പത്തനംതിട്ട: കല്ലട ജലസേചന പദ്ധതിക്ക് 33 വർഷം മുൻപ് സ്ഥലം ഏറ്റെടുത്തതിന്റെ കുടിശിക നൽകാത്തതിനാൽ കോടതി ഉത്തരവ് പ്രകാരം പത്തനംതിട്ട സബ് ട്രഷറിയിലെ കസേരകൾ ജപ്തി ചെയ്തു. ജീവനക്കാർ നിന്നു കൊണ്ട് ജോലി ചെയ്തു. ജീവനക്കാരുടെ പ്രതിഷേധത്തെ തുടർന്ന് പ്ലാസ്റ്റിക് കസേര കൊണ്ടു വന്ന് പ്രശ്നം താൽകാലികമായി പരിഹരിച്ചു.

ഏറ്റെടുത്ത ഭൂമിക്ക് മുഴുവൻ പണവും നൽകാത്തതിലാണ് സബ് ട്രഷറിയിൽ ഉപയോഗിച്ചിരുന്ന കസേരകൾ സബ്കോടതി ഉത്തരവ് പ്രകാരം ബുധനാഴ്ച ജപ്തി ചെയ്തത്.കസേര പോയതോടെ ജീവനക്കാർക്ക് പിന്നീട് വൈകുന്നേരം വരെ നിന്ന് ജോലി ചെയ്യേണ്ടി വന്നു. 10 കസേരകളാണ് ജപ്തി ചെയ്തു കൊണ്ടുപോയത്. മൊത്തം 20 ജീവനക്കാരാണ് സബ് ട്രഷറിയിൽ ഉള്ളത്. കമ്പ്യൂട്ടറുകൾ ജപ്തിയിൽ നിന്നും ഒഴിവാക്കി. സംസ്ഥാന സർക്കാരിനെ എതിർകക്ഷി ആക്കികൊണ്ട് പന്തളം തോന്നല്ലൂർ സ്വദേശിനി ഓമന നൽകിയ ഹർജിയിലാണ് ഉത്തരവ്.

1988 ൽഏറ്റെടുത്ത 13 സെന്റ് ഭൂമിക്ക് ഹൈക്കോടതി അനുവദിച്ച നഷ്ടപരിഹാരത്തുക മുഴുവനായി നൽകാതിരുന്നതിനെ തുടർന്നാണ് ജപ്തി. സബ്ട്രഷറിയിലെ നാലു കമ്പ്യൂട്ടറുകളും അഞ്ചു കസേരകളും ജപ്തി ചെയ്യാനായിരുന്നു കോടതി നിർദ്ദേശം . കമ്പ്യൂട്ടർ കൊണ്ടു പോയിരുന്നുവെങ്കിൽ ട്രഷറിയിലെ. പണമിടപാട് മുതൽ ജീവനക്കാരുടെ ശമ്പളം അടക്കം എല്ലാ പ്രവർത്തനങ്ങളെയും ബാധിക്കുമായിരുന്നു. 2.47 ഭൂമിക്ക് നഷ്ടപരിഹാരമായി 1,0 4000 ( ഒരു ലക്ഷത്തി നാലായിരം ) രൂപ നൽകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.

എന്നാൽ പണം മുഴുവൻ നൽകുന്നതിൽ വീഴ്ചയുണ്ടായി. നഷ്ടപരിഹാരത്തുക യിൽ 76,384 രൂപ ബാക്കിയുണ്ടന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാർ സബ് കോടതിയെ സമീപിച്ചത് നേരത്തെ പത്തനംതിട്ട റിങ് റോഡിനായി ഭൂമി ഏറ്റെടുത്ത വിഷയത്തിൽ നഷ്ടപരിഹാരം നൽകാൻ വൈകിയതിനെ തുടർന്ന് സബ് കോടതി കലക്ടറുടെത് അടക്കം 23 വാഹനങ്ങൾ ജപ്തി ചെയാൻ മൂന്നു മാസം മുമ്പ് ഉത്തരവിട്ടിരുന്നു. ജീവനക്കാരുടെ കസേരകൾ ജപ്തി ചെയ്തു കൊണ്ട് പോയതിൽ പ്രതിഷേധിച്ച് എൻ. ജി. ഒ സംഘ് മിനി സിവിൽ സ്റ്റേഷനിൽ പ്രകടനം നടത്തി.