- HOME
 - NEWS
 - POLITICS
 - SPORTS
 - CINEMA
 - CHANNEL
 - MONEY
 - RELIGION
 - INTERVIEW
 - SCITECH
 - OPINION
 - FEATURE
 - MORE
 
യോഗത്തില്‍ വാളുമാിയ ചിത്രമെടുക്കാന്‍ ആവശ്യപ്പെട്ട് ആരാധകന്‍; ദേഷ്യപ്പെട്ട് കമല്ഹാസന്
യോഗത്തില്‍ വാളുമാിയ ചിത്രമെടുക്കാന്‍ ആവശ്യപ്പെട്ട് ആരാധകന്‍
ചെന്നൈ: മക്കള്‍ നീതി മയ്യത്തിന്റെ യോഗത്തില്‍ തന്നെ കാണാന്‍ വാളുമായെത്തിയ ആരാധകനോട് ദേഷ്യപ്പെട്ട് കമല്‍ഹാസന്‍. വാളുമേന്തി ചിത്രമെടുക്കണമെന്ന് ആരാധകന്‍ ആവശ്യപ്പെട്ടതാണ് കമല്‍ഹാസനെ ചൊടിപ്പിച്ചത്. കമല്‍ഹാസന്‍ തമിഴ്‌നാട്ടില്‍ നിന്ന് രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന്റെ യോഗം നടന്നത്.
നിരവധി ആരാധകര്‍ അദ്ദേഹത്തെ കാണാനെത്തിയിരുന്നു. കമല്‍ വേദിയില്‍ നില്‍ക്കുമ്പോള്‍ ഒരാരാധകന്‍ വാളുമായി അദ്ദേഹത്തെ സമീപിച്ചു. വാള്‍ ഉറയില്‍ നിന്ന് പുറത്തെടുത്ത് അത് പിടിച്ച് പോസ് ചെയ്യാന്‍ ഇയാള്‍ കമലിനോട് ആവശ്യപ്പെട്ടു. ആദ്യം കമല്‍ പുഞ്ചിരിക്കുകയും വാള്‍ പിടിച്ചുകൊണ്ട് തലയാട്ടുകയും ചെയ്തു.
എന്നാല്‍ ആരാധകന്‍ വീണ്ടും നിര്‍ബന്ധിക്കുകയും വാളിന്റെ ഉറയുടെ കെട്ട് അഴിക്കാന്‍ ശ്രമിക്കുകയുംചെയ്തു. വാളുമായി പോസ് ചെയ്യാന്‍ ഇയാള്‍ വീണ്ടും നിര്‍ബന്ധിച്ചപ്പോള്‍ കമല്‍ഹാസന് ദേഷ്യം വരികയും ആരാധകനേയും സുഹൃത്തുക്കളെയും ശാസിക്കുകയും ചെയ്തു. ആളുകളോട് സംസാരിക്കുമ്പോള്‍ കമല്‍ മുന്നോട്ട് കൈ ചൂണ്ടുന്നത് പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. ഇതിനിടെ ആരാധകനെ പിന്തിരിപ്പിക്കാന്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഇടപെടുന്നുമുണ്ട്.
കമല്‍ തലയാട്ടുകയും ആരാധകസംഘത്തോട് മുന്നോട്ട് പോകാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. നിരവധി പ്രതികരണങ്ങളാണ് വീഡിയോക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. വാള്‍ സമ്മാനമായി ലഭിച്ചപ്പോള്‍ എന്തുകൊണ്ടാണ് കമല്‍ഹാസന്‍ ദേഷ്യപ്പെട്ടതെന്ന് പറയണമെന്നാണ് ഒരാള്‍ പ്രതികരിച്ചത്. മറ്റുള്ളവരെപ്പോലെ വാളുയര്‍ത്തി അദ്ദേഹത്തിന് ഒരു ചിത്രം എടുക്കാമായിരുന്നെങ്കിലും അദ്ദേഹമത് ചെയ്തില്ല, നല്ല രാഷ്ട്രീയക്കാരന്‍. അദ്ദേഹം തന്റെ തത്വങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. വാള്‍ താഴെയായിരിക്കണം, പുസ്തകവും പേനയുമാണ് കയ്യില്‍ വേണ്ടത് എന്നെല്ലാമാണ് മറ്റുകമന്റുകള്‍.




