ന്യൂഡൽഹി: കഴിഞ്ഞ ആഴ്‌ച്ച ആദായനികുതി വകുപ്പു അറസ്റ്റു ചെയ്ത ചൈനക്കാരൻ ചാർലീ പെങിനെ(42) കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്തുവന്നു. ഇയാൾ ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയെ നിരീക്ഷിക്കാൻ വേണ്ടി ശ്രമിച്ചിരുന്നു എന്നാണ് പുറത്തുവരുന്ന വാർത്തകൾ. ലാമയെ നിരീക്ഷിക്കാൻ വേണ്ടി അദ്ദേഹത്തിന്റെ അയുനായികൾക്ക് പണം നൽകിയിരുന്നതായുള്ള വിവരങ്ങളാണ് വരുന്നത്. ഇയാളുമായി ബന്ധമുള്ള ഉദ്യോഗസ്ഥരെ കുറിച്ചുള്ള വിവരങ്ങളും പൊലീസ് തേടി വരികയാണ്. ഇയാളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരെ ആദായ നികുതി വകുപ്പ് ചോദ്യംചെയ്തപ്പോഴാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ചൈനീസ് ചാരനാണോ എന്ന സംശയവും ഇതോടെ ബലപ്പെട്ടി്ടുണ്ട്.

ഡൽഹിയിലുള്ള ചില ലാമമാർക്ക് മൂന്നുലക്ഷം രൂപയോളം നൽകി ദലൈ ലാമയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. നിരവധി തവണ ഇയാൾ പായ്ക്കറ്റുകളിൽ പണം കൈമാറിയെന്നാണ് വിവരം. രാജ്യത്ത് അടുത്തിടെ നിരോധിച്ച ചൈനീസ് ആപ്പായ വീ ചാറ്റിലൂടെ ആയിരുന്നു ഇയാളുടെ ആശയവിനിമയം. ഇയാളുടെ പ്രവർത്തനം സംബന്ധിച്ച് ലഭിച്ച സുപ്രധാന വിവരങ്ങൾ ആദായനികുതി വകുപ്പ് രാജ്യത്തെ മറ്റ് അന്വേഷണ ഏജൻസികൾക്കും കൈമാറിയിട്ടുണ്ട്.

രാജ്യാന്തര കള്ളപ്പണം വെളുപ്പിക്കൽ സംഘത്തിൽപ്പെട്ടവരെ കഴിഞ്ഞയാഴ്ചയാണ് രാജ്യതലസ്ഥാനത്തുനിന്ന് പിടികൂടിയത്. നിരവധി ചൈനക്കാരുടെയും അവരുടെ സഹായികളുടെയും കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയ ആദായ നികുതി വകുപ്പ് അധികൃതർ നിരവധി രേഖകളും കമ്പ്യൂട്ടറുകളും 70 ലക്ഷത്തോളം രൂപയും പിടിച്ചെടുത്തിരുന്നു. ഡൽഹി, ഗുരുഗ്രാം, ഗസ്സിയാബാദ് എന്നിവിടങ്ങളിലാണ് റെയ്ഡുകൾ നടന്നത്. കടലാസ് കമ്പനികളുടെ പേരിൽ ലുവോ സാങ് അടക്കമുള്ള ഡൽഹിയിലെ ചൈനക്കാർ തട്ടിപ്പ് നടത്തിയതായാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ. ഇവരുടെ സ്ഥാപനങ്ങളിലും കേന്ദ്രങ്ങളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ചൊവ്വാഴ്ചത്തെ റെയ്ഡിലാണ് ലുവോ സാങ്ങിനെ അറസ്റ്റ് ചെയ്തത്. 2018ൽ രജിസ്റ്റർ ചെയ്ത ചാരവൃത്തി കേസിലെ പ്രതിയാണ് ഇയാളെന്നും നിലവിൽ ജാമ്യത്തിലാണെന്നും ഡൽഹി പൊലീസ് പറയുന്നു.

2014ൽ നേപ്പാൾ വഴിയാണ് ഇയാൾ ഇന്ത്യയിലെത്തിയത്. ഒരു മിസോറാംകാരിയെ വിവാഹം കഴിച്ചു. വ്യാജ ഇന്ത്യൻ പാസ്‌പോർട്ട് മണിപ്പൂരിൽ നിന്നുണ്ടാക്കി. ആധാർ കാർഡും പാൻ കാർഡും നേടി. ഓഫീസിൽ ജോലി ചെയ്യുന്നവർ വഴിയാണ് ടിബറ്റൻ സന്യാസിമാർക്ക് കൈക്കൂലി നൽകിയത്. പണം കൈമാറിയവർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനീസ് ആപ്പ് ആയ വീ ചാറ്റിലാണ് ഇവർ കമ്മ്യൂണിക്കേഷൻ നടത്തിയതെന്നും അധികൃതർ പറയുന്നു. ലഡാക്കിലെ ഗാൽവാൻ വാലിയിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിനെ തുർന്ന് വീ ചാറ്റ് അടക്കം 59 ചൈനീസ് മൊബൈൽ ആപ്പുകൾക്ക് ഇന്ത്യ നിരോധനമേർപ്പെടുത്തിയിരുന്നു.

ഡൽഹിയിലെ ഒരു ചാർട്ടേഡ് അക്കൗണ്ട് ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ്. പണത്തട്ടിപ്പിൽ ഇയാൾ സഹായം നൽകിയതായി ആദായനികുതി വകുപ്പ് കരുതുന്നു. ഇയാളെ ചോദ്യം ചെയ്യുന്നുണ്ട്. അതേസമയം അറസ്റ്റ് ചെയ്തിട്ടില്ല. 40ലധികം ബാങ്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നുണ്ട്. ഈ ബാങ്ക് അക്കൗണ്ടുകൾ വഴി 300 കോടിയിലധികം രൂപ ട്രാൻസാക്ഷൻ ചെയ്തതായാണ് കണ്ടെത്തൽ. ചൈനീസ് കമ്പനികളുടെ പേരിലാണ് പണമയച്ചത്. പല ട്രാൻസാക്ഷനുകളും ഹോങ്കോങ്ങ് വഴിയാണ് നടത്തിയിരിക്കുന്നത്. ട്രാൻസാക്ഷൻ നടത്തിയ ബാങ്ക് അക്കൗണ്ടുകൾ ആദായനികുതി വകുപ്പ് മരവിപ്പിച്ചു. ബാങ്ക് ഉദ്യോഗസ്ഥരടക്കം ഉൾപ്പെട്ട തട്ടിപ്പാണ് നടന്നിരിക്കുന്നത് എന്നാണ് ആദാനനികുതി വകുപ്പിന്റെ നിഗമനം.

പല ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണ്. വലിയ ചൈനീസ് കമ്പനികൾ ചെറീയ ചൈനീസ് കമ്പനികൾക്കായി വ്യാജ പർച്ചേസ് ഓർഡറുകൾ ഇഷ്യൂ ചെയ്തതായും വ്യാജ ബില്ലുകൾ തയ്യാറാക്കിയതായും കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലെ ചില്ലറവ്യാപാര മേഖലയിൽ പ്രവേശനത്തിനായി ഷെൽ കമ്പനികളിൽ നിന്ന് 100 കോടി രൂപ ചൈനീസ് കമ്പനികൾ അഡ്വാൻസ് ആയി വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്.

മെഡിക്കൽ - ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഇറക്കുമതിയുടെ മറവിലായിരുന്നു ഇതെല്ലാം. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കേസുകളിൽ 2018 സെപ്റ്റംബറിലും ചാർലിയെ ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ അറസ്റ്റു ചെയ്തിരുന്നു.