- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ട്വന്റി 20 മോഡൽ വളർന്നാൽ സിപിഎമ്മും കോൺഗ്രസും ബിജെപിയും ഒരുമിക്കുമോ? രാജസ്ഥാനിലെ മൂന്ന് വർഷം പ്രായമായ പാർട്ടിക്കെതിരെ ബിജെപിയും കോൺഗ്രസും സഖ്യമുണ്ടാക്കിയത് നൽകുന്നതു പുതിയ ശുത്രവിനെതിരെ പഴയ ശത്രുക്കൾ ഒുമിക്കുമെന്ന രാഷ്ട്രീയ കഥ
ജയ്പൂർ: മൂന്നു വർഷം മാത്രം പ്രായമുള്ള ഒരു പ്രാദേശിക പാർട്ടിയെ തോൽപ്പിക്കാൻ ബിജെപിയും കോൺഗ്രസും കൈ കോർക്കുകയാണ്. അതും രാജസ്ഥാനിൽ. ഡൂംഗർപൂർ ജില്ലാ പ്രമുഖ് തിരഞ്ഞെടുപ്പിലാണു ഈ സഖ്യം. ഇരു പാർട്ടികളും ഒന്നുചേർന്ന് എതിർക്കുന്നതാകട്ടെ 2017ൽ മാത്രം ജന്മമെടുത്ത ബിടിപി എന്നറിയപ്പെടുന്ന ഭാരതീയ ട്രൈബൽ പാർട്ടിയെ.
കേരളത്തിൽ കിഴക്കമ്പലത്തെ ട്വന്റി 20 രാഷ്ട്രീയ പരീക്ഷണം വിജയമായി. ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ കുന്നത്തുനാട് നിയമസഭാ മണ്ഡലത്തിലെ കൂടുതൽ പഞ്ചായത്തിലേക്ക് ട്വന്റി 20 വളർന്നു. മുഖ്യധാരാ പാർട്ടികൾക്ക് ഇത് കടുത്ത വെല്ലുവിളിയാണ്. കേരളത്തിൽ പരസ്പരം കൊമ്പു കോർക്കുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളും കിഴക്കമ്പലം മോഡലിന് എതിരാണ്. അതുകൊണ്ട് തന്നെ ട്വന്റി 20 വളർന്ന് പിന്തലിച്ചാൽ കേരളത്തിലും രാജസ്ഥാനിലെ മാതൃക ഉയർന്നു വരും.
ട്വന്റി 20 മോഡൽ വളർന്നാൽ സിപിഎമ്മും കോൺഗ്രസും ബിജെപിയും ഒരുമിക്കുമോ എന്ന ചോദ്യമാണ് രാജസ്ഥാനിലെ ഈ രാഷ്ട്രീയം ചർച്ചയാക്കുന്നത്. രാജസ്ഥാനിലെ മൂന്ന് വർഷം പ്രായമായ പാർട്ടിക്കെതിരെ ബിജെപിയും കോൺഗ്രസും സഖ്യമുണ്ടാക്കിയത് നൽകുന്നതു പുതിയ ശുത്രവിനെതിരെ പഴയ ശത്രുക്കൾ ഒുമിക്കുമെന്ന സൂചനയാണുള്ളത്. രാജസ്ഥാനിലെ ഈ അട്ടിമറി അതുകൊണ്ട് തന്നെ ദേശീയ രാഷ്ട്രീയത്തിലും ചർച്ചയാവുകയാണ്.
ഡൂംഗർപൂർ ജില്ലാ പരിഷത്തിലെ 27ൽ 13 സീറ്റുകൾ നേടിയ ബിടിപി ആറു സീറ്റുകൾ നേടിയ കോൺഗ്രസ് തങ്ങളെ പിന്തുണയ്ക്കുമെന്നു കരുതിയിരുന്നു. എന്നാൽ ജില്ലാ പ്രധാൻ തിരഞ്ഞെടുപ്പിൽ ബിടിപിയുടെ പാർവതി ഡോഡയ്ക്കെതിരെ മൽസരിച്ച ബിജെപിയുടെ സൂര്യ അഹാരയ്ക്കാണ് കോൺഗ്രസ് വോട്ടു ചെയ്തത്. ബിജെപി എട്ടു സീറ്റുകൾ നേടിയിരുന്നു. അങ്ങനെ ആ പാർട്ടിയെ രണ്ടു പേരും ചേർന്ന് തോൽപ്പിച്ചു. കോൺഗ്രസിന് വേണ്ടി എന്നും നിലയുറപ്പിച്ചവർക്കാണ് ഈ ഗതികേടുണ്ടായത്.
ഗുജറാത്തിൽനിന്നു രാജ്യസഭയിലേക്ക് 2017ൽ അഹമ്മദ് പട്ടേൽ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഏറ്റവും നിർണായകമായത് ബിടിപിയുടെ രണ്ട് എംഎൽഎമാരുടെ വോട്ടായിരുന്നു. കോൺഗ്രസ് എംഎൽഎമാർ കൂട്ടത്തോടെ കൂറുമാറി രാജിവച്ചപ്പോൾ സഹായിച്ചത് ബിടിപിയായിരുന്നു. അവരെയാണ് കോൺഗ്രസ് ചതിച്ചത്. സച്ചിൻ പൈലറ്റ് സൃഷ്ടിച്ച ആഭ്യന്തര കലാപത്തിന്റെ സമയത്തു അശോക് ഗെലോട്ടിനൊപ്പം ഉറച്ചു നിൽക്കുകയും ചെയ്തിരുന്നു ഈ പാർട്ടി. പക്ഷേ ഇതൊന്നും നിർണ്ണായക സമയത്ത് കോൺഗ്രസുകാർ ചിന്തിച്ചതു പോലുമില്ല.
ഗുജറാത്തിൽ ജനതാദൾ യുണൈറ്റഡ് എംഎൽഎ ആയിരുന്ന ഛോട്ടുഭായ് വസാവ പാർട്ടി വിട്ട് 2017ലാണു ഭാരതീയ ട്രൈബൽ പാർട്ടിക്കു രൂപം നൽകുന്നത്. ഗുജറാത്തിന്റെ വടക്കു കിഴക്കൻ ഭാഗങ്ങളിലും രാജസ്ഥാന്റെ തെക്കു കിഴക്കൻ ഭാഗങ്ങളിലേയും ആദിവാസികൾ, പ്രത്യേകിച്ചു ഭീൽ സമുദായത്തിൽപ്പെട്ടവരാണു പാർട്ടിയുടെ അടിത്തറ. ഇത് പടർന്ന് പന്തലിക്കുകയും ചെയ്തു. ഇതാണ് രാഷ്ട്രീയ പാർട്ടികളെ ആശങ്കയിലാക്കുന്നത്.
2017ൽ ഗുജറാത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം മൽസരിച്ച പാർട്ടി രണ്ടു സീറ്റുകൾ നേടിയപ്പോൾ 2018ൽ രാജസ്ഥാനിൽ ഒറ്റയ്ക്കു മൽസരിച്ച് രണ്ടു സീറ്റുകൾ നേടി . ഡൂംഗർപൂരിലെ അസ്പൂർ സീറ്റിൽ പാർട്ടി സ്ഥാനാർത്ഥി രണ്ടാമത് എത്തി. 5330 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിനായിരുന്നു ബിജെപി സ്ഥാനാർത്ഥിയുടെ വിജയം. ഇനി കൂടുതൽ സീറ്റുകൾ നേടാനും സാധ്യത തെളിഞ്ഞു. ഇതോടെയാണ് ബിജെപിയും കോൺഗ്രസും ഈ പാർട്ടിക്കെതിരെ ഒരുമിച്ചത്.
കഴിഞ്ഞ മൂന്നു വർഷത്തിനിടെ ട്രൈബൽ വിഭാഗങ്ങളുടെ സംവരണം തുടങ്ങി വിവിധ വിഷയങ്ങളിൽ ബിടിപി സ്വീകരിച്ച നിലപാട് ഏറെ ചർച്ചയായി. ഡൂംഗർപൂരിനു പുറമേ ബൻസ്വാഡ, പ്രതാപ്ഗഡ്, ഉദയ്പൂർ ജില്ലകളിലും ബിടിപിക്കു ശക്തമായ അടിത്തറയുണ്ട്. ബിജെപിയും കോൺഗ്രസും ഭയപ്പെടുന്നതും ഈ വളർച്ചയാണ്.
മറുനാടന് മലയാളി ബ്യൂറോ