- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഗോള അയ്യപ്പ സംഗമം കത്തി നിന്നിട്ടും വാര്‍ത്താ ചാനലുകളോട് മലയാളികള്‍ മുഖം തിരിച്ചു; ആവേശം പ്രതിഫലിക്കാതെ ബാര്‍ക് റേറ്റിങ്; ചെറിയ പോയിന്റ് നഷ്ടം ഉണ്ടായെങ്കിലും ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്ത് തുടരുന്നു; റിപ്പോര്‍ട്ടര്‍ ബഹുദൂരം പിന്നില്‍; 24 നും തളര്‍ച്ച; നാലുമുതല്‍ ആറുസ്ഥാനക്കാര്‍ തമ്മില്‍ പൊരിഞ്ഞ മത്സരം
ആഗോള അയ്യപ്പ സംഗമം കത്തി നിന്നിട്ടും വാര്‍ത്താ ചാനലുകളോട് മലയാളികള്‍ മുഖം തിരിച്ചു
തിരുവനന്തപുരം: വാര്‍ത്താ ചാനലുകളോട് മലയാളികള്‍ മുഖം തിരിക്കുന്നോ? നാടകീയമായ വമ്പന്‍ സംഭവങ്ങള്‍ ഇല്ലെങ്കില്‍ പ്രൈം ടൈം ചര്‍ച്ചകള്‍ക്കപ്പുറം വാര്‍ത്താ ചാനലുകളോട് കൂട്ടുകൂടാന്‍ പ്രേക്ഷകര്‍ക്ക് താല്‍പര്യമില്ലേ? ആഗോള അയ്യപ്പ സംഗമം അടക്കം അരങ്ങേറിയിട്ടും പോയവാരം പ്രേക്ഷക പങ്കാളിത്തം കുറവായിരുന്നു എന്നത് ഇരുത്തി ചിന്തിപ്പിക്കുന്നു.
ആഗോള അയ്യപ്പ സംഗമത്തിന് എന്‍എസ്എസും, എസ്എന്‍ഡിപിയും പിന്തുണ പ്രഖ്യാപിച്ചതും, സംഗമത്തിന് ആളുകുറഞ്ഞതും ഒക്കെ ചൂടന്‍ വിഷയങ്ങളായി അന്തരീക്ഷത്തില്‍ ഉണ്ടായിരുന്നെങ്കിലും, ബാര്‍ക്ക് ചാനല്‍ റേറ്റിംഗില്‍ ആ ആവേശം പ്രതിഫലിച്ചില്ല. പോയവാരം( 37ാം ആഴ്ച) ചാനലുകളിലേക്ക് കാഴ്ചക്കാരുടെ കുത്തൊഴുക്കുണ്ടായില്ല. സ്വാഭാവികമായും റേറ്റിങ്ങില്‍ അത് പ്രതിഫലിച്ചു. ഏഷ്യാനെറ്റ് അടക്കം എല്ലാ ചാനലുകളുടെയും പോയിന്റ് കുറഞ്ഞു. 82 പോയിന്റ് നേടിയാണ് ഏഷ്യാനെറ്റ് ന്യൂസ് മുന്നിലെത്തിയത്. എന്നാല്‍, തൊട്ടുമുമ്പത്തെ ആഴ്ചയെ അപേക്ഷിച്ച് രണ്ട് പോയിന്റ് നഷ്ടം ചാനലിനുണ്ടായിട്ടുണ്ട്.
രാഷ്ട്രീയ വിഷയങ്ങളുടെ വാര്‍ത്താ റിപ്പോര്‍ട്ടില്‍ ഏഷ്യാനെറ്റ് പുലര്‍ത്തുന്ന വിമര്‍ശനാത്മക സമീപനം കാരണമാകണം, റേറ്റിംഗ് കാര്യമായി ഇടിയാതെ ഒന്നാം സ്ഥാനത്ത് തുടരാന്‍ തുണയായത്. സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ച റിപ്പോര്‍ട്ടര്‍ ടിവി 66 പോയിന്റോടെ രണ്ടാം സ്ഥാനത്തെത്തി. എന്നാല്‍, മുന്‍ ആഴ്ച റിപ്പോര്‍ട്ടര്‍ ടിവിക്ക് 68 പോയിന്റായിരുന്നു.
വാര്‍ത്തകളെ വിനോദവും ഷോയുമാക്കി മാറ്റുന്ന റിപ്പോര്‍ട്ടര്‍ ശൈലിക്ക് മുന്നിലാണ് 24 ന്യൂസിന് കാലിടറിയത്. ഇടക്കാലത്ത് റിപ്പോര്‍ട്ടര്‍ ഏഷ്യാനെറ്റിനെയും കടത്തി വെട്ടിയെങ്കിലും അത് വമ്പന്‍ കാഴ്ച്ചാവിരുന്നുകള്‍ വരുന്ന വാരങ്ങളില്‍ മാത്രമാണ് സംഭവിച്ചത് എന്നാണ് വിലയിരുത്തേണ്ടത്. പരിപാടികളില്‍ മാറ്റം വരുത്തി കളം പിടിക്കാന്‍ നോക്കുന്ന ശ്രമത്തില്‍, 24 ന്യൂസിന് 2 പോയിന്റ് ഉയര്‍ന്ന് 50 ആയി. വാര്‍ത്താവതരണത്തില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവന്നാല്‍ മാത്രമേ, 24 ന് റേറ്റിങ്ങില്‍ കുതിച്ചുചാട്ടത്തിന് കഴിയു.
35 ാം വാരം നാലാം സ്ഥാനത്തേക്ക് തിരികെ കയറിയ മനോരമ ന്യൂസിന് 37 ാം വാരവും അതുനിലനിര്‍ത്താന്‍ സാധിച്ചു. മനോരമയ്ക്ക് മുന്‍വാരത്തെ അപേക്ഷിച്ച് മൂന്നുപോയിന്റ് കുറഞ്ഞതോടെ മാതൃഭൂമിയുമായി ഒരുപോയിന്റ് വ്യത്യാസമാണുളളത്. 34 പോയിന്റുമായി അഞ്ചാം സ്ഥാനത്തുള്ള മാതൃഭൂമിയും ആറാം സ്ഥാനത്തുള്ള ന്യൂസ് മലയാളവും തമ്മിലും ഒരുപോയിന്റ് വ്യത്യാസം മാത്രം. മുന്‍വാരം 29 പോയിന്റായിരുന്ന ന്യൂസ് മലയാളത്തിന് ഇക്കുറി 33 പോയിന്റുണ്ട്. ചുരുക്കത്തില്‍ നാലു മുതല്‍ ആറു മുതല്‍ സ്ഥാനക്കാര്‍ തമ്മില്‍ പൊരിഞ്ഞ പോരാട്ടം നടക്കുന്നു.
ആഗോള ശബരിമല സംഗമവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഉണ്ടായിട്ടും ജനം ടിവിക്ക് കാര്യമായ മുന്നേറ്റം ഉണ്ടാക്കാനായില്ല. 20 ല്‍ നിന്ന് 23 പോയിന്റായി ഉയര്‍ന്ന ജനം ടിവി ഏഴാം സ്ഥാനത്താണ്. 16 പോയിന്റുമായി കൈരളി ടിവി എട്ടാം സ്ഥാനത്തും, 11 പോയിന്റുമായി ന്യൂസ് 18 കേരള 11 പോയിന്റുമായി ഒമ്പതാം സ്ഥാനത്തും മീഡിയ വണ്‍ 7 പോയിന്റുമായി പത്താം സ്ഥാനത്തുമാണുള്ളത്. നഗര ഗ്രാമ വ്യത്യാസമില്ലാതെ ഏതു സമയത്തും പ്രായ ഭേദമില്ലാതെ മലയാളികള്‍ വാര്‍ത്തകള്‍ അറിയുന്നത് ഏഷ്യാനെറ്റ് ന്യൂസിലൂടെയാണെന്ന് ബാര്‍ക്ക് പ്രേക്ഷക റേറ്റിങ് വ്യക്തമാക്കുന്ന കാര്യം.
മലയാളിക്ക് ആധികാരിക വാര്‍ത്തകള്‍ക്ക് ഏത് ചാനല്‍ കാണണം എന്നതില്‍ ഒരു സംശയവും ഉണ്ടായില്ല. കാല്‍ നൂറ്റാണ്ട് പിന്നിട്ട മലയാളിയുടെ വാര്‍ത്താശീലം മാറ്റമില്ലാതെ തുടരുകയാണ്. പണം വാരിയെറിഞ്ഞു കൊണ്ടായിരുന്നു റിപ്പോര്‍ട്ടര്‍ ചാനലിന്റെ മാര്‍ക്കറ്റിംഗ് തന്ത്രം. കേരളാ വിഷന്റെ ലാന്‍ഡിംഗ് പേജ് കോടികള്‍ കൊടുത്തു വാങ്ങിയതിന് ശേഷമാണ് റിപ്പോര്‍ട്ടര്‍ ടിവി മുന്നോട്ടു കയറിയത്.
ഏഷ്യാനെറ്റ് ന്യൂസിനെ വെല്ലുവിളിക്കാന്‍ കോടികള്‍ ഇറക്കിയായിരുന്നു കേരളാ വിഷനില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ തന്ത്രം പയറ്റിയത്. കോടികള്‍ കൊടുത്താണ് കേരളാ വിഷന്‍ കേബിള്‍ നെറ്റ് വര്‍ക്കിന്റെ ലാന്‍ഡിംഗ് പേജ് റിപ്പോര്‍ട്ടര്‍ വാങ്ങിയത്. ഇതോടെ ടിവി ഓണ്‍ചെയ്താല്‍ ആദ്യം എത്തുക റിപ്പോര്‍ട്ടര്‍ ചാനലാണ്. ഇതോടെയാണ് റിപ്പോര്‍ട്ടര്‍ മുന്നോട്ടു പോയത്. വാര്‍ത്തയെ പൊലിപ്പിച്ചു കൊണ്ടുള്ള വാര്‍ത്താ ശൈലിയാണ് റിപ്പോര്‍ട്ടറിന്. ഈ ശൈലിക്ക് അടിതെറ്റുന്നുവെന്നാണ് ബാര്‍ക്ക് റേറ്റിംഗില്‍ നിന്നും വ്യക്തമാകുന്നത്.