപ കോടതി ചെലവുമടക്കം ഹോട്ടൽ ഉടമ നൽകണം. കോന്നി വകയാർ കുളത്തുങ്കൽ വീട്ടിൽ ഷൈലേഷ് ഉമ്മൻ 2017 ൽ പത്തനംതിട്ട ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ ഫയൽ ചെയ്ത കേസിലാണ് വിധി ഉണ്ടായത്. 2017 ൽ തിരുവല്ല എലൈറ്റ് കോൺറ്റിനെന്റൽ ഹോട്ടലിൽ കുടുംബസമേതം ഭക്ഷണം കഴിക്കാൻ കയറുകയും ബിരിയാണിക്ക് ഓർഡർ ചെയ്യുകയും ചെയ്തു.

ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ബിയർ കുപ്പിയുടെ പൊട്ടിയ ചില്ല് ബിരിയാണിയിൽ നിന്ന് വായിൽ തുളഞ്ഞു കയറി. ആശുപത്രിയിൽ പോകേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്തു. ഈ വിവരം ഷൈലേഷ് ഹോട്ടലുടമയെ ധരിപ്പിച്ചപ്പോൾ ഇതൊക്കെ സർവ സാധാരണമാണെന്ന് വളരെ ധിക്കാരപരമായ രീതിയിലാണ് പ്രതികരിച്ചതെന്ന് കാട്ടി കമ്മിഷനിൽ മൊഴി നൽകുകയായിരുന്നു. കോടതിയിൽ ഹാജരായ ഇരുകൂട്ടരുടേയും വാദങ്ങളും തെളിവുകളും പരിശോധിച്ച് കമ്മീഷൻ, പരാതി ന്യായമാണെന്നു കണ്ടെത്തുകയും ഹർജി കക്ഷിക്ക് നഷ്ടപരിഹാരമായി 10,000രൂപയും കോടതി ചെലവിലേക്കായി 2,000 രൂപയും എതിർകക്ഷി കൊടുക്കാൻ ഉത്തരവിടുകയും ചെയ്തു.