- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മോദി ഇന്ത്യയെ സമ്പൂർണ്ണ നാശത്തിലേക്ക് നയിച്ചു' എന്ന തലക്കെട്ടോടു കൂടി ദി ഓസ്ട്രേലിയന്റെ ലേഖനം; ഓക്സിജൻ, വാക്സിൻ വിഷയങ്ങളിൽ കടുത്ത വിമർശനം; മേലിൽ ഇത്തരം ലേഖനങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് അന്താരാഷ്ട്ര മാധ്യമത്തോട് കേന്ദ്ര സർക്കാർ
ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിൽ മോദിയും കേന്ദ്രസർക്കാറും സമ്പൂർണ പരാജയമായെന്ന് വിമർശിച്ച അന്താരാഷ്ട്ര മാധ്യമത്തിനെതിരെ കേന്ദ്രസർക്കാർ, ഈ വിമർശനം അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. മോദിയെ വിമർശിച്ചുകൊണ്ട് വാർത്ത നൽകിയ അന്താരാഷ്ട്ര മാധ്യമത്തിനെതിരെ താക്കീത് നൽകുകയാണ് കേന്ദ്ര സർക്കാർ.
ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം ശക്തമായതിന് പിന്നാലെ ഓക്സിജൻ, വാക്സിൻ ക്ഷാമം വർധിച്ചതിന്റെ പശ്ചാത്തലത്തിൽ നരേന്ദ്ര മോദിയുടെ നയങ്ങൾക്കെതിരെ സംസാരിച്ചതിനാണ് ദി ഓസ്ട്രേലിയൻ എന്ന ദിനപത്രത്തിനെതിരെ കേന്ദ്രം രംഗത്തുവന്നത്. അടിസ്ഥാനരഹിതവും അധിക്ഷേപപരവുമായ കാര്യങ്ങളാണ് ദി ഓസ്ട്രേലിയൻ പ്രസിദ്ധീകരിച്ചതെന്നാണ് ഇന്ത്യൻ ഹൈ കമ്മീഷൻ പത്രത്തിന്റെ എഡിറ്റർ- ഇൻ-ചീഫിനെഴുതിയ കത്തിൽ പറയുന്നത്. മറ്റൊരു ലേഖനം പ്രസിദ്ധീകരിക്കണമെന്നും ഇന്ത്യയിലെ കോവിഡ് പ്രതിരോധത്തെ കുറിച്ച് 'ശരിയായ' വിവരങ്ങൾ നൽകണമെന്നും ഹൈ കമ്മീഷൻ ആവശ്യപ്പെട്ടു.
ഭാവിയിൽ ഇത്തരം അടിസ്ഥാനരഹിതമായ ലേഖനങ്ങൾ പ്രസിദ്ധീകരിക്കരുതെന്നും ദി ഓസ്ട്രേലിയനോട് ഇന്ത്യ ആവശ്യപ്പെട്ടു. മോദി ഇന്ത്യയെ സമ്പൂർണ്ണ നാശത്തിലേക്ക് നയിച്ചു എന്ന തലക്കെട്ടോടു കൂടിയായിരുന്നു ദി ഓസ്ട്രേലിയന്റെ ലേഖനം. കുംഭമേള അനുവദിച്ചത്, ആയിര കണക്കിന് പേർ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് റാലികൾ നടത്തിയത്, കൊറോണ വൈറസ് വകദേഭത്തെ കുറിച്ചുള്ള വിദഗ്ധരുടെ അഭിപ്രായങ്ങൾ അവഗണിച്ചത്, മെഡിക്കൽ ഓക്സിജന്റെ ക്ഷാമം തുടങ്ങി നിരവധി വിഷയങ്ങളിൽ നരേന്ദ്ര മോദിക്കെതിരെ ദി ഓസ്ട്രേലിയൻ വിമർശനമുന്നയിച്ചിരുന്നു. നിശിത വിമർശനം ഉന്നയിച്ചു കൊണ്ടുള്ള ഈ ലേഖനം സൈബർ ഇടത്തിലും വൈറലായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രം ഓസ്ട്രേലിയനെതിരെ രംഗത്തുവന്നത്.
മോദിയുടെ അമിത ആത്മവിശ്വാസവും അതിദേശീയാവാദവും വാക്സിൻ വിതരണത്തിലെ കാലതാമസവും ആരോഗ്യമേഖലയിലെ പോരായ്മകളും രോഗം നിയന്ത്രിക്കാതെ സാമ്പത്തികരംഗത്തിന് കൂടുതൽ പ്രധാന്യം നൽകിയതും ലേഖനത്തിൽ വിമർശനവിധേയമാക്കിയിരുന്നു. നേരത്തെയും മോദിയെ വിമർശിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. ദ ഗാർഡിയൻ, ഖലീജ് ടൈംസ്, ടൈം തുടങ്ങിയ മാധ്യമങ്ങളൊക്കെ ഇന്ത്യ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് പരാമർശം നടത്തിയിട്ടുണ്ട്.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിടിപ്പുകേടാണ് ഇന്ത്യയിലെ സാഹചര്യം ഇത്ര വഷളാവാൻ കാരണമെന്നാണ് ഗാർഡിയനും ടൈമും പറഞ്ഞുവെക്കുന്നത്. രാജ്യത്തെ നയിക്കുന്നതിൽ മോദി പരാജയപ്പെട്ടതാണ് ഇന്ത്യയിലെ കോവിഡ് പ്രതിസന്ധി രൂക്ഷമാക്കുന്നതെന്നാണ് ടൈം പറയുന്നത്. ഇനി ഈ അന്താരാഷ്ട്ര മാധ്യമങ്ങൾക്കെതിരെയും മോദി സർക്കാർ സമാനമായ നടപടി സ്വീകരിക്കുമോയെന്നാണ് ചോദ്യങ്ങളുയരുന്നത്. കോവിഡ് അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയ ട്വീറ്റുകൾ നീക്കം ചെയ്യണമെന്ന് കഴിഞ്ഞ ദിവസം ട്വിറ്ററിനോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്ന് 52ഓളം ട്വീറ്റുകൾക്കെതിരെ ട്വിറ്റർ നടപടി സ്വീകരിച്ചിരുന്നു.
മറുനാടന് ഡെസ്ക്