- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
13 പട്ടാളക്കാരെ കൊന്നതിന് പ്രതികാരമായി ബോംബിട്ട അമേരിക്ക കൊന്നത് രണ്ടു ഭീകരരെ മാത്രം; ഒപ്പം കൊലപ്പെട്ടത് 3 കുട്ടികൾ അടക്കം നിരവധിപേർ; തോറ്റോടിയ അമേരിക്ക വീണ്ടും നാണം കെടുന്നു
കാബൂൾ: അഫ്ഗാനിസ്ഥാനിൽ നിന്നും സൈന്യത്തെ പിൻവലിക്കാനുള്ള ജോ ബൈഡന്റെ തീരുമാനം തീർത്തും ഒരു വിഢിത്തമായിപ്പോയെന്ന് ലോകം വിലയിരുത്തുമ്പോൾ, ബൈഡന്റെ തുടർ തീരുമാനങ്ങളും അമേരിക്കയ്ക്ക് സമ്മാനിക്കുന്നത് നാണക്കേടുതന്നെ. കാബൂൾ വിമാനത്താവളത്തിൽ 13 അമേരിക്കൻ പട്ടാളക്കാരുൾപ്പടെ നൂറ്റിയെൺപതോളം പേരുടെ മരണത്തിനിടയാക്കിയ ചാവേർ ആക്രമണം ആസൂത്രണം ചെയ്തവർക്കെതിരെയുള്ള അമേരിക്കൻ ബോംബാക്രമണം പൂർണ്ണ ഫലം നൽകിയില്ലെന്നു മാത്രമല്ല, മൂന്നു കുട്ടികൾ ഉൾപ്പടെ നിരവധിപേരുടെ ജീവനപഹരിച്ചതായും റിപ്പോർട്ടുകൾ പുറത്തുവരുന്നു,
അതിനിടയിൽ ഇനിയും ജിഹാദി ആക്രമണം ഉണ്ടാകാനിടയുണ്ടെന്ന് ജോ ബൈഡൻ മുന്നറിയിപ്പ് നൽകി. കാബൂളിലെ ഹദീദ് കർസായ വിമാനത്താവളത്തിന് പുറത്ത് പാർക്ക് ചെയ്തിരുന്ന രണ്ടു കാറുകൾ റോക്കറ്റ് ആക്രമത്തിൽ തകർന്നതായി ദൃക്ഷാക്ഷികൾ പറയുന്നു. ഈ കാറുകൾ ഉപയോഗിച്ച് ഐസിസ്-കെ മറ്റൊരു ഭീകരാക്രമണത്തിന് തയ്യാറെടുക്കുകയായിരുന്നു എന്നാണ് സൂചന. സ്ഫോടകവസ്തുക്കൾ നിറച്ച ഈ കാറുകളാണ് കാബൂളിൽ നടന്ന രണ്ടാമത്തെ സ്ഫോടനത്തിനു കാരണം. ഇതിലാണ് നിരവധി സാധാരണ പൗരന്മാർ കൊലചെയ്യപ്പെട്ടത്. മൂന്നു കുട്ടികളൂം മരണമടഞ്ഞവരിൽ ഉൾപ്പെട്ടിരുന്നു എന്ന് പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു അഫ്ഗാൻ ഉദ്യോഗസ്ഥൻ പറഞ്ഞു.
എന്നാൽ, ആറു കുട്ടികൾ ഉൾപ്പടെ ഒമ്പതുപേരാണ് ഈ സ്ഫോടനത്തിൽ മരണമടഞ്ഞതെന്ന് അഫ്ഗാൻ ടി വി അവതാരകൻ മുസ്ലിം ഷിസാർദ് പറയുന്നു. ഇതിൽ അമേരിക്കൻ എംബസിയിൽ ജോലിചെയ്തിരുന്ന ഒരു അഫ്ഗാൻ ദ്വിഭാഷിയും, ഇന്ന് വിവാഹം കഴിക്കാനിരുന്ന ഒരു അഫ്ഗാൻ സൈനിക് ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു എന്നും ഷിസാർദ് പറഞ്ഞു. അതേസമയം, തീവ്രവാദി ആസ്ഥാനത്തിനുനേരെ ഡ്രോൺ ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച യു എസ് സൈനിക വക്താവ് അതിൽ സാധാരണക്കാർ കൊല്ലപ്പെട്ടിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കുകയാണെന്നും അറിയിച്ചു.
രണ്ടാമത്തെ ആക്രമണത്തിന് ഇരയായ രണ്ടു കാറുകളിലും ഉഗ്രസ്ഫോടനം ഉണ്ടായതു തന്നെ അതിൽ അമിതമായ അളവിൽ സ്ഫോടകവസ്തുക്കൾ ഉണ്ടായിരുന്നതിന്റെ തെളിവാണെന്ന് മറ്റൊരു അമേരിക്കൻ സൈനിക ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി. കനത്ത ആക്രമണത്തിനായിരുന്നു തീവ്രവാദികൾ ലക്ഷ്യം വച്ചിരുന്നതെന്നും അത് തകർക്കാനായെന്നും അയാൾ അവകാശപ്പെട്ടു. വിമാനത്താവളത്തിനടുത്ത് ഒരു വീടിനു നേരെ നടന്ന റോക്കറ്റ് ആക്രമണത്തിൽ ഒരു കുട്ടി മരിച്ചതായി നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ കാർസ്ഫോടനമാകാം ആ സംഭവം എന്നാണ് ഇപ്പോൾ കരുതുന്നത്.
അതേസമയം, കിഴക്കൻ അഫ്ഗാനിസ്ഥാനിൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ടു തീവ്രവാദികൾ കൊല്ലപ്പെട്ടതായി അമേരിക്ക സ്ഥിരീകരിച്ചു. ഇനിയും കൂടുതൽ കനത്ത തിരിച്ചടികൾ പ്രതീക്ഷിക്കാമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിനിടയിൽ അഫ്ഗാൻ ചാവേർ ആക്രമണത്തിൽ മരണമടഞ്ഞ 13 സൈനികരെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ ഇന്നലെ ജോ ബൈഡനും പത്നിയും ഡെലാവെയറിലേക്ക് പോയിരുന്നു. അമേരിക്കയുടെ വീരനായകരാണ് ഈ 13 പേരെന്നും, മറ്റുള്ളവരെ രക്ഷിക്കുന്നതിനിടയിൽ വീരമൃത്യൂവരിച്ച ഇവരെ രാജ്യം എന്നും ആദരവോടെ ഓർക്കുമെന്നും ബൈഡൻ ഒരു പ്രസ്താവനയിൽ പറഞ്ഞു.
ഇനിയും ഏകദേശം മുന്നൂറോളം അമേരിക്കൻ പൗരന്മാർ അഫ്ഗാനിസ്ഥാനിൽ കുടുങ്ങിക്കിടപ്പുണ്ട് എന്നാണ് സെക്രട്ടറി ഒഫ് സ്റ്റേറ്റ് ആൻഡ്രൂ ബ്ലിൻകൻ പറയുന്നത്. അത്യന്തം സാഹസികമായ ഈ ഒഴിപ്പിക്കൽ ദൗത്യത്തിലെ ഏറ്റവും അപകടം പിടിച്ച നിമിഷങ്ങളാണ് ഇനിയുള്ളതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അഫ്ഗാനിസ്ഥാനിൽ നിന്നും അവസാന ബ്രിട്ടീഷ് സൈനികനും ഇന്നലെ മടങ്ങിയെത്തി. ഓക്സ്ഫോർഡ്ഷയറിലെ ബ്രിസ് നോർട്ടണിലുള്ള എയർഫോഴ്സ് വിമാനത്താവളത്തിലാണ് ഇവർ എത്തിയത്. ജീവിതത്തിൽ ഇന്നുവരെ കാണത്തതുപോലുള്ള ഒരു അന്ത്യമായിരുന്നു ഇവരുടെ ദൗത്യത്തിനെന്നായിരുന്നു ബോറിസ് ജോൺസൺ പറഞ്ഞത്.
അതേസമയം, ഒരു രാജ്യത്തിൽ സാന്നിദ്ധ്യം ഉറപ്പിക്കാതെ തന്നെ അവിടത്തെ ഭീകരപ്രവർത്തനം അവസാനിപ്പിക്കാൻ കഴിയുമെന്ന് അമേരിക്ക നേരത്തെയും തെളിയിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ട അമേരിക്കൻ ദേശീയ സുരക്ഷോപദേഷ്ടാവ് ജെയ്ക് സ്കള്ളിവൻ, അഫ്ഗാനിലും അതുതന്നെ ആവർത്തിക്കുമെന്നും മുന്നറിയിപ്പ് നൽകി. നാളെ അമേരിക്കൻ സൈന്യത്തിന്റെ പിന്മാറ്റം പൂർണ്ണമാകുന്നതോടെ ഐസിസ് ആക്രമണ പരമ്പരകൽ അരങ്ങേറിയേക്കാം എന്ന ആശങ്കയും അഫ്ഗാനിസ്ഥാനിലുണ്ട്.
മറുനാടന് ഡെസ്ക്