- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'എടുത്തുചാട്ടക്കാരന്റെ എല്ലൊടിച്ച വിധി' തിരുത്തുന്നു; ഇടതുബാന്ധവം ഉപേക്ഷിച്ച് വീണ്ടും കോൺഗ്രസിനെ മനസാ വരിച്ചു; രണ്ട് പതിറ്റാണ്ട് കാലത്തെ വേർപാടിന്റെ വേദനയ്ക്ക് വിട; ചെറിയാൻ ഫിലിപ്പ് ഇനി കോൺഗ്രസിന് വേണ്ടി പ്രതികരിക്കും; തിരിച്ചുവരവ് നാളെ ആന്റണിയെ കണ്ടശേഷം
തിരുവനന്തപുരം: ചെറിയാൻ ഫിലിപ്പ് രണ്ട് പതിറ്റാണ്ടിനു ശേഷം കോൺഗ്രസിലേക്ക് മടങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. അദ്ദേഹം നാളെ കോൺഗ്രസിൽ ചേരുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ. രാവിലെ 11 മണിക്ക് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കും പ്രഖ്യാപനം. നാളെ രാവിലെ 11.30 ഓടെ ചെറിയാൻ ഫിലിപ്പ് പത്രസമ്മേളനം വിളിച്ചിട്ടുണ്ട്. അവിടെ വച്ച് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്.
ഇനി ഇടതുസഹയാത്രികനല്ലെന്ന് വ്യക്തമാക്കി ചെറിയാൻ ഫിലിപ്പ് തന്നെ രംഗത്തെത്തിയിരുന്നു. രാജ്യസഭാ സ്ഥാനാർത്ഥി നിർണയത്തിൽ തഴയപ്പെട്ടശേഷമാണ് ചെറിയാൻ സിപിഎമ്മുമായി അകന്നത്. ഖാദി ബോർഡ് ഉപാധ്യക്ഷ സ്ഥാനം സർക്കാർ നൽകിയെങ്കിലും ഇതു സ്വീകരിക്കാൻ ചെറിയാൻ തയാറായില്ല. ഈയിടെ വെള്ളപ്പൊക്ക കെടുതിയുടെ പേരിൽ മുഖ്യമന്ത്രിയെയും സർക്കാരിനെയും വിമർശിച്ച് ചെറിയാൻ ഫിലിപ് രംഗത്തെത്തുകയും ചെയ്തിയിരുന്നു.
സിപിഎം ചാനലായ കൈരളിയിൽ മുൻപ് ചെയ്തിരുന്ന പരിപാടിയായ 'ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു' എന്ന പേരിൽ ജനുവരി ഒന്നിന് യുട്യൂബ് ചാനൽ തുടങ്ങുമെന്ന് അറിയിച്ചുകൊണ്ടിട്ട സമൂഹമാധ്യമത്തിലെ കുറിപ്പിലാണ് കോൺഗ്രസിലേക്കു മടങ്ങുമെന്ന സൂചന ആദ്യം നൽകിയത്. തുടർന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി വേദി പങ്കിട്ടുകൊണ്ട് ഇരുവരും നടത്തിയ പരാമർശങ്ങളും ചെറിയാന്റെ കോൺഗ്രസ് പ്രവേശനമെന്ന അഭ്യൂഹത്തിന് കരുത്ത് പകർന്നിരുന്നു. തന്റെ രക്ഷകർത്താവാണ് ഉമ്മൻ ചാണ്ടിയെന്ന് ചെറിയാൻ ഫിലിപ്പ് ആ വേദിയിൽ പ്രതികരിച്ചിരുന്നു. ഉമ്മൻ ചാണ്ടിയുടെ രക്ഷകർതൃത്വം ഇനിയും തനിക്കു വേണം. എടുത്തുചാട്ടക്കാരന്റെ എല്ലൊടിച്ചേ വിടൂ വിധി എന്ന ചൊല്ല് തന്റെ കാര്യത്തിൽ യാഥാർഥ്യമായെന്നും അദ്ദേഹം പറഞ്ഞത് കോൺഗ്രസിലേയ്ക്കുള്ള തിരിച്ചുപോക്കായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു.
2001 ലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് വിട്ട ചെറിയാൻ ഫിലിപ്പ് പുതുപ്പള്ളിയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ചിരുന്നു. അതിന് ശേഷം വട്ടിയൂർക്കാവിൽ മുരളീധരനെതിരെയും അദ്ദേഹം മൽസരിച്ചു. 2006 ലെ വി എസ് സർക്കാരിന്റെ കാലത്ത് കെടിഡിസി ചെയർമാനും ഒന്നാം പിണറായി സർക്കാരിൽ സർക്കാർ മിഷനുകളുടെ കോ ഓർഡിനേറ്ററും ആയിരുന്നു അദ്ദേഹം. ചെറിയാൻ ഫിലിപ്പിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് പ്രമുഖ നേതാക്കളും രംഗത്തെത്തിയിരുന്നു.