തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ കേരളത്തിന് കടുത്ത അവഗണനയാണ് കേരളം നേരിടേണ്ടി വന്നത്. ബിജെപിക്ക് കേന്ദ്രസഹമന്ത്രി ഉണ്ടായിട്ടു കൂടി സംസ്ഥാനത്തിന് കാര്യമായൊന്നും ലഭിച്ചില്ല. ഇതോടെ ഇന്നലെ ഡല്‍ഹിയിലെ മാധ്യമങ്ങള്‍ സുരേഷ് ഗോപിയുടെ പ്രതികരണവും തേടിയിരുന്നു. ഈ പ്രതികരണത്തിന് പിന്നാലെ മീഡിയ വണ്‍ ചാനല്‍ പ്രതിനിധി നാട്ടിയ അംഗവിക്ഷേപം വിവാദത്തിനും വഴിവെച്ചു. ഇത് കടുത്ത സൈബര്‍ വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു.

മാധ്യമങ്ങളോടു സംസാരിച്ചു തിരിഞ്ഞപ്പോഴാണ് റിപ്പോര്‍ട്ടര്‍ സുരേഷ് ഗോപിയെ നോക്കി കളിയാക്കുന്ന രീതിയില്‍ ആംഗ്യം കാണിച്ചത്. ഇത് ആരോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഇട്ടപ്പോള്‍ അത് വൈറലാകുകയും ചെയ്തു. സംഭവം വിവാദമായതോടെ അതിന് ശേഷം ഈ റിപ്പോര്‍ട്ടര്‍ തന്നെ ക്ഷമ ചോദിച്ചു രംഗത്ത് വന്നു. ഫേസ്ബുക്കിലൂടെയാണ് മാധ്യമപ്രവര്‍ത്തകന്‍ ക്ഷമ ചോദിച്ചത്. തമാശയായി കാട്ടിയ അംഗവിക്ഷേപമായിരുന്നു അതെന്നും എന്നാല്‍ തന്നില്‍ നിന്നും ഇത്തരം പെരുമാറ്റം ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും മാധ്യമപ്രവര്‍ത്തകന്‍ ഫേസ്ബുക്കില്‍ കുറിച്ചു. സംഭവത്തില്‍ ക്ഷമാപണവും നടത്തി.

ആ പോസ്റ്റ് ഇങ്ങനെയാണ്: കേന്ദ്ര ബജറ്റ് അവതരണം കഴിഞ്ഞപ്പോള്‍ ഡല്‍ഹി കേരള ഹൗസില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പ്രതികരണത്തിനായി ഇന്ന് ഉച്ചയ്ക്ക് ശേഷം പോയിരുന്നു. കേരളത്തോടുള്ള ബജറ്റിലെ അവഗണന അടക്കമുള്ള പ്രതിപക്ഷ ആരോപണത്തില്‍ പ്രതികരണം തേടിയാണ് ചെന്നത്. അദ്ദേഹം ബൈറ്റ് നല്‍കി പോയ ഉടന്‍ തമാശയായി ഞാന്‍ കാട്ടിയ അംഗവിക്ഷേപത്തോട് പ്രതികരിച്ചു കൊണ്ടുള്ള കുറിപ്പുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കാണുന്നുണ്ട്.

മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്റെ ഭാഗത്ത് നിന്നും ഇത്തരം പെരുമാറ്റം ഉണ്ടാകാന്‍ പാടില്ലായിരുന്നു എന്നു തിരിച്ചറിയുന്നു. എന്റെ സ്ഥാപനം അംഗീകരിക്കുന്ന പെരുമാറ്റവുമല്ല അത്. അദ്ദേഹത്തെ ആക്ഷേപിക്കണമെന്നോ പരിഹസിക്കണമെന്നോ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. മന്ത്രിയോടെന്നല്ല, ഒരാളോടും അങ്ങിനെ പെരുമാറരുത് എന്ന് ഞാന്‍ തിരിച്ചറിയുന്നു.കരുതിക്കൂട്ടിയല്ലെങ്കില്‍ പോലും എന്റെ പെരുമാറ്റം അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരില്‍ രോഷവും വിഷമവും സൃഷ്ടിച്ചിട്ടുണ്ട് എന്ന് ഞാന്‍ മനസിലാക്കുന്നു. സംഭവിച്ചു പോയ പിഴവില്‍ ക്ഷമ ചോദിക്കുന്നു.

അതേസമയം സംഭവത്തില്‍ ശ്രീജിത്ത് പണിക്കര്‍ അടക്കം ശക്തമായി തന്നെ പോസ്റ്റ് ഇട്ടു കൊണ്ട് പ്രതിഷേധിച്ചിട്ടുണ്ടായിരുന്നു. സംഘപരിവാര്‍ ഗ്രൂപ്പുകളും വിമര്‍ശനം ഉയര്‍ത്തി. ശ്രീജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്രകാരമാണ്. ലവന്റെ ഫേസൂക്ക് പോസ്റ്റിന്റെ ചുരുക്കം: "ഞാന്‍ ഓനെ മോന്തായം കൊണ്ട് കോക്രി കാട്ടി. പിടിക്കപ്പെടുമെന്ന് കരുതിയില്ലെങ്കിലും പിടിക്കപ്പെട്ടു. ലേലു അല്ലു. അല്‍ ഒട്ടഹ." എന്നാണ് പോസ്റ്റ്. നിരവധി ആളുകളാണ് ഈ പ്രവര്‍ത്തിക്കെതിരെ വിമര്‍ശനം ഉന്നയിച്ചു കൊണ്ട് ഇരിക്കുന്നത്.