- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസിസ്റ്റന്റ് പൊലീസ് കമ്മീഷണറെന്ന വ്യാജേനെ മധ്യവയസ്കയെ വിളിച്ചത് അഭിഭാഷകൻ; മകന്റെ പേരിൽ വാറണ്ടുണ്ടെന്നും സ്റ്റേഷനിൽ വരണമെന്നും ആവശ്യം; കേസെടുത്ത് പൊലീസ്
തിരുവനന്തപുരം: മധ്യവയസ്കയായ സ്ത്രീയെ ആൾമാറാട്ടം നടത്തി ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയ അഭിഭാഷകനും സുഹൃത്തിനുമെതിരെ കേസ്. കൊട്ടാരക്കര കോടതിയിലെ അഭിഭാഷകനായ അഡ്വ. പിഒ കുര്യാക്കോസ്, സുഹൃത്ത് ജയ്മോൻ എന്നിവർക്കെതിരെയാണ് ചിറയിൻകീഴ് പൊലീസ് കേസെടുത്തിരിക്കുന്നത്.
പല ദിവസങ്ങളായി ഫോൺ വിളിച്ച്, ജഢ്ജിയാണെന്നും കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറാണെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തു എന്നാണ് പരാതി. മകന്റെ പേരിൽ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ അറസ്റ്റുവാറണ്ടുണ്ടെന്നും സ്റ്റേഷനിൽ ഹാജരാകണമെന്നുമാണ് കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണർ എന്ന പേരിൽ വിളിച്ച ഫോൺകോളിൽ ആവശ്യപ്പെട്ടത്. എന്നാൽ കോൾ വന്നത് പ്രൈവറ്റ് നമ്പരിൽ നിന്നായതിനാൽ തട്ടിപ്പാണെന്ന് മനസിലായതുകൊണ്ട് അവർ പൊലീസ് സ്റ്റേഷനിൽ ഹാജരായില്ല. തുടർന്ന് വീണ്ടും വിളിച്ച് ഭീഷണിപ്പെടുത്തുകയും തെറി വിളിക്കുകയുമായിരുന്നെന്ന് പരാതിയിൽ പറയുന്നു. ശബ്ദരേഖ സഹിതമാണ് പരാതി.
മറ്റൊരു ദിവസം വിളിച്ചത് ജഡ്ജി എന്ന പേരിലായിരുന്നു. പരാതിക്കാരിയുടെ മകൻ ജയ്മോന് രണ്ടര ലക്ഷം രൂപ നൽകാനുണ്ടെന്നും അത് എത്രയും വേഗം നൽകണമെന്നും അല്ലെങ്കിൽ മകനെ അറസ്റ്റ് ചെയ്യുമെന്നുമായിരുന്നു ഭീഷണി. എന്നാൽ ജയ്മോന് പണമൊന്നും നൽകാനില്ലെന്ന് പരാതിക്കാരി പറഞ്ഞു. ജയ്മോന്റെ ഫ്ളാറ്റിൽ മകൻ കുറച്ചുകാലം താമസിച്ചതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. അതിന്റെ വൈരാഗ്യത്തിലാണ് അഭിഭാഷകനായ കുര്യാക്കോസിനെ കൂട്ടുപിടിച്ച് ഇത്തരം ആൾമാറാട്ടങ്ങളൊക്കെ നടത്തുന്നതെന്നും പരാതിക്കാരി പറഞ്ഞു.
ഈ സംഭവങ്ങളിൽ 2019 ൽ തന്നെ പരാതി നൽകിയിരുന്നെങ്കിലും പൊലീസ് കേസെടുത്തിരുന്നില്ല. നിരവധിതവണ പലർക്കും പരാതി കൊടുത്ത ശേഷമാണ് ഈ മാസം മൂന്നാംതീയതി കേസെടുക്കാൻ ചിറയിൻകീഴ് പൊലീസ് തയ്യാറായത്. എന്നാൽ മൂന്ന് വർഷം മുമ്പുള്ള പരാതി ആയതിനാൽ സിഡിആർ രേഖകൾ എടുക്കുന്നത് ബുദ്ധിമുട്ടായിരിക്കുമെന്ന് ചിറയിൻകീഴ് പൊലീസ് അറിയിച്ചു. ഒരു വർഷം വരെയുള്ള സിഡിആർ രേഖകൾ മാത്രമെ ലഭ്യമാകുകയുള്ളു എന്നാണ് ചിറയിൻകീഴ് സിഐ മറുനാടനോട് പറഞ്ഞത്.
മറുനാടന് മലയാളി ബ്യൂറോ