- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പഞ്ചാബിൽ വീണ്ടും ട്വിസ്റ്റ്! ചരൺജിത് സിങ് ചന്നി മുഖ്യമന്ത്രിയാകും; രൺധാവയുടെ പേരുവെട്ടി ചന്നിയെ തിരഞ്ഞെടുത്തത് നവ്ജ്യോത് സിങ് സിദ്ധുവിന്റെ ലാസ്റ്റ് ഓവർ സിക്സറിൽ; സമ്മർദ്ദത്തിന് വഴങ്ങി ഹൈക്കമാൻഡും; ജാതി സമവാക്യം പാലിക്കാൻ രണ്ട് ഉപമുഖ്യമന്ത്രിമാരും
ചണ്ഡീഗഡ്: പഞ്ചാബ് കോൺഗ്രസിൽ വീണ്ടും ട്വിസ്റ്റ്. പിസിസി അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ധു ക്രീസിൽ നിന്നും ഇറങ്ങിക്കളിച്ചപ്പോൾ രൺധാവയെ വെട്ടി ചരൺജിത് സിങ് ചന്നി മുഖ്യമന്ത്രി പദത്തിൽ. സിദ്ദുവിന്റെ സമ്മർദ്ദത്തിന് വഴിങ്ങി ചരൺജിത് സിങ് ചന്നിയെ മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് വഴങ്ങി. കോൺഗ്രസ് നിയമസഭ കക്ഷിയോഗമാണ് പുതിയ നേതാവിനെ തെരഞ്ഞെടുത്തത്.
മുതിർന്ന നേതാവ് ഹരീഷ് റാവത്ത് ആണ് പുതിയ മുഖ്യമന്ത്രിയുടെ പേര് ട്വീറ്റ് ചെയ്തത്. കോൺഗ്രസ് നിയമസഭ കക്ഷി യോഗം ചേർന്ന് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ അധ്യക്ഷ സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തിയിരുന്നു. മുൻ പി.സി.സി പ്രസിഡന്റ് സുനിൽ ഝാക്കർ, പ്രതാപ്സിങ് ബജ്വ, രവ്നീത്സിങ് ബിട്ടു എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി പദത്തിലേക്ക് ഉയർന്നു കേട്ടത്.
ജാതി സമവാക്യം പാലിക്കാൻ രണ്ട് ഉപമുഖ്യമന്ത്രിമാരെയും നിയോഗിക്കും. മുഖ്യമന്ത്രിയായി സുഖ് ജിന്തർ സിങ് രൺധാവയെ പരിഗണിച്ചെങ്കിലും സിദ്ദുവിന്റെ എതിർപ്പിനെ തുടർന്ന് ഹൈക്കമാൻഡ് തീരുമാനം മാറ്റുകയായിരുന്നു. നിരാശയില്ലെന്ന് സുഖ് ജിന്തർ സിങ് രൺധാവ പ്രതികരിച്ചു. ചന്നിക്ക് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പഞ്ചാബിൽ ഭരണകക്ഷിയായ കോൺഗ്രസിൽ നാളുകളായി തുടരുന്ന ഉൾപ്പോരിനൊടുവിലായിരുന്നു ക്യാപ്റ്റൻ അമരീന്ദർ സിങ് രാജിവെച്ചത്. മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യവുമായി 50ലധികം എംഎൽഎമാർ ഹൈകമാൻഡിനെ സമീപിച്ചതോടെ മുഖ്യമന്ത്രി സ്ഥാനം അമരീന്ദർ സിങ് ശനിയാഴ്ച രാജിവെക്കുകയായിരുന്നു. അപമാനിതനായാണ് പടിയിറങ്ങുന്നതെന്ന് രാജിവെച്ച ശേഷം അമരീന്ദർ സിങ് പ്രതികരിച്ചിരുന്നു.
പിസിസി അധ്യക്ഷ സ്ഥാനത്ത് നവ്ജ്യോത് സിങ് സിദ്ധു തുടരണമെന്ന് ഹൈക്കമാൻഡ് നിർദ്ദേശിച്ചതോടെയാണ് മറ്റൊരു നേതാവിലേക്കുള്ള ചർച്ചകൾ എത്തിയത്. പാർട്ടിയിലെ തർക്കങ്ങളെത്തുടർന്ന് ശനിയാഴ്ചയാണ് ക്യാപ്റ്റൻ അമരീന്ദർ സിങ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചത്. 2022 മാർച്ച് മാസം വരെയാണ് പുതിയ മുഖ്യമന്ത്രിയുടെ കാലാവധി.
മുൻ അധ്യക്ഷന്മാരായ സുനിൽ ജാഖർ, പ്രതാപ് സിങ് ബജ്വ, അംബിക സോണി എന്നിവരുടെ പേരുകളാണ് ആദ്യ ഘത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. എംഎൽഎമാരിൽ ഒരു വിഭാഗം സിദ്ദുവിനായും മറ്റൊരു വിഭാഗം ഹിന്ദു വിഭാഗത്തിൽ നിന്നുള്ള മുതിർന്ന നേതാവ് സുനിൽ ജാഖറിനെ പരിഗണിക്കമെന്ന ആവശ്യവും ഉയർത്തിയിരുന്നു. രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ആകാനില്ലെന്ന് അംബിക സോണി വ്യക്തമാക്കി. സിഖ് സമുദായത്തിൽ നിന്നുള്ളയാൾ മുഖ്യമന്ത്രിയാകട്ടെ എന്നായിരുന്നു അംബിക സോണിയുടെ നിലപാട്.
അതേസമയം ഇടഞ്ഞുനിൽക്കുന്ന അമരീന്ദർസിങ് പാർട്ടി പിളർത്തിയേക്കുമെന്ന അഭ്യൂഹങ്ങളും പുറത്ത് വരുന്നുണ്ട്. പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സിദ്ദു എത്തിയത് മുതലാണ് അമരീന്ദർ സിങ് പ്രതിസന്ധിയിലാവുന്നത്. എംഎൽഎമാരുടെ പിന്തുണ നേടിയ സിദ്ദു കരുതലോടെ കരുക്കൾ നീക്കി. അൻപതോളം എംഎൽഎമാർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അമരീന്ദർ സിംഗിനെ മാറ്റണമെന്നാവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തുനൽകി. നാല് മന്ത്രിമാരും ക്യാപ്റ്റനിൽ അവിശ്വാസം അറിയിച്ചു.
അമരീന്ദർ സിംഗിനെ മാറ്റിയില്ലെങ്കിൽ രാജി വയ്ക്കുമെന്നും ഭീഷണി മുഴക്കി. പഞ്ചാബിൽ അടുത്തിടെ നടന്ന അഭിപ്രായ സർവ്വേകളും ഇതിനിടെ ക്യാപ്റ്റനെതിരായി. ജനരോഷത്തിൽ മുൻപോട്ട് പോയാൽ ഭരണതുടർച്ചയുണ്ടാകില്ലന്നും ആംആദ്മി പാർട്ടിക്ക് സാഹചര്യം അനുകൂലമാകുമെന്നുമുള്ള പാർട്ടിയുടെ കൂടി സർവ്വേ അമരീന്ദർ സിംഗിനെ മാറ്റാൻ കാരണമാവുകയായിരുന്നു.
മറുനാടന് ഡെസ്ക്