ന്യൂഡൽഹി: അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കാൻ പൂർണമായ സൈനിക പിന്മാറ്റം ഉടൻ വേണമെന്ന് ഇന്ത്യ. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ്‌യിയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ഇന്ത്യ ആവശ്യം ഉന്നയിച്ചത്. സൈനിക പിന്മാറ്റം വേഗത്തിലാക്കണം. ഉഭയകക്ഷി ബന്ധത്തിൽ സ്ഥിരതയും വ്യക്തതയും വേണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

അതിർത്തി പിന്മാറ്റം സംബന്ധിച്ച് ഇന്ത്യയും ചൈനയും പരസ്പര ധാരണയിലെത്തിയതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി. ഇന്ത്യാ- ചൈന നയതന്ത്ര സൈനിക തല ചർച്ചകൾ തുടരേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എസ് ജയശങ്കർ.

അതിർത്തി വിഷയം പരിഹരിക്കപ്പെടണം. പിന്മാറ്റത്തിൽ പരസ്പര ധാരണയിലെത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഇന്ത്യ കൃത്യമായ നിലപാട് വ്യക്തമാക്കി. അഫ്ഗാനിസ്ഥാൻ, യുക്രെയ്ൻ വിഷയങ്ങളും ചർച്ചയായതായും എസ് ജയശങ്കർ പറഞ്ഞു.

ഉഭയകക്ഷി ബന്ധം മുന്നോട്ടുകൊണ്ടുപോവുന്നതിനുള്ള തടസ്സങ്ങൾ നീക്കണമെന്ന് ചൈനീസ് വിദേശമന്ത്രി വാങ് യിയുമായുള്ള കൂടിക്കാഴ്ചയിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ആവശ്യപ്പെട്ടു.

ഇന്നലെ വൈകുന്നേരമാണ്, അപ്രഖ്യാപിതമായി വാങ് ഇന്ത്യയിൽ എത്തിയത്. കാബൂളിൽ സന്ദർശനം നടത്തിയ ശേഷമായിരുന്നു ചൈനീസ് വിദേശമന്ത്രിയുടെ വരവ്. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താൻ ചൈന നടത്തുന്ന നീക്കത്തിന്റെ ഭാഗമായാണ് വിദേശകാര്യമന്ത്രിയുടെ സന്ദർശനം. വാങ് യിയുടെ സന്ദർശനത്തെക്കുറിച്ച് ഇന്ത്യയുടെ ഭാഗത്തു നിന്നും ഔദ്യോഗിക പ്രഖ്യാപനമുണ്ടായിരുന്നില്ല. അതിർത്തി സംഘർഷവും യുക്രെയ്ൻ യുദ്ധവും ചർച്ചയായതായാണു സൂചന.

അതിർത്തിയിൽ സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കുന്നത് ബന്ധങ്ങൾ മുന്നോട്ടുകൊണ്ടുപോവാൻ സഹായകരമാവുമെന്ന് ഡോവൽ പറഞ്ഞു. ഇപ്പോഴത്തെ സ്ഥിതി തുടരുന്നത് ഇരു ഭാഗത്തിന്റെയും താത്പര്യങ്ങൾക്കു യോജിച്ചതല്ല. സുരക്ഷയും തുല്യതയും ലംഘിക്കുന്ന നടപടികൾ ഉണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പറഞ്ഞു.

സമാധാനം പുനഃസ്ഥാപിക്കുന്നതിന് നയതന്ത്ര തലത്തിലും സൈനിക തലത്തിലും ചർച്ചകൾ തുടരേണ്ടതുണ്ട്. നിലവിലെ പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കാൻ നടപടികളുണ്ടാവണം. കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പക്വതയും ആത്മാർഥതയും അനിവാര്യമെന്ന് ഡോവൽ ചൈനീസ് വിദേശമന്ത്രിയോട് ആവശ്യപ്പെട്ടതായി ഉന്നത വൃത്തങ്ങൾ പറഞ്ഞു.

ചൈന സന്ദർശിക്കാൻ ഡോവലിനെ ചൈനീസ് സംഘം ക്ഷണിച്ചിട്ടുണ്ട്. ക്ഷണം സ്വീകരിക്കുന്നതായും നിലവിലെ പ്രശ്നങ്ങൾ പരിഹരിച്ചാൽ ഉടൻ സന്ദർശനം നടത്തുമെന്നും ഡോവൽ അറിയിച്ചു. അതിർത്തി പ്രശ്നം പരിഹരിക്കുന്നതിന് ഇന്ത്യയും ചൈനിയും നിയോഗിച്ച പ്രത്യേക പ്രതിനിധികളാണ് ഡോവലും വാങ്ങും.

ഇന്ത്യചൈന അതിർത്തി പ്രശ്‌നം ആരംഭിച്ചതിനുശേഷം ആദ്യമായാണ് ഇരുരാജ്യങ്ങളുടേയും വിദേശകാര്യ മന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്. രണ്ടുവർഷത്തിനിടെ ആദ്യമായാണ് ഉന്നതതല കൂടിക്കാഴ്ച നടക്കുന്നത്. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷമാണ് വാങ് യി ഇന്ത്യയിലെത്തിയത്.

അഫ്ഗാനിസ്ഥാനിൽ നിന്നും വ്യാഴാഴ്ച യാത്ര തിരിച്ചശേഷം മാത്രമാണ് ഇന്ത്യ സന്ദർശിക്കുന്ന കാര്യത്തിൽ സ്ഥിരീകരണമുണ്ടായത്. ഈ വർഷം അവസാനം ബെയ്ജിങ്ങിൽ നടക്കുന്ന ബ്രിക്‌സ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുന്നതിനുകൂടിയാണ് വാങ് യി എത്തിയത്.



പാക്കിസ്ഥാൻ സന്ദർശനത്തിനിടെ വാങ് യി, കശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ അനുകൂല പരാമർശം നടത്തിയതിനെ ഇന്ത്യ രൂക്ഷമായി വിമർശിച്ചു. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും അതിൽ ചൈന ഇടപെടേണ്ടതില്ലെന്നും ഇന്ത്യ വ്യക്തമാക്കി.

അതേ സമയം ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മമായി ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപ്പറേറ്റേഷനെ (ഒ.ഐ.സി) രൂക്ഷമായി വിമർശിച്ച് ഇന്ത്യ. കഴിഞ്ഞ ദിവസം പാക്കിസ്ഥാനിൽ നടന്ന ഒ.ഐ.സി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ഇന്ത്യക്കെതിരെ ഉയർന്ന പരാമർശങ്ങളുടെ പേരിലാണ് വിമർശനം. അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ് പരമാർശങ്ങളെന്ന് പരാമർശങ്ങളെന്ന് കേുന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു.

ഒ.ഐ.സി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ 48-ാം സമ്മേളനമാണ് പാക്കിസ്ഥാനിൽ നടന്നത്. കശ്മീർ വിഷയത്തിലെ ഇന്ത്യയുടെ നയങ്ങളെക്കുറിച്ച് യോഗത്തിൽ വിമർശനമുയർന്നു. എന്നാൽ യോഗത്തിലെ പ്രസ്താവനകളും പ്രമേയങ്ങളും ഒരു സംഘടനയെന്ന നിലയിൽ ഒ.ഐ.സിയുടെയും അതിനെ കബളിപ്പിക്കുന്ന പാക്കിസ്ഥാന്റെയും അപ്രസക്തിയാണ് വ്യക്തമാക്കുന്നതെന്ന് ഇന്ത്യ തിരിച്ചടിച്ചു.

'വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമായിരുന്നു യോഗത്തിൽ ഇന്ത്യയെക്കുറിച്ചുള്ള പ്രസ്താവനകൾ. മനുഷ്യാവകാശ ലംഘനങ്ങളുടെ പരമ്പര തന്നയുള്ള പാക്കിസ്ഥാനിൽ വെച്ച് ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തെക്കുറിച്ച് പ്രസ്താവന നടത്തുന്നത് വിരോധാഭാസമാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി'. ഇത്തരം നടപടികളോട് സഹകരിക്കുന്ന രാജ്യങ്ങളും ഭരണകൂടങ്ങളും അത് അവരുടെ സൽപ്പേരിനെയായിരിക്കും ബാധിക്കുകയെന്ന് മനസിലാക്കണമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു.

പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇംറാൻ ഖാനും സൗദി അറേബ്യയിലെ വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് രാജകുമാരനും ഉൾപ്പെടെയുള്ളവർ പങ്കെടുത്ത യോഗത്തിൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇത്തവണ പ്രത്യേക അതിഥിയായി പങ്കെടുക്കുകയും ചെയ്തു. ഇതാദ്യമായാണ് ഒ.ഐ.സി യോഗത്തിൽ ചൈനീസ് പ്രതിനിധി അതിഥിയായി പങ്കെടുക്കുന്നത്.