- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബീഫ് എന്ന് കേട്ടയുടന്‍ വാളെടുത്തു; ഐഎഫ്എഫ്‌കെയെ ഞെരിച്ചുകൊല്ലാന്‍ കേന്ദ്രത്തിന്റെ ശ്രമം; ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റത്തിനുമുന്നില്‍ ഐഎഫ്എഫ്‌കെ മുട്ടുമടക്കില്ല: മുഖ്യമന്ത്രി
ബീഫ് എന്ന് കേട്ടയുടന്‍ വാളെടുത്തു; ഐഎഫ്എഫ്‌കെയെ ഞെരിച്ചുകൊല്ലാന്‍ കേന്ദ്രത്തിന്റെ ശ്രമം
തിരുവനന്തപുരം: 30-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ വിവിധ സിനിമകള്‍ക്ക് പ്രദര്‍ശന അനുമതി നിഷേധിച്ച കേന്ദ്രവാര്‍ത്താവിനിമ പ്രക്ഷേപണ മന്ത്രാലയത്തിന്റെ തീരുമാനം അപഹാസ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മേളയ്ക്ക് ഇത്തവണ അസാധാരണമായ പ്രതിസന്ധികള്‍ സൃഷ്ടിച്ചത് കേന്ദ്രമാണ്. 19 സിനിമകള്‍ക്ക് പ്രദര്‍ശന അനുമതി നിഷേധിച്ചുകൊണ്ട് മേളയുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേല്‍ കടന്നുകയറി.
പത്തോളം സിനിമകളുടെ പ്രദര്‍ശനം ആദ്യദിവസം റദ്ദാക്കേണ്ടിവന്നു. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് 13 സിനിമകള്‍ക്ക് പ്രദര്‍ശന അനുമതി ലഭിച്ചു. ഭിന്നസ്വരങ്ങളെയും വൈവിധ്യമായ സര്‍ഗാവിഷ്‌കാരങ്ങളെയും അടിച്ചമര്‍ത്തുന്ന സംഘപരിവാര്‍ നയങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഐഎഫ്എഫ്‌കെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ബീഫ് എന്ന പേരിലുള്ള സ്പാനിഷ് സിനിമയ്ക്ക് അനുമതി നിഷേധിച്ചു. എന്താണ് അതിന് കാരണം? ബീഫ് എന്നാല്‍ അവര്‍ക്ക് ഒരു അര്‍ത്ഥമേയുള്ളു. ബീഫ് എന്ന ഭക്ഷണ പദാര്‍ത്ഥവുമായി സിനിമയ്ക്ക് ഒരു ബന്ധവുമില്ലായിരുന്നു. സ്പാനിഷ് ജനപ്രിയ സം?ഗീതമായ ഹിപ്‌ഹോപ്പുമായി ബന്ധപ്പെട്ടതാണ് ആ സിനിമ. ഹിപ്‌ഹോപ്പ് സംസ്‌കാരത്തില്‍ ബീഫ് എന്നാല്‍ പോരാട്ടം, കലഹം എന്നൊക്കെയാണ് അര്‍ത്ഥം. ഇത് തിരിച്ചറിയാതെ ഇവിടുത്തെ ബീഫ് ആണെന്ന് കരുതി വാളെടുക്കുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍. എത്ര പരിഹാസ്യമാണിത്.
ലോകക്ലാസിക് ആയ ബാറ്റില്‍ഷിപ് പൊട്ടെംകിന്‍ ഉള്‍പ്പെടെയുള്ള സിനിമകള്‍ക്ക് പ്രദര്‍ശന അനുമതി നിഷേധിച്ചു. ലോകസിനിമയെക്കുറിച്ചുള്ള കേന്ദ്രഭരണ സംവിധാനത്തിന്റെ അജ്ഞതയുടെ നിര്‍ലജ്ജമായ പ്രകടനമായി വേണം നടപടിയെ കാണാം. ഏതൊക്കെ സിനിമാ പ്രവര്‍ത്തകര്‍ കേരളത്തില്‍ വരണം എന്നതില്‍പോലും കേന്ദ്രസര്‍ക്കാര്‍ കൈകടത്തുന്നു.
ഇത് കേവലം ചില ഉദ്യോഗസ്ഥരുടെ സാങ്കേതിക നടപടിയല്ല. 30 വര്‍ഷം പ്രായമായ ഐഎഫ്എഫ്‌കെയെ ഞെരിച്ചുകൊല്ലാനുള്ള ശ്രമമാണ്. ഇത് തിരിച്ചറിഞ്ഞാണ് കൃത്യമായ നിലപാട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. അനുമതി നിഷേധിച്ച എല്ലാ സിനിമകളും വിലക്ക് മറികടന്ന് പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനം അതിന്റെ ഭാഗമാണ്. ജനാധിപത്യവിരുദ്ധമായ ഏത് ഫാസിസ്റ്റ് നടപടിയെയും ചെറുത്തുകൊണ്ട് ഐഎഫ്എഫ്‌കെ ഇവിടെ തന്നെയുണ്ടാകും. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റത്തിനുമുന്നില്‍ ഐഎഫ്എഫ്‌കെ മുട്ടുമടക്കില്ല.- മുഖ്യമന്ത്രി പറഞ്ഞു.




