ബേയ്ജിങ്: ദക്ഷിണ ചൈനാ കടലിൽ യുഎസ്-ചൈന സംഘർഷം അതിരൂക്ഷതയിലേക്ക്. ചൈന നാല് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തതാണ് ഇതിന് കാരണം. 2019-ലും ചൈന സമാനമായ പരീക്ഷണം നടത്തിയിരുന്നു. ചൈനീസ് മേഖലയിൽ യുഎസ് ചാരവിമാനം നിരീക്ഷണപ്പറക്കൽ നടത്തിയെന്ന് ചൈന കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയുടെ മിസൈൽ പരീക്ഷണം. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ചൈന ഇടപെടുകയാണെന്നും ജോ ബൈഡനെ വിജയിപ്പിക്കാനാണ് ചൈന ശ്രമിക്കുന്നതെന്നുമാണു പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആരോപണം. ഈ സാഹചര്യത്തിലാണ് ട്രംപ് കടുത്ത നടപടികൾ എടുക്കുന്നത്.

തർക്ക മേഖലയിൽ ഔട്ട്പോസ്റ്റുകൾ നിർമ്മിക്കാൻ സഹായിച്ച ചൈനീസ് കമ്പനികൾക്കെതിരെ ട്രംപ് ഭരണകൂടം നടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചൈന ദക്ഷിണ ചൈനാ കടലിൽ നാല് മധ്യദൂര ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തത്. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ സൈനികഅഭ്യാസത്തിന്റെ ഭാഗമായിരുന്നു നടപടി. ഹൈനാൻ ദ്വീപിനും പരാസെൽ ദ്വീപിനുമിടയ്ക്ക് കടലിലാണ് മിസൈലുകൾ പതിച്ചത്. അമേരിക്കയുടെ വാദങ്ങൾ അംഗീകരിക്കില്ലെന്ന സൂചനയാണ് ഇതിലൂടെ ചൈന നൽകുന്നത്. അതിനിടെ അതിർത്തിയിൽ ചൈന സൈനിക സന്നാഹം കൂട്ടുന്ന സാഹചര്യത്തിൽ ഇന്ത്യയും തുല്യരീതിയിൽ ഒരുങ്ങുന്നു.

ദക്ഷിണ ചൈനാ കടൽ മേഖലയിൽ ഏതു ഭീഷണിയും നേരിടാൻ യുഎസ് സൈന്യം സജ്ജമാണെന്ന് യുഎസ് നാവിക സേനാ വൈസ് അഡ്‌മിറൽ സ്‌കോട്ട് ഡി കോൺ പറഞ്ഞു. വിവാദ സമുദ്രമേഖലയിൽ ചൈനീസ് സൈന്യത്തെ സഹായിച്ച 24 കമ്പനികൾക്കെതിരെയാണ് ബുധനാഴ്ച അമേരിക്ക വാണിജ്യ, വീസ നിയന്ത്രണങ്ങൾ നടപ്പിലാക്കിയത്. ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ്ങിന്റെ അഭിമാന പദ്ധതിയായ 'ബെൽറ്റ് ആൻഡ് റോഡ്' പദ്ധതിയിലെ ഏറ്റവും വലിയ നിർമ്മാതാക്കളായ ചൈന കമ്യൂണിക്കേഷൻസ് കൺസ്ട്രക്ഷൻ കമ്പനിയും ഉപരോധ പട്ടികയിലുണ്ട്. ഉപരോധത്തോടെ ചൈനീസ് കമ്പനികളുടെ ഓഹരിനിലവാരം ഇടിഞ്ഞു.

വിയറ്റ്നാം, മലേഷ്യ, തയ്വാൻ, ബ്രൂണെയ് തുടങ്ങിയ രാജ്യങ്ങൾ അവകാശവാദം ഉന്നയിക്കുന്ന ദക്ഷിണ ചൈന കടലിലെ യുഎസ് സൈനിക ഇടപെടലുകൾക്കു മറുപടിയായി ചൈനയുടെ സൈനികാഭ്യാസം. ചൈന അവരുടേതെന്ന് അവകാശപ്പെടുന്ന സ്പ്രാറ്റി ദ്വീപിനു മുകളിലൂടെ ചൈനീസ് യുദ്ധവിമാനങ്ങൾ വട്ടമിട്ടു പറന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പീപ്പിൾസ് ലിബറേഷൻ ആർമി പാരസെൽ ദ്വീപിൽ സൈനിക പരിശീലനം നടത്തുന്നുവെന്നും ഈ പരിശീലനം മേഖലയിലെ മറ്റു രാജ്യങ്ങൾക്ക് ഭീഷണിയാണെന്നും ആരോപിച്ചാണ് മേഖലയിൽ യുഎസ് സൈനിക നീക്കം ശക്തമാക്കിയത്. അമേരിക്കയുടെ പടക്കപ്പലുകൾ വെല്ലുവിളിയുമായി എത്തിയതോടെയാണു ശക്തമായ മുന്നറിയിപ്പുമായി ചൈന രംഗത്തെത്തിയത്. ദക്ഷിണ ചൈന കടലിന്റെ ഭൂരിഭാഗവും തങ്ങളുടെ അധീനതയിലാണെന്നും ഇവിടത്തെ ദ്വീപുകൾ തങ്ങളുടേതാണെന്നുമുള്ള ചൈനയുടെ അവകാശവാദത്തെ ബ്രൂണെയ്, മലേഷ്യ, ഫിലിപ്പീൻസ്, തയ്വാൻ, വിയറ്റ്‌നാം എന്നീ രാജ്യങ്ങൾ എതിർക്കുന്നതാണ് ഇവിടെ സംഘർഷം മുറുകാൻ കാരണം. വൻതോതിൽ എണ്ണ, വാതക നിക്ഷേപമുള്ളതാണ് ഈ മേഖല. വിലപിടിച്ച വ്യാപാരപാത കൂടിയാണ് ഇവിടം

ചൈന മേഖലയിൽ യുഎസ് നടത്തുന്ന ഇടപെടലുകളിൽ അസ്വസ്ഥരാണ്. ദക്ഷിണ ചൈന കടൽ ചൈനയുടെ സമുദ്ര സാമ്രാജ്യമല്ലെന്നും രാജ്യാന്തര നിയമം ലംഘിക്കുകയാണെന്നുമുള്ള യുഎസ് മുന്നറിയിപ്പ് അവഗണിച്ചാണ് മേഖലയിൽ ചൈന ചുവടുറപ്പിക്കുന്നത്. ദക്ഷിണ ചൈന കടലിലെ സമുദ്രാതിർത്തികളിൽ മിക്കതിലും ചൈനീസ് അവകാശവാദത്തെ നിരസിക്കുന്ന നിലപാടാണ് യുഎസ് ഇതുവരെ സ്വീകരിച്ചിരുന്നത്. ദക്ഷിണ ചൈനാ കടലിൽ ചൈന സ്ഥാപിച്ച കൃത്രിമ ദ്വീപുകൾ പിടിച്ചെടുക്കുമെന്ന് നേരത്തേ അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യാന്തര പാതകൾ കടന്നു പോകുന്ന ഇടമായതിനാലും ധാരാളം മത്സ്യസമ്പത്തുള്ളതിനാലുമാണ് ചൈന ഈ പ്രദേശം നോട്ടമിടുന്നതെന്നും മറ്റു രാജ്യങ്ങളുടെ മത്സ്യബന്ധനം അടക്കമുള്ള പ്രവർത്തനങ്ങളെ ബാധിക്കുന്ന ചൈനയുടെ ഇത്തരം പ്രവൃത്തികൾ അംഗീകരിക്കാൻ സാധിക്കില്ലെന്നും യുഎസ് മുൻപു വ്യക്തമാക്കിയിരുന്നു. ദക്ഷിണ ചൈനാ കടലിനെ തങ്ങളുടെ സമുദ്രസാമ്രാജ്യമാക്കാൻ ചൈനയെ അനുവദിക്കില്ലെന്നും യുഎസ് പറയുന്നു.

ദക്ഷിണ ചൈനാ കടലിൽ ചൈനീസ് അവകാശവാദം ഒരു തരത്തിലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് അമേരിക്ക. കഴിഞ്ഞ മാസം ആദ്യമായി ചൈനയുടെ അവകാശവാദം തള്ളിയ ട്രംപ് ഭരണകൂടം മേഖലയിലേക്ക് വിമാനവാഹിനി കപ്പലുകൾ അയയ്ക്കുകയും ചെയ്തിരുന്നു. ഈ യുദ്ധ സാഹചര്യത്തിലാണ് ഇന്ത്യയും കരുതലെടുക്കുന്നത്. തോളിൽ വച്ചു വിക്ഷേപിക്കാവുന്ന മിസൈലുകൾ അടക്കം സന്നാഹങ്ങളുമായി കിഴക്കൻ ലഡാക്കിലെ അതിർത്തികളിൽ ഇന്ത്യ സൈനികരെ വിന്യസിച്ചു. സെപ്റ്റംബർ പകുതിയോടെ തണുപ്പു മൂലം ഇരുപക്ഷവും ഈ ഭാഗത്തു നിന്നു പിന്മാറാറുണ്ട്. എന്നാൽ ഇത്തവണ ശീതകാലത്തും സൈനിക സന്നാഹം ശക്തമായി തുടരും.

ജൂണിൽ ഗാൽവനിലെ സംഘർഷത്തിനു ശേഷം പലവട്ടം സൈനിക, നയതന്ത്ര ചർച്ചകൾ നടത്തിയെങ്കിലും ചൈനീസ് പട്ടാളം ഇപ്പോഴും തുടരുന്നുവെന്നാണു സൂചന. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ നീക്കം. 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിക്കാനിടയായ ആക്രമണം നടന്ന ഗാൽവനിൽ നിന്ന് പിന്മാറിയെങ്കിലും പാംഗ്ഗോങ് മലനിരകളിലും ഡെപ്‌സാങിലും ചൈനീസ് സൈന്യം തുടരുകയാണ്. ഇന്ത്യയുടെ അതിർത്തിയിൽ 8 കിലോമീറ്ററോളം ചൈന കടന്നു കയറിയെന്നു റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, ഇന്ത്യൻ അതിർത്തി ലംഘിക്കപ്പെട്ടിട്ടില്ല എന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.

നിയന്ത്രണ രേഖയോടു ചേർന്ന ടിബറ്റ് മേഖലയിലെ ഗ്യാന്റ്‌സെയിൽ പീപ്പിൾസ് ലിബറേഷൻ ആർമി മിസൈലുകളടക്കം സ്ഥാപിച്ചു വൻ സൈനിക സന്നാഹം നടത്തുന്നതായി സാറ്റലൈറ്റ് ചിത്രങ്ങളിലുണ്ട്. വ്യോമാക്രമണം തടുക്കുന്നതിനുള്ള മിസൈലുകളാണു ഗ്യാന്റ്‌സെയിൽ ചൈന എത്തിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇന്ത്യയും സൈനിക വിന്യാസം ശക്തമാക്കുന്നത്. 2 മുതൽ 5 കിലോമീറ്റർ വരെ ദൂരെ ആക്രമണം നടത്താനും ഹെലികോപ്റ്ററുകളും താഴ്ന്നു പറക്കുന്ന വിമാനങ്ങളും വീഴ്‌ത്താനും കഴിയുന്ന മിസൈലുകളാണ് ഇന്ത്യ സജ്ജമാക്കിയത്.

വ്യോമസേന മുൻനിര യുദ്ധവിമാനങ്ങളായ സുഖോയ് 30, ജാഗ്വർ, മിറാഷ് 2000 എന്നിവ ലേ, ശ്രീനഗർ താവളങ്ങളിൽ സജ്ജമാക്കി. സൈനികരെ എത്തിക്കാൻ അപ്പാച്ചി, ചിനൂക്ക് ഹെലികോപ്റ്ററുകളും സജ്ജം.