- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഫ്ഗാനിലെ യുഎസ് രക്ഷാദൗത്യം അതിവേഗം; ഇതിനോടകം ഒഴിപ്പിച്ചത് അമേരിക്ക ഒഴിപ്പിച്ചത് 37,000 പേരെ; ഞായറാഴ്ച മാത്രം പതിനായിരത്തിലേറെ പേരെ രക്ഷപെടുത്തി; അമേരിക്ക കൈയൊഴിയുന്ന അഫ്ഗാനിസ്ഥാനിൽ പിടിമുറുക്കാൻ ചൈനയും; താലിബാൻ ഭരണകൂടത്തിന് സാമ്പത്തിക സഹായം നൽകിയേക്കും
കാബൂൾ: അഫ്ഗാനിസ്ഥാനിൽ നിന്നും പൊടിയും തട്ടിപ്പോകുന്ന അമേരിക്ക അതിവേഗം രക്ഷാദൗത്യം പൂർത്തിയാക്കുകയാണ്. അമേരിക്ക പോറ്റി വളർത്തിയ താലിബാൻ അമേരിക്കക്കാരെ ഉന്നം വെച്ചു തുടങ്ങിയതോടെയാണ് അതിവേഗം രക്ഷാദൗത്യം പുരോഗമിക്കുന്നത്. അമേരിക്കൻ പൗരന്മാരെ എത്രയും വേഗം അഫ്ഗാനിസ്ഥാനിൽ നിന്നും രക്ഷിക്കുക എന്നത് ശ്രമകരമായ ദൗത്യമായി മാറിയിരിക്കുന്നു. പ്രത്യേകിച്ചു കാബൂൾ വിമാനത്താവളത്തിൽ അടക്കം താലിബാൻ സാന്നിധ്യം എത്തിയതോടെ.
ഞായറാഴ്ച മാത്രം കാബൂളിൽ നിന്ന് യുഎസ് ഒഴിപ്പിച്ചത് 10,400 പേരെ. സഖ്യരാജ്യങ്ങളുടെ 61 വിമാനങ്ങൾ 5900 പേരെ ഒഴിപ്പിച്ചു. ഈ മാസം 14നു ശേഷം അമേരിക്കൻ പൗരന്മാർ അടക്കം 37,000 പേരെ ഒഴിപ്പിച്ചുവെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. അഫ്ഗാനിലെ ഐക്യ രാഷ്ട്ര സംഘടനയുടെ ഉദ്യോഗസ്ഥർ അടക്കം 120 പേരെ കസഖ്സ്ഥാനിലേക്ക് ഒഴിപ്പിച്ചു. ഇവർ കസഖ്സ്ഥാനിലെ അൽമട്ടിയിൽനിന്നാവും ഇനി പ്രവർത്തിക്കുക.
പതിനായിരങ്ങൾ രാജ്യം വിടാൻ കാത്തുനിൽക്കവെ, ഈമാസം 31ന് അകം രക്ഷാ ദൗത്യം പൂർണമാകില്ലെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. 31നു ശേഷവും നാറ്റോ സഖ്യം അഫ്ഗാനിൽ തുടരണമെന്ന നിലപാടാണ് ബ്രിട്ടനും ഫ്രാൻസും സ്വീകരിച്ചിട്ടുള്ളത്. ഇന്നലെ ബ്രിട്ടൻ 1300 പേരെ ഒഴിപ്പിച്ചു. ഒരാഴ്ചയ്ക്കിടെ 5700 പേരെയും. ജർമനി വിവിധ രാജ്യക്കാരായ 3,000 പേരെ ഒഴിപ്പിച്ചു. 1800 അഫ്ഗാൻകാരും 143 ജർമൻകാരും ഉൾപ്പെടുന്നു.
226 പേരെ ബൽജിയം ഒഴിപ്പിച്ചു. പാക്കിസ്ഥാനിലെ ഇസ്ലാമാബാദ് കേന്ദ്രീകരിച്ചാണു ബൽജിയം ദൗത്യസംഘം പ്രവർത്തിക്കുന്നത്. കാബൂളിൽ നിന്ന് 4 സൈനികവിമാനങ്ങളിൽ ഇസ്ലാമാബാദിലെത്തിച്ചശേഷം അവിടെനിന്നു യാത്രാവിമാനങ്ങളിലാണ് ബൽജിയത്തിൽ എത്തിക്കുന്നത്. യുഎഇ വഴി 1,000 പേരെ ഫ്രാൻസ് പാരിസിലെത്തിക്കും. തിങ്കളാഴ്ച ജപ്പാന്റെ സൈനികവിമാനം കാബൂളിലെത്തി.
അഫ്ഗാൻ സൈനികരായ 600 പേർ വിമാനത്താവളത്തിനുള്ളിൽ യുഎസ് സേനയെ സഹായിക്കുന്നുണ്ട്. ഇവരിലൊരാളാണു ഇന്നലെ അക്രമിയുടെ വെടിയേറ്റു മരിച്ചത്. പരുക്കേറ്റ മറ്റു 3 അഫ്ഗാൻ സൈനികരെ വിമാനത്താവളത്തിനകത്തെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച തിക്കിലും തിരക്കിലും മരിച്ച 7 പേർ അടക്കം ഈ മാസം 14 നുശേഷം 20 അഫ്ഗാൻകാരാണ് വിമാനത്താവളത്തിൽ കൊല്ലപ്പെട്ടത്.
അതിനിടെ, പ്രത്യേക വീസയ്ക്ക് അപേക്ഷിച്ച മുഴുവൻ അഫ്ഗാൻ പൗരന്മാരോടും വിമാനത്താവളത്തിൽനിന്നു വിട്ടുനിൽക്കാൻ യുഎസ് നിർദ്ദേശം നൽകി. അമേരിക്കൻ പൗരന്മാരുടെ ഒഴിപ്പിക്കൽ പൂർത്തിയാക്കാനാണിത്. നിലവിൽ യുഎസ്നാറ്റോ പൗരന്മാര്ക്കു മാത്രമാണു വിമാനത്താവളത്തിൽ പ്രവേശനമെന്നാണു വിവരം.
അതേസമയം കാബൂളിൽനിന്നുള്ള ഒഴിപ്പിക്കൽ ചരിത്രത്തിലെ ഏറ്റവും വലുതും പ്രയാസകരമവുമാണെന്നാണു ഞായറാഴ്ച യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞത്. സഖ്യസേന അഫ്ഗാനിൽ തുടരുന്നതു നീട്ടാൻ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും ബൈഡനോട് ആവശ്യപ്പെട്ടു. സമയം നീട്ടാൻ വിദേശസേന ആവശ്യപ്പെട്ടാലും അനുമതി നൽകില്ലെന്നു താലിബാൻ നേത്യത്വം പറഞ്ഞു. 31നു വിദേശ സേന പോയശേഷവും മതിയായ രേഖകൾ ഉള്ളവർക്കു യാത്രാവിമാനങ്ങളിൽ രാജ്യം വിടാൻ തടസ്സമുണ്ടാവില്ലെന്നു താലിബാൻ വക്താവ് സുഹൈൽ ഷഹീൻ പറഞ്ഞു. എന്നാൽ വിദേശസൈന്യം തുടർന്നാൽ പ്രത്യാഘാതമുണ്ടാകുമെന്നു മുന്നറിയിപ്പു നൽകി.
പതിനായിരങ്ങൾ തിങ്ങിനിറഞ്ഞ കാബൂൾ വിമാനത്താവളത്തിൽ ഇന്നലെയും സംഘർഷമുണ്ടായി. യുഎസ് സേനയെ സഹായിക്കുന്ന അഫ്ഗാൻ സുരക്ഷാ ഉദ്യോഗസ്ഥൻ വെടിവയ്പിൽ കൊല്ലപ്പെട്ടു. 3 പേർക്കു പരുക്കേറ്റു. സുരക്ഷാചുമതലയുള്ള യുഎസ്ജർമൻ സൈനികർ തിരികെ വെടിവച്ചു. അക്രമികൾ ആരെന്ന വിവരം പുറത്തുവിട്ടിട്ടില്ല. വിമാനത്താവളത്തിനു പുറത്തു ജനക്കൂട്ടത്തെ നിയന്ത്രിക്കുന്ന താലിബാൻകാർ സംഭവത്തിൽ ഉൾപ്പെട്ടിട്ടില്ല. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറു ഭാഗത്ത് കീഴടങ്ങാതെ തുടരുന്ന പാഞ്ച്ശീർ പർവതമേഖല പിടിച്ചെടുക്കാൻ താലിബാൻ പടനീക്കം ശക്തമാക്കി. വടക്കൻ സഖ്യം കഴിഞ്ഞയാഴ്ച പിടിച്ചെടുത്ത 3 വടക്കൻ ജില്ലകൾ തിരിച്ചുപിടിച്ചതായി താലിബാൻ അവകാശപ്പെട്ടു.
അതിനിടെ അമേരിക്ക കൈ ഒഴിയുന്ന അഫ്ഗാനിസ്ഥാനെ തങ്ങളുടെ വരുതിയിൽ നിർത്താനുള്ള ശ്രമങ്ങൾ ചൈന ഊർജ്ജിതമാക്കിയിട്ടുണ്ട്. താലിബാന്റെ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനു സാമ്പത്തിക സഹായം നൽകുമെന്ന സൂചന നൽകി ചൈന രംഗത്തുവന്നു. യുദ്ധം നാശോന്മുഖമാക്കിയ രാഷ്ട്രത്തിന്റെ സാമ്പത്തിക മേഖല മെച്ചപ്പെടുത്താൻ നീക്കം സഹായിക്കുമെന്നും ചൈന പ്രതികരിച്ചു. ഇത് ചൈനയ്ക്ക് അഫ്ഗാനിസ്ഥാനിലുള്ള താൽപ്പര്യം വ്യക്തമാക്കുന്നതാണ്. നേരത്തെ താലിബാന് ആയുധങ്ങൾ നൽകിയത് ചൈനയാണെന്ന ആരോപണം ഉയർന്നിരുന്നു. താലിബാൻ ഭരണകൂടവുമായി സഹകരിക്കാൻ തയ്യാറാണെന്ന് ആദ്യം വ്യക്തമാക്കിയത് ചൈന തന്നെ ആയിരുന്നു.
അഫ്ഗാനിലെ പ്രതിസന്ധികൾക്കു കാരണം യുഎസിന്റെ ഇടപെടലുകളാണെന്നും രാജ്യത്തിന്റെ പുനരധിവാസത്തിനുവേണ്ടി ഒന്നും ചെയ്യാതെ പിൻവാങ്ങാൻ യുഎസിനു കഴിയില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് വാങ് വെൻബിൻ പറഞ്ഞു. യുഎസിൽനിന്നുള്ള സാമ്പത്തിക സഹായം ഇല്ലാതാകുന്ന പശ്ചാത്തലത്തിൽ, താലിബാൻ ചൈനയോടോ പാക്കിസ്ഥാനോടോ സഹായം തേടിയേക്കുമെന്നു അഫ്ഗാനിൽനിന്നു നാടുവിട്ട മുൻ സെൻട്രൽ ബാങ്ക് തലവന്റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിനോട് വാങ് പ്രതികരിച്ചത് ഇങ്ങനെ: 'അഫ്ഗാനിലെ പ്രതിസന്ധികൾക്കുള്ള പ്രധാന കാരണക്കാർ യുഎസ് ആണ്.
ഒന്നും ചെയ്യാനാകാതെ ഈ സാഹചര്യത്തിൽ അവർക്കു രാജ്യം വിടാനാകില്ല. യുഎസ് അവരുടെതന്നെ വാക്കുകളോടു നീതി പുലർത്തുമെന്നു കരുതാം. മാനവികതയോടുള്ള അവരുടെ ഉത്തരവാദിത്തം നിറവേറ്റപ്പെടട്ടെ. അഫ്ഗാൻ ജനതയോടു ചേർന്നു നിൽക്കുന്ന നയങ്ങളാണു ചൈന എല്ലാക്കാലവും സ്വീകരിച്ചിട്ടുള്ളത്.
രാജ്യത്തെ അസന്തുലിതാവസ്ഥ അധികം വൈകാതെതന്നെ മാറുമെന്നാണു കരുതുന്നത്. അഫ്ഗാന്റെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടേണ്ടതുണ്ട്. സ്വയം പര്യാപ്തത കൈവരിക്കുന്നതിനും അഫ്ഗാനിൽ സമാധാനം പുലർത്തുന്നതിനും ആളുകളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനും ചൈനയും പങ്കു വഹിക്കും' വാങ്ങിന്റെ വാക്കുകൾ.
മറുനാടന് ഡെസ്ക്