കൊച്ചി: തെലുങ്ക് സിനിമയില്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ച സിനിമയാണ് ലക്കി ഭാസ്‌ക്കര്‍. ദുല്‍ഖറിന്റേതായി ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ച ചിത്രം ബോക്‌സോഫീസിലും തിളങ്ങി. ഇതോടെ ആത്മവിശ്വാസത്തോടെ മലയാളത്തിലേക്ക് തിരികെ വരാന്‍ ഒരുങ്ങുകയാണ് ദുല്‍ഖര്‍. പറവക്കുശേഷം സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകും.

പൂര്‍ണമായും കൊച്ചിയുടെ പശ്ചാത്തലത്തില്‍ ബൈക്ക് റേസിന് ചുറ്റിപ്പറ്റിയാണ് സൗബിന്‍ ഷാഹിര്‍ രണ്ടാമത്തെ സംവിധാന സംരംഭം ഒരുക്കുന്നത്. കൊച്ചി ഫ്രീക്കനായാണ് ദുല്‍ഖര്‍ കഥാപാത്രം എത്തുന്നത്, നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിനുശേഷം സൗബിന്‍ ഷാഹിറിന്റെ ചിത്രത്തില്‍ അഭിനയിക്കാനാണ് ദുല്‍ഖറിന്റെ തീരുമാനം.

സമീര്‍ താഹിറാണ് ദുല്‍ഖര്‍-സൗബിന്‍ ചിത്രത്തിന്റെ ഛായാഗ്രഹണം. വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ആണ് നിര്‍മ്മാണം. പറവയിലും ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രവും വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനാണ് നിര്‍മ്മാണം. തമിഴ് നടന്‍ എസ്.ജെ. സൂര്യയാണ് പ്രതിനായകന്‍. എസ്.ജെ. സൂര്യയുടെ മലയാളം അരങ്ങേറ്റം കൂടിയാണ്. മലയാളത്തിലും തെലുങ്കിലുമായി ഒരുങ്ങുന്ന ചിത്രത്തില്‍ ആന്റണി വര്‍ഗീസാണ് മറ്റൊരു പ്രധാന താരം.

തെലുങ്കിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ വൈജയന്തി മൂവീസും നിര്‍മ്മാണ പങ്കാളിയാണ്. അതേസമയം തെലുങ്കില്‍ ദുല്‍ഖറിന്റെ താരമൂല്യം കുതിച്ചുയര്‍ന്നു. വെങ്കി അട്‌ലൂരി സംവിധാനം ചെയ്തു ലക്കി ഭാസ്‌ക്കര്‍ ആണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അവസാനം റിലീസ് ചെയ്ത ചിത്രം. തെലുങ്കില്‍ സീതാരാമത്തിനുശേഷം മറ്റൊരു ദുല്‍ഖര്‍ ചിത്രം കൂടി വിജയഭേരി മുഴക്കുന്നു. ഒടിടിയിലും ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.