- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലഡാക്കിൽ ഇന്ത്യയെ ചൊറിഞ്ഞു, ഹോങ്കോങ്ങിനെ നിയമം പൊളിച്ചെഴുതി വരുതിയിലാക്കി; ഇനി ചൈന തായ്വാനെയും കൈപ്പിടിയിൽ ആക്കുമോ? ചൈനീസ് സൈനിക നീക്കം മുന്നിൽ കണ്ട് യുഎസും ഒരുങ്ങിയിറങ്ങി; വ്യോമാഭ്യാസത്തിനിടെ ചൈനീസ് വ്യോമ മേഖലയിൽ കടന്നു കയറി അമേരിക്കൻ ചാര വിമാനങ്ങൾ; മറുപടിയായി ദക്ഷിണ ചൈനാ കടലിൽ മിസൈൽ പരീക്ഷണം നടത്തി ചൈന; ചൈനീസ് പോർവിമാനങ്ങളെ ലക്ഷ്യമാക്കി തയ്വാൻ മിസൈലുകളും; തയ്വാന്റെ പേരിൽ ചൈനയും യുഎസും നേർക്കുനേർ പോരാട്ടത്തിന്
തായ്പേയ്/ബെയ്ജിങ്: തങ്ങളുടെ അധീശത്വം ലോകമെങ്ങു വ്യാപിപ്പിക്കാൻ വേണ്ടി ചൈന നടത്തുന്ന ശ്രമങ്ങൾ കൂടുതൽ ഊർജ്ജിതമായതോടെ ലോകം വീണ്ടും യുദ്ധ ഭീതിയിൽ. ലഡാക്കിൽ ഇന്ത്യൻ പ്രദേശങ്ങൾ കൈയടക്കിയ ചൈന ഹോങ്കോങ്ങിനെ നിയമം പൊളിച്ചെഴുതിയും വരുതിയിൽ നിർത്തിയിരുന്നു. ഇതിന് പിന്നാലെ വർഷങ്ങളായി കണ്ണുവെച്ചിരുന്ന തായ് വാനിലും ഇപ്പോൾ സൈനിക നീക്കം നടത്താൻ ഒരുങ്ങുകയാണ് ചൈന. ഇതിനെ പ്രതിരോധിക്കാൻ വേണ്ടി അമേരിക്കയും നിലയുറപ്പിച്ചതോടെ തയ്വാന്റെ പേരിൽ ചൈനയും യുഎസും നേർക്കുനേർ പോരാടുന്ന അവസ്ഥയിലായി.
സമീപദിവസങ്ങളിലെ തുടർച്ചയായ സൈനിക നടപടികൾ മേഖലയിൽ യുദ്ധസമാനമായ സാഹചര്യങ്ങളിലേക്കാണ് നയിക്കുന്നത്. ചൈനയുടെയും യുഎസിന്റെയും സൈനികാഭ്യാസങ്ങൾ, അതിർത്തിയിൽ നുഴഞ്ഞുകയറിയ ചൈനീസ് പോർവിമാനങ്ങളെ തയ്വാൻ മിസൈലുകൾ കണ്ടെത്തിയത് തുടങ്ങിയ സാഹചര്യങ്ങൾ മേഖലയിൽ പിരിമുറുക്കത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണ്. ഈ നുഴഞ്ഞ കയറ്റത്തിന് ബദലായി സൗത്ത് ചൈനാ കടലിൽ മിസൈൽ പരീക്ഷണം നടത്തിയാണ് ചൈന പ്രതികരിച്ചത്.
രണ്ട് മധ്യദൂര മിസൈൽ ലോഞ്ചു ചെയ്തു എന്നാണ് ചൈന വ്യക്തമാക്കിയിരിക്കുന്നത്. മേഖലയിൽ യുഎസ് സേനയുടെ അഭ്യാസങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇതെന്നും അവർ വ്യക്തമാക്കി. എ ഡിഎഫ് 26 എന്ന മിസൈലാണ് ചാന ലോഞ്ചു ചെയ്തിരിക്കുന്നത്. ആണവായുധം വഹിക്കാൻ ശേഷയുള്ള മിസൈലാണിത്. രണ്ടാമതതെ മിസൈൽ ഡിഎഫ് 21 എന്നതാമ്. കപ്പലുകൾ തകർക്കാൻ ശേഷിയുള്ള മിസൈലാണ് ഇത്. തായ് വാന്റെ പേരിൽ അമേരിക്ക ചൈനയെ പ്രകോപിപ്പിച്ചാൽ തിരിച്ചടിക്കുമെന്ന കൃത്യമായ സന്ദേശമാണ് ചൈന നൽകിയിരിക്കുന്നത്. ഇതോടെ മേഖലയിൽ സംഘർഷ സാധ്യത വർദ്ധിച്ചിരിക്കയാണ്.
കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ, ചൈന തങ്ങളുടെ തീരത്ത് നാല് വ്യത്യസ്ത സൈനിക പരിശീലന പ്രകടനങ്ങൾ പ്രഖ്യാപിച്ചു, വടക്ക് ബോഹായ് കടലിടുക്ക്, കിഴക്കൻ, യെല്ലോ കടലുകൾ, ദക്ഷിണ ചൈനാ കടൽ എന്നിവിടങ്ങളിലാണിത്. മറ്റ് സൈനിക പരിശീലനങ്ങൾക്കൊപ്പം ഇവയും പ്രഖ്യാപിക്കുമ്പോൾ ചൈന പറയുന്നൊരു കാര്യമുണ്ട്; 'തയ്വാൻ കടലിടുക്കിലെ നിലവിലെ സുരക്ഷാ സാഹചര്യം'.
സംഘർഷസാധ്യത വർധിപ്പിക്കില്ലെന്നും സംഘർഷത്തിന് കാരണമാകില്ലെന്നുമാണു ചൈനീസ് അഭ്യാസങ്ങളോടു തയ്വാൻ പ്രതിരോധ മന്ത്രാലയം ചൊവ്വാഴ്ച പ്രതികരിച്ചത്. ദക്ഷിണ ചൈനാക്കടലിൽ യുഎസ് സംഘം പ്രകടനം നടത്തി ദിവസങ്ങൾക്ക് ശേഷം തയ്വാൻ കടലിടുക്ക് വഴി അമേരിക്ക മറ്റൊരു യുദ്ധക്കപ്പൽ കൂടി അയച്ചു. യുഎസ് ചാരവിമാനം തങ്ങളുടെ പരിശീലനം നിരീക്ഷിച്ചെന്ന് ഈയാഴ്ച ചൈന പരാതിപ്പെട്ടിരുന്നു.
ഒരേ സമയം ഒന്നിലധികം ചൈനീസ് സൈനികാഭ്യാസങ്ങൾ നടക്കുന്നതു വളരെ അപൂർവമാണെന്നു ഷാങ്ഹായ് യൂണിവേഴ്സിറ്റി ഓഫ് പൊളിറ്റിക്കൽ സയൻസ് ആൻഡ് ലോയിലെ റിട്ട. പ്രഫസറും ചൈനീസ് സൈനിക വിദഗ്ധനുമായ നി ലെക്സിയോങ് പറഞ്ഞു. ചരിത്രപരമായി, പതിവ് അഭ്യാസങ്ങൾ യുദ്ധത്തിന്റെ വ്യക്തമായ പ്രവചനമാണെന്നും അദ്ദേഹം പറഞ്ഞു. തയ്വാൻ ആസ്ഥാനമായ സുരക്ഷ, നയതന്ത്ര വൃത്തങ്ങൾ പറയുന്നത്, 'തോക്ക് പോളിഷ് ചെയ്യുന്നതിനിടയിൽ വെടിയുതിർക്കാനുള്ള സാധ്യത' ഉണ്ടെന്നാണ്.
ഇരുപക്ഷവും സംഘട്ടനം ആരംഭിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അടിസ്ഥാന കാര്യങ്ങളിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. സംഘർഷ സാധ്യത കൂടിയെന്ന നിരീക്ഷണങ്ങളോടു ചൈനയുടെ പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങളും തയ്വാൻ അഫയേഴ്സ് ഓഫിസും പ്രതികരിച്ചില്ല. പെന്റഗണോ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റോ ഇക്കാര്യത്തിൽ പരസ്യമായി ഒന്നും പറഞ്ഞിട്ടുമില്ല.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡോണൾഡ് ട്രംപ് ഭരണകൂടം ചൈനയ്ക്കെതിരെ നടപടികൾ ശക്തിമാക്കുന്നതു കാര്യങ്ങൾ വഷളാക്കിയേക്കും. ചൈനീസ് നീക്കങ്ങളെ പല്ലുംനഖവും ഉപയോഗിച്ചു പ്രതിരോധിക്കുമെന്ന നിലപാടെടുത്തു രണ്ടു വിഡിയോകൾ തയ്വാൻ പ്രതിരോധ മന്ത്രാലയം പുറത്തിറക്കി. എഫ്16 യുദ്ധവിമാനങ്ങൾ പറത്തുന്നതാണ് ഒരെണ്ണം .'അവസാന സൈനികനുമായും യുദ്ധം ചെയ്യാൻ ധൈര്യപ്പെടുക, പോരാടുക' എന്നതായിരുന്നു പുതിയ വിഡിയോയുടെ അടിക്കുറിപ്പ്.
അതേസമയം ചൈനയും സൈനിക പരിശീലനം ശക്തമാക്കാൻ ഒരുങ്ങുകയാണ്. ദക്ഷിണ ചൈന കടലിൽ വിവിധ ഭാഗങ്ങളിലായി മൂന്നിടത്ത് ഒരേ സമയം സൈനിക പരിശീലന അഭ്യാസങ്ങൾ നടത്തുവാനാണ് ചൈന പദ്ധതിയിട്ടിരുന്നത്. തായ്വാൻ, ജപ്പാൻ, അമേരിക്ക എന്നിങ്ങനെ മൂന്ന് സൈനിക വിഭാഗങ്ങളെ എങ്ങനെ ഒരു സമയം നേരിടാം എന്നതായിരുന്നു അഭ്യാസത്തിന്റെ ഉദ്ദേശം എന്ന് റിപ്പോർട്ടുകളുണ്ട്.
എന്നാൽ യുഎസ് ആർസി 135 എസ് ചാരവിമാനമാണ് തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചതെന്നാണ് ചൈനയുടെ വാദം. ചൈനീസ് പ്രതിരോധ വിദേശകാര്യ മന്ത്രാലയങ്ങൾ ശക്തമായി അമേരിക്കൻ നടപടിയോട് പ്രതിഷേധം അറിയിച്ചു. അമേരിക്കയുടെ ഭാഗത്തുനിന്നുള്ള നഗ്നമായ പ്രകോപനമാണെന്ന് വിശേഷിപ്പിച്ച ചൈന ഈ നടപടി തങ്ങളുടെ സൈനിക അഭ്യാസത്തെ ബാധിച്ചുവെന്നും വെളിപ്പെടുത്തി. യുഎസ് ചാരവിമാനം കിഴക്ക് നിന്ന് ബാഷി ചാനൽ കടന്ന് തെക്ക് പടിഞ്ഞാറൻ തെക്കൻ ചൈനാ കടലിലേക്ക് പോവുകയും തിരികെ അതേ റൂട്ടിലൂടെ മടങ്ങിയെന്നാണ് ചൈന ആരോപിക്കുന്നത്.
അമേരിക്കയുടെ ഭാഗത്തു നിന്നുള്ള അതിക്രമം ചൈനയുടെ സാധാരണ സൈനികാഭ്യാസത്തെയും പരിശീലന പ്രവർത്തനങ്ങളെയും സാരമായി ബാധിച്ചുവെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് വു ക്വിയാൻ പറഞ്ഞത്. ഇത് അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമാണെന്നും വു പറഞ്ഞു. കഴിഞ്ഞ മാസവും തങ്ങളുടെ വ്യോമമേഖലയിൽ അമേരിക്ക അന്തർവാഹിനികളുടെ നീക്കം മനസിലാക്കാനാവുന്ന വിമാനം പറത്തിയതായി ചൈന ആരോപിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം അടുത്തിടെ വഷളായിരുന്നു. ലോകത്തിലാകെ കോവിഡ് പരത്തിയത് ചൈനയാണെന്ന് ആരോപിക്കുന്ന അമേരിക്കൻ പ്രസിഡന്റ് ട്രംപ് ചൈന വിരുദ്ധതയെ തിരഞ്ഞെടുപ്പ് കാർഡാക്കി മാറ്റുകയാണ്. വ്യാപാര കരാറുകൾ പരസ്പരം റദ്ദാക്കി തുടങ്ങിയ പോര് വളർന്ന് കോൺസലേറ്റുകൾ പരസ്പരം അടച്ചുപൂട്ടുന്ന അവസ്ഥയിലേക്ക് എത്തിയിരുന്നു.
തായ് വാൻ പ്രതിരോധ സേനയിലേക്ക് എഫ്-16 ജെറ്റ് വിമാനങ്ങൾ
തായ് വാന്റെ പ്രതിരോധ സേനയിലേക്ക് പുതിയ ജെറ്റ് വിമാനങ്ങൾ നൽകാൻ യുഎസ് കരാർ ഒപ്പിട്ടതോടെയാണ് ചൈനയുമായുള്ള ശത്രുത അമേരിക്ക വീണ്ടും ഊട്ടി ഉറപ്പിച്ചത്. ചൈനയുടെ എതിർപ്പ് മറികടന്ന് അത്യാധുനിക എഫ്-16 ജെറ്റ് വിമാനങ്ങൾ കൈമാറുന്ന കരാറിലാണ് യുഎസും തായ് വാനും ഒപ്പുവെച്ചത്. പ്രതിരോധത്തിനായി തയ്വാന് ആയുധം നൽകാൻ പ്രതിജ്ഞാബദ്ധമാണെന്ന് അമേരിക്ക പ്രഖ്യാപിച്ചു. യുഎസ് കമ്പനിയായ ലോക്ഹീഡ് മാർട്ടിനാണ് തായ് വാനു വേണ്ടി വിമാനങ്ങൾ നിർമ്മിക്കുന്നത്.
66 അത്യാധുനിക എഫ്-16 ജെറ്റ് വിമാനങ്ങളാണ് യുഎസ് തയ്വാനു നൽകുക. കരാർ പ്രകാരമുള്ള വിമാനങ്ങളുടെ കൈമാറ്റം 2026 ഓടെ പൂർത്തിയാകും. യുഎസും തയ്വാനും തമ്മിൽ ഒപ്പുവയ്ക്കുന്ന ഏറ്റവും വലിയ ആയുധ കരാറാണിത്. ചൈന സ്വന്തം പ്രവിശ്യയായി കാണുന്ന തായ് വാനുമായി അമേരിക്ക അടുപ്പം കൂടുന്നത് ചൈനയ്ക്ക് താൽപര്യമില്ല. അതുകൊണ്ട് തന്നെ തായ്വാന് ആയുധങ്ങൾ നൽകുന്നതും സൈനിക ധാരണാപത്രങ്ങളിൽ ഏർപ്പെടുന്നതുമായ കാര്യങ്ങളിൽനിന്നു യുഎസ് അടിയന്തരമായി പിന്മാറണമെന്നു ചൈന ആവശ്യപ്പെട്ടിരുന്നു. തായ് വാന് മേൽ ഭീഷണി മുഴക്കുകയും ചെയ്തു. എന്നാൽ ഈ എതിർപ്പിനെ അവഗണിച്ച് ഇരികൂട്ടരും കരാറിൽ ഒപ്പുവയ്ക്കുക ആയിരുന്നു.
സ്വതന്ത്ര രാജ്യമാകാൻ കൊതിക്കുന്ന തയ്വാനു യുഎസ് ആയുധം വിൽക്കുന്നതിനെ എക്കാലത്തും ശക്തമായി എതിർക്കുന്ന സമീപനമാണ് ചൈനയുടേത്. എന്നാൽ ചൈനയുടെ എതിർപ്പ് അവഗണിച്ച് അമേരിക്കയുമായി തായ് വാൻ കരാർ ഒപ്പിടുക ആയിരുന്നു. കരാറിനെതിരെ ചൈന വൻ പ്രതിഷേധം ഉയർത്തി. യുഎസ് ഒപ്പു വച്ചതോടെ മുഖ്യകരാറുകാരായ ലോക്ഹീഡ് മാർട്ടിൻ കോർപറേഷനു മേൽ ചൈന ഉപരോധം ഏർപ്പെടുത്തി. ഇതോടെ ചൈനയിൽ യാതൊരു തരത്തിലുള്ള ആയുധ ഇടപാടുകളും നടത്താൻ ലോക്ഹീഡ് മാർട്ടിനു കഴിയില്ല. അത്യാധുനിക എഫ്-16 ജെറ്റ് വിമാനങ്ങൾ കൈമാറുന്ന കരാർ കഴിഞ്ഞ വർഷം തന്നെ ട്രംപ് ഭരണകൂടം അംഗീകരിച്ചിരുന്നു. ഏതാനും നടപടി ക്രമങ്ങൾ കഴിഞ്ഞ ദിവസങ്ങളിലായി പൂർത്തിയാക്കുകയും ചെയ്തു.
യുഎസ് ഹെൽത്ത് സർവീസ് സെക്രട്ടറി അലക്സ് അസർ തയ്വാൻ സന്ദർശിച്ചു രാജ്യത്തിന്റെ പിന്തുണ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയും ചൈ2ന പ്രതിഷോധവുമായി രംഗത്തു വന്നു. 1979നു ശേഷം ഇവിടെ സന്ദർശിക്കുന്ന മുതിർന്ന റാങ്കിലുള്ള കാബിനറ്റ് അംഗമാണ് അസർ. സന്ദർശനത്തിനു പിന്നാലെ പ്രതിഷേധ സൂചകമായി തയ്വാന്റെ വ്യോമമേഖലയിൽ ചൈനീസ് ജെറ്റുകൾ നുഴഞ്ഞുകയറി. 2019 ജനുവരി രണ്ടിന് ബെയ്ജിങ്ങിൽ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് നടത്തിയ പ്രസംഗത്തിൽ സ്വതന്ത്ര രാജ്യമാകാമെന്നു തയ്വാൻ മോഹിക്കേണ്ടെന്ന് ഊന്നിപ്പറഞ്ഞിരുന്നു. ചൈനയെ വിഭജിക്കാനും ആളുകൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാനും ശ്രമിക്കുന്നവരുടെ വിധി ദാരുണമായിരിക്കുമെന്നു മുന്നറിയിപ്പ് നൽകുകയും ചെയ്തു.
തയ്വാനെ ചൈനയിൽനിന്നു വേർപെടുത്താനുള്ള യുഎസിന്റെ ഓരോ ശ്രമത്തിനും ശക്തമായ പ്രതികരണമുണ്ടാകുമെന്ന് ചൈന പ്രഖ്യാപിക്കുകയും ചെയ്തു. തയ്വാൻ (ചൈനീസ് തായ്പേയ്) സ്വന്തം പ്രവിശ്യയാണെന്നാണു ചൈനയുടെ വാദം. ചൈന വൻകരയിൽ നിന്ന് 180 കിലോമീറ്റർ മാത്രമകലെയാണ് ഒരു ദ്വീപും ഏതാനും കൊച്ചു ദ്വീപുകളും അടങ്ങുന്ന 36,197 ചതുരശ്ര കിലോമീറ്റർ പ്രദേശം. ചൈന സ്വന്തം ഭാഗമായി കാണുമ്പോൾ 70 വർഷത്തോളമായി തയ്വാൻ പ്രവർത്തിക്കുന്നത് സ്വതന്ത്ര രാജ്യമെന്ന പോലെയാണ്. 1949 ലാണ് ചൈനയിൽനിന്ന് വേർപെട്ട് തയ്വാൻ നിലവിൽ വന്നത്.
മറുനാടന് ഡെസ്ക്