സുൽത്താൻ ബത്തേരി: കേരളത്തിലെ തെരഞ്ഞെടുപ്പിന്റെ ഫലമറിയാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ വയനാട്ടിലെ എൻഡിഎയിൽ പൊട്ടിത്തെറി. ബിജെപി വയനാട് ജില്ലാ നേതൃത്വത്തിനെതിരെ സി.കെ.ജാനുവിന്റെ പാർട്ടി ബിജെപി സംസ്ഥാന അധ്യക്ഷനു പരാതി നൽകി. തിരഞ്ഞെടുപ്പ് ഫണ്ടിൽ തിരിമറി നടന്നുവെന്നും സമഗ്ര അന്വേഷണം വേണമെന്നും കെ.സുരേന്ദ്രന് അയച്ച പരാതിയിൽ ചൂണ്ടിക്കാട്ടി.

നേതാക്കളുടെ പിടിപ്പുകേടു കൊണ്ട് ബത്തേരിയിൽ വോട്ടുചോർച്ചയുണ്ടായെന്ന് ജാനു ആരോപിച്ചു. പ്രചാരണ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിലും പ്രചാരണ സാമഗ്രികൾ വിതരണം ചെയ്യുന്നതിലും മനഃപൂർവം വീഴ്ചവരുത്തി. അമിത് ഷാ പങ്കെടുത്ത ചടങ്ങിൽ പോലും മണ്ഡലത്തിലെ സാഹചര്യം മറച്ചുവച്ചു.

ജെആർപിയുടെ ആദിവാസി നേതാക്കളെ പ്രചാരണ വാഹനത്തിൽനിന്ന് ഇറക്കിവിട്ടുവെന്നും പരാതിയിൽ ആരോപണമുണ്ട്. എന്നാൽ തന്റെ അറിവോടെയല്ല പരാതിയെന്നാണു ജാനുവിന്റെ വിശദീകരണം. സ്ഥാനാർത്ഥി നിർണയം മുതൽക്കേ ബിജെപിക്കുള്ളിൽനിന്ന് എതിർപ്പ് ഉയർന്നതിനെ തുടർന്നു ബത്തേരിയിൽ താമര ചിഹ്നത്തിലാണു ജാനു മത്സരിച്ചത്.